'ആളുകൾ വ്യാപകമായി തല ചുറ്റി വീഴുന്നു, ആരോഗ്യ അടിയന്തരസ്ഥ പ്രഖ്യാപിക്കണം' ബ്രഹ്മപുരം പ്രശ്‌നത്തിൽ വി.ഡി സതീശൻ

പ്ലാൻറിൽ പെട്രോൾ ഒഴിച്ചാണ് മാലിന്യം കത്തിച്ചതെന്നും ഈ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ലെന്നും പ്രതിപക്ഷ നേതാവ്

Update: 2023-03-08 06:47 GMT

 VD Satheesan

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാൻറിന് തീപിടിച്ചത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കാണ് ഇടവരുത്തിയതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞത് തെറ്റാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രദേശത്ത് ആളുകൾ വ്യാപകമായി തല ചുറ്റി വീഴുകയാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളും നിഷ്‌ക്രിയമാണെന്നും അദ്ദേഹം വിമർശിച്ചു. പ്ലാൻറിൽ പെട്രോൾ ഒഴിച്ചാണ് മാലിന്യം കത്തിച്ചതെന്നും ഈ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മാലിന്യം നീക്കാതിരിക്കുകയും അത് പരിശോധിക്കാനെത്തിയപ്പോൾ തീയിട്ടിരിക്കുകയാണെന്നും ഇത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertising
Advertising

പ്രദേശത്ത് ആശുപത്രിക്ക് അകത്ത് വരെ പുകയാണെന്നും എന്നാൽ വിഷയം സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണ കരാറുമായി ബന്ധപ്പെട്ട് ഗുരുതര അഴിമതി നടന്നിട്ടുണ്ടെന്നും എന്നാൽ സംസ്ഥാന സർക്കാർ വേണ്ടപ്പെട്ടവരെ സംരക്ഷിക്കുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു. തീയണയ്ക്കാൻ വൈദഗ്ദ്യമുള്ള ആളുകളെ കൊണ്ടുവരണമെന്നും സർക്കാർ ഇനിയും നിഷ്‌ക്രിയമായിരുന്നാൽ കോൺഗ്രസ് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സ്ത്രീകളെന്ന പരിഗണന പോലും നൽകാതെ മാധ്യമ പ്രവർത്തകർക്കെതിരെ സിപിഎം സൈബർ ആക്രമണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പെൺകുട്ടികൾ പാൻറും ഷർട്ടും ഇട്ട് സമരത്തിന് ഇറങ്ങിയെന്ന ഇപി ജയരാജന്റെ പരാമർശം സ്ത്രീ വിരുദ്ധമാണെന്നും എന്നാലിതിന് എതിരെ ഒരു വനിതാ നേതാവ് പോലും പ്രതികരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെൺകുട്ടികൾക്ക് പാൻറും ഷർട്ടും ധരിക്കാനും മുടി ക്രോപ്പ് ചെയ്യാനും സമരത്തിനറങ്ങാനും പാടില്ലേയെന്നും വി.ഡി സതീശൻ ചോദിച്ചു. വനിത ദിനത്തിലുള്ള സന്ദേശമായി ജയരാജന്റെ വാക്കുകൾ കണ്ടാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു.


Full View

Leader of the Opposition VD Satheesan said that the fire at the Brahmapuram waste plant has caused serious health problems.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News