'എത്തിക്‌സ് പാലിച്ചില്ല'; എയര്‍ ഇന്ത്യ 1000 ജീവനക്കാരെ പുറത്താക്കി

ചിലവ് ചുരുക്കല്‍ നടപടികളിലേക്ക് എയര്‍ ഇന്ത്യ കടക്കുകയാണെന്ന സൂചനകള്‍ കമ്പനി നേരത്തെ തന്നെ നല്‍കിയിരുന്നു. റൂട്ടുകള്‍ വെട്ടിച്ചുരുക്കിയും ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ചും ചിലവ് ചുരുക്കല്‍ നടപ്പിലാക്കാനാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്

Update: 2026-05-10 13:16 GMT

ന്യൂഡല്‍ഹി: എത്തിക്‌സ് പാലിക്കാത്തതിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1000 ജീവനക്കാരെ പുറത്താക്കിശെയന്ന് എയര്‍ ഇന്ത്യ. വിനോദത്തിന് വേണ്ടിയുള്ള സൗജന്യയാത്ര ദുരുപയോഗം ചെയ്തത് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. കമ്പനി സിഇഒ കാംബെല്‍ വില്‍സണാണ് ഇക്കാര്യം അറിയിച്ചത്.

കമ്പനിയുടെ ചട്ടങ്ങള്‍ പാലിക്കാത്തതിന് ഓരോ വര്‍ഷവും നിരവധി ജീവനക്കാരേയാണ് പുറത്താക്കേണ്ടി വരുന്നതെന്നും സിഇഒ വിശദീകരിച്ചു. വിമാനത്തിലേക്ക് കൃത്രിമമായി സാധനങ്ങള്‍ കൊണ്ടുവരിക, ചാര്‍ജ് ഈടാക്കാതെ അധിക ബാഗേജ് അനുവദിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ജീവനക്കാര്‍ക്കെതിരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Advertising
Advertising

കമ്പനിയുടെ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള വിനോദയാത്ര പദ്ധതി ദുരുപയോഗം ചെയ്ത സംഭവത്തില്‍ 4,000 പേര്‍ക്കെതിരെയാണ് അച്ചടക്കനടപടിയെടുത്തത്.

ഈ വര്‍ഷം ജീവനക്കാരെ സംബന്ധിച്ചടുത്തോളം ബുദ്ധിമുട്ടേറിയ വര്‍ഷമായിരിക്കുമെന്നും എയര്‍ ഇന്ത്യ സിഇഒ സൂചന നല്‍കി. മിഡില്‍ഈസ്റ്റിലെ സാഹചര്യത്തിന് അനുസരിച്ച് ജീവനക്കാരുടെ സാഹചര്യവും മാറിയേക്കുമെന്ന സൂചനകളും കമ്പനി സിഇഒ നല്‍കിയിട്ടുണ്ട്.

അതേസമയം, ചിലവ് ചുരുക്കല്‍ നടപടികളിലേക്ക് എയര്‍ ഇന്ത്യ കടക്കുകയാണെന്ന സൂചനകള്‍ കമ്പനി നേരത്തെ തന്നെ നല്‍കിയിരുന്നു. റൂട്ടുകള്‍ വെട്ടിച്ചുരുക്കിയും ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ചും ചിലവ് ചുരുക്കല്‍ നടപ്പിലാക്കാനാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്.

മിഡില്‍ ഈസ്റ്റിലെ യുദ്ധം മൂലമുള്ള വിമാനഇന്ധനത്തിന്റെ വിലക്കയറ്റം മൂലം കനത്ത പ്രതിസന്ധിയാണ് കമ്പനി അഭിമുഖീകരിക്കുന്നത്. നിലവില്‍ എയര്‍ ഇന്ത്യയും, എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് 20,000 കോടിയുടെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News