ക്രൂഡോയില്‍ കുതിച്ചതിന് പിന്നാലെ സ്വര്‍ണവില ഇടിഞ്ഞു

സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.8 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,678.39 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കിലും 0.9 ശതമാനത്തിന്റെ ഇടിവുണ്ടായി. വില 4,486.20 ഡോളറായാണ് കുറഞ്ഞത്

Update: 2026-05-11 05:24 GMT

കൊച്ചി: സ്വര്‍ണം സംബന്ധിച്ച മോദിയുടെ പ്രസ്താവനക്ക് പിന്നാലെ കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,945 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 160 രൂപയുടെ കുറവുണ്ടായി. 1,11,560 രൂപയായാണ് പവന്റെ വില കുറഞ്ഞത്. രാജ്യാന്തര വിപണികളിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്.

സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.8 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,678.39 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കിലും 0.9 ശതമാനത്തിന്റെ ഇടിവുണ്ടായി. വില 4,486.20 ഡോളറായാണ് കുറഞ്ഞത്.ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചത് സ്വര്‍ണ ഇറക്കുമതി രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇറാന്‍ യുദ്ധം തന്നെയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.

Advertising
Advertising

ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്റെ സമാധാനനിര്‍ദേശങ്ങള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെ എണ്ണവിപണിയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. വരും ദിവസങ്ങളിലും എണ്ണവില ഉയരാന്‍ തന്നെയാണ് സാധ്യത. ഇത് വിവിധ രാജ്യങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന പണപ്പെരുപ്പം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

പണപ്പെരുപ്പം ഉയരുന്നതോടെ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തും. ഇതോടെ ബാങ്കുകളുമായി ബന്ധപ്പെട്ട ബോണ്ട് ഉള്‍പ്പടെയുള്ള നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാവുകയും സ്വര്‍ണത്തോടുള്ള താല്‍പര്യം കുറയകയും ചെയ്യും. ഇത് സ്വര്‍ണവിലയെ വലിയ രീതിയില്‍ തന്നെ വരും ദിവസങ്ങളിലും സ്വാധീനിക്കും.

രാജ്യത്തെ വിദേശനാണ്യം സംരക്ഷിക്കാന്‍ ആളുകള്‍ ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്നായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ പ്രമുഖ ജ്വല്ലറികളുടെ ഓഹരികളില്‍ ഉള്‍പ്പടെ ഇടിവുണ്ടായിരുന്നു.

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യപാരം തുടങ്ങിയത്. ബോംബെ സൂചിക സെന്‍സെക്‌സില്‍ 1,000 പോയിന്റ് നഷ്ടം നേരിട്ടപ്പോള്‍ ദേശീയ സൂചിക നിഫ്റ്റി 23,900 പോയിന്റിന് താഴെ പോയി. എണ്ണവില വര്‍ധനവും മോദിയുടെ പ്രതികരണങ്ങളുമാണ് വിപണിയെ നെഗറ്റീവായി സ്വാധീനിക്കുന്നത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News