ആപ്പിള്‍, എന്‍വിഡിയ ഓഹരികള്‍ അനുമതിയില്ലാതെ വിറ്റു; പരാതിയുമായി ഇന്ത്യന്‍ നിക്ഷേപകര്‍

ഓഹരികള്‍ അനുമതിയില്ലാതെ വിറ്റ് പണം ചൈനീസ് കമ്പനിയായ സിബാവോ ടെക്നോളജിയുടെ ഓഹരികള്‍ വാങ്ങാന്‍ ഉപയോഗിച്ചെന്നാണ് ആരോപണം

Update: 2026-11-04 08:01 GMT

ന്യൂഡല്‍ഹി: ആപ്പിള്‍, എന്‍വിഡിയ ഓഹരികള്‍ അനുമതിയില്ലാതെ വിറ്റതായി പരാതി. ഇന്ത്യന്‍ നിക്ഷേപകരുടെ ഓഹരികളാണ് ഇത്തരത്തില്‍ വിറ്റത്. ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ സ്‌റ്റോക്കല്‍ പ്ലാറ്റ്‌ഫോം വഴി നിക്ഷേപിച്ച ഓഹരികളാണ് ഇത്തരത്തില്‍ വിറ്റിരിക്കുന്നത്. വിദേശവിപണികളിലെ ഓഹരി വാങ്ങലില്‍ വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് സംഭവം.

ആപ്പിളിന് പുറമേ എന്‍വിഡിയ, ആമസോണ്‍, ടെസ്‌ല, ആല്‍ഫബെറ്റ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും വിറ്റിട്ടുണ്ട്.

ഓഹരികള്‍ അനുമതിയില്ലാതെ വിറ്റ് പണം ചൈനീസ് കമ്പനിയായ സിബാവോ ടെക്നോളജിയുടെ ഓഹരികള്‍ വാങ്ങാന്‍ ഉപയോഗിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ നിക്ഷേപകര്‍ക്ക് 100 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

Advertising
Advertising

ഒക്ടോബര്‍ 15നാണ് വിവാദ ഇടപാടുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 30 നിക്ഷേപകരുടെ യുഎസ് ഓഹരി പോര്‍ട്ട്ഫോളിയോകള്‍ അനധികൃതമായി വിറ്റഴിച്ചെന്നാണ് പരാതി. പ്രമുഖ കമ്പനികളുടെ ഓഹരികള്‍ വിറ്റ് ലഭിച്ച തുക നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള, താരതമ്യേന കുറഞ്ഞ വ്യാപാരമുള്ള സിബാവോ ടെക്നോളജിയുടെ ഓഹരികള്‍ വാങ്ങാന്‍ ഉപയോഗിച്ചതായാണ് നിക്ഷേപകര്‍ പറയുന്നത്.സിബാവോയുടെ ഓഹരിവില പിന്നീട് കുത്തനെ ഇടിഞ്ഞതോടെ നിക്ഷേപകര്‍ക്ക് വന്‍ നഷ്ടമുണ്ടായി. ഒരു നിക്ഷേപകന്റെ കണക്കുപ്രകാരം, ശരാശരി 1.05 ഡോളറിന് വാങ്ങിയ ഓഹരികള്‍ ഒക്ടോബര്‍ 23ന് 0.42 ഡോളറിലേക്ക് താഴ്ന്നു. ഏകദേശം 60 ശതമാനത്തിന്റെ ഇടിവ്.

ഒരാള്‍ക്ക് 4.26 കോടി രൂപയുടെ നഷ്ടമെന്ന് പരാതി

പ്രമുഖ പാനീയ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഒരു നിക്ഷേപകന്റെ പത്ത് പ്രധാന യുഎസ് ഓഹരി നിക്ഷേപങ്ങള്‍ വിറ്റഴിച്ചെന്നാണ് പരാതി. ആപ്പിള്‍, ടെസ്ല, ആമസോണ്‍, ആല്‍ഫബെറ്റ്, എന്‍വിഡിയ, എഎംഡി തുടങ്ങിയ ഓഹരികള്‍ വിറ്റ് ലഭിച്ച 3.35 ലക്ഷം ഡോളറിലധികം തുക ഉപയോഗിച്ച് സിബാവോയുടെ മൂന്ന് ലക്ഷം ഓഹരികള്‍ വാങ്ങിയെന്നാണ് ആരോപണം. ഇതിലൂടെ ഏകദേശം 4.26 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് നിക്ഷേപകന്‍ പറയുന്നത്.

മറ്റൊരു നിക്ഷേപകന്‍ 3.1 മില്യണ്‍ ഡോളര്‍, അതായത് ഏകദേശം 29 കോടി രൂപയുടെ ഓഹരി നിക്ഷേപം അനുമതിയില്ലാതെ വിറ്റഴിച്ചെന്നാണ് ആരോപിക്കുന്നത്. പിന്നാലെ 15 മിനിറ്റിനുള്ളില്‍ സിബാവോയുടെ 30.5 ലക്ഷം ഓഹരികള്‍ വാങ്ങിയതായും പരാതിയുണ്ട്.

അതേസമയം, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് സ്‌റ്റോക്കല്‍ വിശദീകരിച്ചു. കമ്പനിയുടെ മാതൃസ്ഥാപനമായ ബോര്‍ഡര്‍ലെസ് 26 ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ ഇത്തരത്തിലുുള്ള ഇടപാട് നടന്നതായി വിശദീകരിച്ചു. എന്നാല്‍, തങ്ങളുടെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നാണ് കമ്പനി വിശദീകരിക്കുന്നത്. മറ്റൊരു സ്ഥാപനത്തിലെ ഡാറ്റ ചോര്‍ച്ചയിലൂടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കാമെന്ന് സ്‌റ്റോക്കെല്‍ പറയുന്നത്. അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിച്ചിട്ടില്ലെന്നും കൂടുതല്‍ ഇടപാടുകള്‍ തടയാന്‍ ഇത് കമ്പനിയുടെ നിയന്ത്രണത്തിലാക്കിയെന്നും സ്‌റ്റോക്കല്‍ അറിയിച്ചു. എന്നാല്‍, സ്‌റ്റോക്കെല്ലിന്റെ യുഎസിലെ നിക്ഷേപ പങ്കാളിയായ ഡ്രൈവെല്‍ത്ത് ഉത്തരവാദിത്തം സ്‌റ്റോക്കെല്ലിന്റെ ഭാഗത്താണെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News