ട്രംപിന് തിരിച്ചടി; ഇലോണ്‍ മസ്‌കിനും പണികിട്ടി
തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായതോടെ മസ്‌കിന്റെ കമ്പനികള്‍ നേരിടാനിടയുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്
വാഷിങ്ടണ്‍: മിഡ് ടേം ഇലക്ഷനില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ ടെസ്‌ലക്കും കഷ്ടകാലം. ട്രംപും പാര്‍ട്ടിയും പിന്നിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ ഓഹരിവിലകളും ഇടിഞ്ഞു. ടെസ്‌ല, സ്‌പേസ് എക്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരിവില 1.8 ശതമാനം ഇടിഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായതോടെ മസ്‌കിന്റെ കമ്പനികള്‍ നേരിടാനിടയുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുഎസ് ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ക്ക് നിയന്ത്രണം ലഭിക്കുമെന്ന പ്രവചനങ്ങള്‍ ശക്തമായതോടെ നിക്ഷേപകര്‍ ജാഗ്രതയിലായി.
കൃത്രിമബുദ്ധി (എഐ) മേഖലയിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കപ്പെടുമെന്ന ആശങ്കയും ടെസ്ലയും സ്പേസ്എക്സും തമ്മിലുള്ള സാധ്യതയുള്ള ലയനത്തിന് തടസ്സങ്ങള്‍ നേരിടാമെന്ന വിലയിരുത്തലുമാണ് ഓഹരികളെ സമ്മര്‍ദത്തിലാക്കിയത്. ലയനത്തെ കോണ്‍ഗ്രസിന് നേരിട്ട് തടയാനാകില്ലെങ്കിലും, കൂടുതല്‍ പരിശോധനകളും മേല്‍നോട്ട നടപടികളും വഴി ഇടപാട് വൈകിപ്പിക്കാനാകുമെന്ന് വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ടെസ്ല ഓഹരികള്‍ ഉയര്‍ന്നത് 34 ശതമാനം
ജൂലൈ അവസാനം രേഖപ്പെടുത്തിയ താഴ്ന്ന നിലയില്‍നിന്ന് ടെസ്ല ഓഹരികള്‍ ഏകദേശം 34 ശതമാനം ഉയര്‍ന്നിരുന്നു. എഐ ഉല്‍പ്പന്നങ്ങളിലെ വളര്‍ച്ചയും സ്പേസ്എക്സുമായുള്ള സാധ്യതയുള്ള ലയനവും സംബന്ധിച്ച പ്രതീക്ഷകളാണ് ഈ മുന്നേറ്റത്തിന് കരുത്തായത്.
ജൂണില്‍ ഓഹരി വിപണിയില്‍ പ്രവേശിച്ച സ്പേസ്എക്സിന്റെ വിപണിമൂല്യം ഏകദേശം 1.9 ട്രില്യണ്‍ ഡോളറിലാണ്. യുഎസ് സര്‍ക്കാരില്‍നിന്നുള്ള കരാറുകള്‍ കമ്പനിയുടെ വരുമാനത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായും മസ്‌കിനുള്ള അടുപ്പവും നിക്ഷേപകരുടെ ആശങ്കയ്ക്ക് കാരണമായി. തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മസ്‌ക് ഏകദേശം 450 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.