സ്വര്‍ണവിലയില്‍ വൈകിട്ടോടെ വര്‍ധനവ്
കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി നല്‍കി ആഭരണം വാങ്ങുമ്പോള്‍ വില 1.20 ലക്ഷത്തിനും മുകളിലാകും
കോഴിക്കോട്: രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വൈകിട്ടോടെ വര്‍ധിച്ചു. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 14,555 രൂപയായപ്പോള്‍ പവന് 640 രൂപ വര്‍ധിച്ച് 1,16,440 രൂപയായി. രാവിലെ 1,15,800 രൂപയായിരുന്നു പവന്‍ വില. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി നല്‍കി ആഭരണം വാങ്ങുമ്പോള്‍ വില 1.20 ലക്ഷത്തിനും മുകളിലാകും.
വന്‍ കുതിപ്പിനൊടുവില്‍ ജനുവരി അവസാനത്തോടെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. ജനുവരി 29ന് 1,31,160 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങിയത്. ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയിലെത്തി. എന്നാല്‍, പിന്നീടുള്ള ഒരാഴ്ചയില്‍ 8520 രൂപയുടെ വര്‍ധനവാണുണ്ടായത്.
മാസങ്ങള്‍ നീണ്ട കുതിപ്പിനൊടുവില്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നത് തുടര്‍ന്നതോടെയാണ് ആഗോളവിപണിയില്‍ വന്‍തോതില്‍ വിലയിടിഞ്ഞത്. ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ തളര്‍ത്തി.
ആഗോളവിപണിയില്‍ തിരിച്ചുവരവിന്റെ പാതയിലുള്ള സ്വര്‍ണം ഇന്ന് നേരിയ തോതില്‍ ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 5051 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം ചെയ്യുന്നത്. വെള്ളിയും കനത്ത ഇടിവില്‍ നിന്ന് ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 82.04 ഡോളര്‍ എന്ന നിലയിലായി. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണികളിലെ ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളിലും ഉണർവുണ്ടായി.