'ടാറ്റയിലെ പ്രശ്‌നം പരിഹരിക്കപ്പെടണം'; ഇടപെടുമോയെന്ന ചോദ്യത്തിന് മൗനംപാലിച്ച് നിര്‍മല
വിഷയം വളരെ സൂക്ഷ്മവും ഗൗരവമേറിയതുമാണെന്ന് ചൂണ്ടിക്കാട്ടിയ നിര്‍മല , വാണിജ്യപരമായ പരിചയവും നേതൃത്വത്തിന്റെ പക്വതയും ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു
മുംബൈ: ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റ്‌സും തമ്മിലുള്ള തര്‍ക്കം എത്രയും വേഗം സൗഹാര്‍ദപരമായി പരിഹരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ടാറ്റ ഗ്രൂപ്പിലെ തര്‍ക്കം പൊതുവേദികളിലേക്ക് നീളരുതെന്നും ഇരുവിഭാഗങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നവംബര്‍ രണ്ടിന് മുംബൈയില്‍ നടന്ന ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. ടാറ്റ ഗ്രൂപ്പിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ മന്ത്രി, നേതൃത്വത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് ഗ്രൂപ്പില്‍ സാധാരണ നില പുനഃസ്ഥാപിക്കണമെന്നും പറഞ്ഞു.
തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല. വിഷയം വളരെ സൂക്ഷ്മവും ഗൗരവമേറിയതുമാണെന്ന് ചൂണ്ടിക്കാട്ടിയ അവര്‍, വാണിജ്യപരമായ പരിചയവും നേതൃത്വത്തിന്റെ പക്വതയും ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
എന്താണ് ടാറ്റ ഗ്രൂപ്പിലെ തര്‍ക്കം?
ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സും അതിന്റെ ഏറ്റവും വലിയ ഓഹരിയുടമയായ ടാറ്റ ട്രസ്റ്റ്‌സും തമ്മിലാണ് തര്‍ക്കം. ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ പുനര്‍നിയമനവും കമ്പനിയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള നീക്കവുമാണ് തര്‍ക്കത്തിന് പ്രധാന കാരണം.
സെപ്റ്റംബര്‍ 17ന് ചേര്‍ന്ന ടാറ്റ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ ചന്ദ്രശേഖരനെ വീണ്ടും ചെയര്‍മാനായി നിയമിക്കാനും കമ്പനിയുടെ ലിസ്റ്റിങ് നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിരുന്നു. ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ ഈ തീരുമാനങ്ങളെ എതിര്‍ത്തതോടെ തര്‍ക്കം കൂടുതല്‍ രൂക്ഷമായി.
ടാറ്റ സണ്‍സിനെ കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി വിഭാഗത്തില്‍നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ റിസര്‍വ് ബാങ്ക് നിരസിച്ചതും ലിസ്റ്റിങ് ചര്‍ച്ചകള്‍ക്ക് വീണ്ടും പ്രാധാന്യം നല്‍കി. ആര്‍ബിഐയുടെ നിയന്ത്രണങ്ങള്‍ അനുസരിച്ച് ടാറ്റ സണ്‍സിന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.