മോഡല്‍ വൈ വിറ്റ് ഇന്ത്യയില്‍ ടെസ്‌ല നേടിയത് 214 കോടി

ഓപ്പറേഷന്‍സ് റവന്യുവില്‍ 12 ഇരട്ടി വര്‍ധനയാണ് ടെസ്‌ലക്ക് ഉണ്ടായത്

Update: 2026-10-26 06:17 GMT

ന്യൂഡല്‍ഹി: ടെസ്‌ല ഇന്ത്യയുടെ ലാഭക്കണക്ക് പുറത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ടെസ്‌ലക്ക് 247.31 കോടി രൂപയാണ് ആകെയുണ്ടായ വരുമാനം. അറ്റാദായം 5.16 കോടി രൂപയാണ്. സാമ്പത്തിക വര്‍ഷത്തില്‍ മോഡല്‍ വൈയുടെ വില്‍പനയിലൂടെയാണ് ടെസ്‌ല ഏറ്റവും കൂടുതല്‍ വരുമാനം നേടിയത്. ആഭ്യന്തര വിപണിയിലെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ടെസ്‌ല ശ്രമിക്കുന്നതിനിടയിലാണ് കണക്കുകള്‍ പുറത്ത് വന്നത്.

ഓപ്പറേഷന്‍സ് റവന്യുവില്‍ 12 ഇരട്ടി വര്‍ധനയാണ് ടെസ്‌ലക്ക് ഉണ്ടായത്. 20.83 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വരുമാനം. 55.49 ലക്ഷം രൂപയുണ്ടായിരുന്ന ലാഭമാണ് അഞ്ച് കോടിയിലേക്ക് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം വരുമാനത്തിന്റെ സിംഹഭാഗവും സര്‍വീസില്‍ നിന്നായിരുന്നുവെങ്കില്‍ ഇത്തവണ ആ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ട്.

Advertising
Advertising

2025 ജൂലൈ മുതലാണ് ടെസ്‌ല ഇന്ത്യയില്‍ കാര്‍ വില്‍പന ആരംഭിച്ചത്. മുംബൈയില്‍ ഷോറും തുറന്നായിരുന്നു ടെസ്‌ല വില്‍പന തുടങ്ങിയത്. വാഹനവില്‍പനയിലൂടെ 214.09 കോടി രൂപ ടെസ്‌ല നേടി. വരുമാനത്തിന്റെ 87 ശതമാനവും മോഡല്‍ വൈയുടെ വില്‍പനയിലൂടെയാണ് ടെസ്‌ലക്ക് കിട്ടിയത്.

കാറുകളുടെ സര്‍വീസിങ്ങിലൂടെ 32.40 കോടി രൂപയും കിട്ടി. 2025 സെപ്തംബറിനും മാര്‍ച്ചിനും ഇടയില്‍ 346 വാഹനരജിസ്‌ട്രേഷനുകളാണ് ടെസ്‌ലക്ക് കിട്ടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ 650 കാറുകളും ടെസ്‌ല രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനരജിസ്‌ട്രേഷനുകളില്‍ പുരോഗതിയുണ്ടാക്കാന്‍ ടെസ്‌ലക്ക് സാധിച്ചിട്ടുണ്ട്. പ്രതിമാസ വാഹന രജിസ്‌ട്രേഷന്‍ 49ല്‍ നിന്ന് 108 ആയി ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ മോഡല്‍ വൈയുടെ രണ്ട് വേരിയന്റുകളാണ് ടെസ്‌ല ഇന്ത്യയില്‍ വില്‍ക്കുന്നത്.

അഞ്ച് സീറ്റുകളുള്ള Model Y Premium RWD-യുടെ എക്‌സ്‌ഷോറൂം വില 50.89 ലക്ഷം രൂപയില്‍ ആരംഭിക്കുമ്പോള്‍, ആറ് സീറ്റുകളുള്ള Model Y L Premium AWD-യുടെ വില 61.99 ലക്ഷം രൂപയാണ്. ഒറ്റ ചാര്‍ജില്‍ യഥാക്രമം 500 കിലോമീറ്ററും 681 കിലോമീറ്ററും വരെ സഞ്ചരിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - വിഷ്ണു.ജെ

Chief Web Journalist

Similar News