താത്കാലികക്കാരെ വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തും-മുഖ്യമന്ത്രി
നിയമനങ്ങൾ പി.എസ്.സിക്ക് വിടാത്ത ഇടങ്ങളിലെ താൽക്കാലികക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവയ്ക്കുന്നത് തെറ്റിദ്ധാരണ പരത്തുന്നവർക്ക് ആയുധം നൽകേണ്ടെന്നു കരുതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണം ഉണ്ടായാൽ 10 വർഷം പൂർത്തിയാക്കിയ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമനങ്ങൾ പി.എസ്.സിക്ക് വിടാത്ത ഇടങ്ങളിലെ താൽക്കാലികക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. പലസ്ഥാപനങ്ങളും കൃത്യതയോടെ പരീക്ഷയും മറ്റും നടത്തിയാണ് നിയമനം നടത്തിയിരിക്കുന്നത്. ഇവരിൽ 20 വർഷമായി താൽക്കാലിക്കാരായി ജോലി ചെയ്യുന്നവരുണ്ട്. മാനുഷിക പരിഗണന വച്ചാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്.
ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവര്‍ക്ക് അസരം നല്‍കേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചത്. ഏതാനും മാസങ്ങളുടെ പ്രശ്നങ്ങളെ ഉണ്ടാകൂ, അര്‍ഹതയുള്ളവരായിട്ട് തന്നെയാണ് അവരെ സര്‍ക്കാരും എല്‍.ഡി.എഫും കാണുന്നത്. ജനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പം തന്നെയാണ് നില്‍ക്കുന്നത്. ജനങ്ങള്‍ എല്‍.ഡി.എഫിനെ വീണ്ടും അധികാരത്തിലേറ്റിയാല്‍ താത്കാലിക ജീവനക്കാരെ കൈ ഒഴിയാത്ത സമീപനം തന്നെയാണ് നിശ്ചയമായും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.