സ്ഥാനാർഥിത്വത്തിനെതിരെ പോസ്റ്റർ പതിച്ചത് ഗുണകരമായെന്ന് സി.കെ ജാനു
ജാനുവിനെ വീണ്ടും ബത്തേരിയിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ, ബി.ജെ.പി ജില്ലാ നേതൃത്വം തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു
തന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ പോസ്റ്റർ പതിച്ചത് ഏറെ ഗുണകരമായെന്ന്, വയനാട് സുൽത്താൻ ബത്തേരി മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സി.കെ. ജാനു. ജാനുവിനെ വീണ്ടും ബത്തേരിയിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ, ബി.ജെ.പി ജില്ലാ നേതൃത്വം തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ഘടക കക്ഷിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്കാണ് എൻ.ഡി.എ ബത്തേരി സീറ്റ് നൽകിയത്.
ബത്തേരി മണ്ഡലത്തിലെ സ്ഥാനാർഥിയായി സി.കെ. ജാനു പ്രഖ്യാപിക്കപ്പെട്ട ഉടനെയാണ് നഗരത്തിൽ പോസ്റ്ററുകളെത്തിയത്. സേവ് എൻ.ഡി.എ എന്ന പേരിലായിരുന്നു പോസ്റ്ററുകൾ പതിച്ചത്. എന്നാൽ ഇത് ഏറെ ഗുണകരമായെന്നാണ് ജാനു പറയുന്നത്. 2016 ലെ തെരഞ്ഞെടുപ്പ് പോലയല്ല കാര്യങ്ങൾ. വലിയ വിജയ പ്രതീക്ഷയാണ് സി.കെ ജാനു പങ്കുവെയ്ക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപത്തി മൂവായിരത്തിൽ അധികം വോട്ടാണ് സി.കെ. ജാനു ബത്തേരി മണ്ഡലത്തിൽ നേടിയത്. തെരഞ്ഞെടുപ്പിന് ശേഷം എൻ.ഡി.എയുമായി ഇടഞ്ഞ സി.കെ. ജാനു ദിവസങ്ങൾക്കു മുൻപാണ് മുന്നണിയിൽ തിരിച്ചെത്തി, സ്ഥാനാർഥിയായത്.