ശ്രീലങ്കയും ശ്രീലേഖയും സുകുമാരക്കുറുപ്പും

ഉത്തരം മുട്ടിയപ്പോള്‍ പതിവുപോലെ ഇ.പി മാധ്യമങ്ങളോട് ചോദിച്ചുപോലും. സുകുമാരക്കുറുപ്പിനെ ആരെങ്കിലും പിടികൂടിയോന്ന്. പറഞ്ഞത് ഇ.പിയാണെങ്കില്‍ ചോദ്യം ന്യായമാണ്. | പൊളിറ്റിക്കല്‍ പാര്‍ലര്‍

Update: 2022-09-23 06:16 GMT
Click the Play button to listen to article

മുമ്പ് ഇടക്കിടെ പുലിയിറങ്ങാറുള്ള നാടായിരുന്നു ശ്രീലങ്ക. വെടിയൊച്ചയും ബഹളവും ബോംബ് സ്‌ഫോടനവും പതിവുകാഴ്ച്ച. പുലികളെ മെരുക്കി, മെയ്‌വഴക്കത്തോടെ ജനാധിപത്യത്തിലേക്ക് നടന്നടുത്തുവരവെ ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് നമ്മുടെ അയല്‍രാജ്യം. ഭരണവിരുദ്ധ പ്രക്ഷോഭം, പ്രസിഡന്റിന്റെ കൊട്ടാരത്തിനകത്തേക്ക് ജനം ഇരച്ചുകയറുന്നതില്‍ കലാശിച്ചു. പ്രസിഡന്റിന്റെ സ്വീകരണമുറിയിലിരുന്ന് സൊറ പറഞ്ഞും, അടുക്കളയിലിരുന്ന് ഭക്ഷണം കഴിച്ചും കിടപ്പുമുറിയിലുറങ്ങി സെല്‍ഫിയെടുത്തും, പുതിയ സമരമുറ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. കുളിമുറിയിലെ ക്ലോസറ്റിലിരുന്നും നീന്തല്‍ക്കുളത്തില്‍ ചാടികുളിച്ചും സമരപോരാട്ടത്തെ ശക്തിപ്പെടുത്തി ചില വിപ്ലവ വിദ്വാന്മാര്‍. അയല്‍ രാജ്യത്തായത് കൊണ്ട് ഇതെല്ലാം കാണാനും കേള്‍ക്കാനും രസകരമാണ്. വൈറലാകുന്നത് വയറിളക്കം പോലെ പടര്‍ന്നുപിടിച്ചാലോ എന്ന പേടിയിലാണ് ഭരണവിലാസം കൊട്ടാരവാസികള്‍. സൈന്യത്തെ അയക്കുമെന്നും അയക്കില്ലെന്നും അടക്കം പറച്ചിലുണ്ട്.

ശ്രീലങ്കന്‍ സംഭവങ്ങളെ കുറിച്ച് എല്ലാവരും കടുത്ത ജാഗ്രത പാലിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് മറ്റൊരു ബോംബുമായി റിട്ടയര്‍ ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ ശ്രീലേഖ കടന്നുവരുന്നത്. കേരളത്തില്‍ ഏറെ പുകിലും പുക്കാറുമുണ്ടാക്കിയ, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ പൊലീസുണ്ടാക്കിയ എല്ലാ തെളിവുകളും കളളക്കഥകളാണെന്നാണ് യുട്യൂബ് ചാനലിലൂടെ, പൊലീസ് ആസ്ഥാനത്തെ അരമനരഹസ്യങ്ങളറിയാവുന്ന ഉന്നത ഉദ്യോഗസ്ഥ തന്നെ വ്യക്തമാക്കിയത്. കേരളത്തില്‍ ഒട്ടുമിക്ക അന്വേഷണത്തിലും ഒച്ചുവേഗതയില്‍ സഞ്ചരിക്കുകയും, ഇരുട്ടില്‍ തപ്പുകയും ചെയ്യുന്ന പിണറായിയുടെ പൊലീസിന് പുതിയ വെളിപ്പെടുത്തല്‍ ഇരുട്ടടിയായി.

നിലവിലുള്ള സംഘത്തെ ഒന്നുകൂടി വിപുലപ്പെടുത്തിക്കൊണ്ട് എ.കെ.ജി സെന്ററിലേക്ക് ബോംബെന്ന് പേരിലറിയപ്പെടുന്ന പടക്കമെറിഞ്ഞ കേസിലെ പ്രതികളെ പിടികൂടാനുള്ള വലിയ വല പൊലീസ് വിരിച്ചുകഴിഞ്ഞുവെന്നാണ് സഖാക്കള്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കൂലങ്കുശമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതി വന്നതായി കരുതപ്പെടുന്ന സ്‌കൂട്ടര്‍ തലസ്ഥാനത്ത് ഉപയോഗിക്കുന്ന എല്ലാവരുടേയും പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പക്ഷെ, എന്നിട്ടും കേസിന് ഇതുവരേ ഒരു തുമ്പും തുരുമ്പും ഉണ്ടായിട്ടില്ല. ഇരട്ടചങ്കന്‍ ഭരിക്കുന്ന നാട്ടിലെ പാര്‍ട്ടി ആസ്ഥാനത്തിന്റെ ഗതിയിതാണെങ്കില്‍ ബാക്കി കഥ പറയാതിരിക്കുന്നതാവും ഭേദം.

അപ്പോ.. സഖാവ് ഇ.പി പെട്ടെന്നു തന്നെ, ആക്രമിച്ചതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പ്രഖ്യാപിച്ചിരുന്നല്ലോ. ആ വഴിക്കുള്ള അന്വേഷണത്വരയും മണംപിടിക്കലും ഇല്ലാത്ത വല്ലാത്ത പൊലീസായിപ്പോയി നമ്മുടെ നാട്ടിലുള്ളത്. ഉത്തരം മുട്ടിയപ്പോള്‍ പതിവുപോലെ ഇ.പി മാധ്യമങ്ങളോട് ചോദിച്ചുപോലും. സുകുമാരക്കുറുപ്പിനെ ആരെങ്കിലും പിടികൂടിയോന്ന്. പറഞ്ഞത് ഇ.പിയാണെങ്കില്‍ ചോദ്യം ന്യായമാണ്. എന്തായാലും ഇ.പി ഭാഗ്യവാനാണ്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാര്‍ക്കെതിരെ കേസും ലോക്കപ്പും കൊണ്ട് ആഘോഷമാക്കിയ പൊലീസ്, ചെറുപ്പക്കാരെ കയ്യേറ്റം ചെയ്ത സഖാവ് ഇ.പി ക്കെതിരെ അരപേജ് എഫ്.ഐ.ആര്‍ എഴുതിയില്ല. ഇ.പി ചെയ്തത് മഹത്തായ പ്രതിരോധ പ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

രാജ്യത്ത് തങ്ങളെല്ലാത്തവരെല്ലാം തീവ്രവാദം പരത്തുന്നുവെന്ന വാദമുന്നിയിച്ച് ഭരണം പിടിക്കാന്‍ സകലഅടവും പയറ്റുന്ന സംഘ്പരിവാറിന്റെ തനിനിറം വ്യക്തമാക്കുകയും, അവരെ വെട്ടിലാക്കുകയും ചെയ്യുന്ന ചില ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഉദയ്പൂരില്‍ കനയ്യലാലിനെ കൊലപ്പെടുത്തിയ റിയാസ് അത്താരി, രാജസ്ഥാന്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പവും ജമ്മുകശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ അമിത്ഷാക്കൊപ്പവും നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട്, ഭീകരവിരുദ്ധപോരാട്ടത്തിലെ വില്ലാളിവീരന്മാര്‍ വാ പൊളിച്ചു നിന്നു.

പാര്‍ട്ടി പരിപാടിയില്‍ രഹസ്യമായി ഭരണഘടനയെ വിമര്‍ശിച്ച സജി ചെറിയാന്റെ പ്രസംഗം സാഘോഷം സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കിയ പാര്‍ട്ടിയംഗങ്ങളെ പഴിച്ച്, ഉറച്ചുനിന്ന സജി ചെറിയാന് പക്ഷെ ഒടുവില്‍ ഉന്നം പിഴച്ചു. എല്ലാം കൂളായി നേരിടണമെന്ന അദ്ധേഹത്തിന്റെ ആപ്തവാക്യം, പാര്‍ട്ടി കേന്ദ്രകമ്മിറ്റിക്ക് അത്ര ഇഷ്ടായില്ല. യച്ചൂരി പിടിയൊന്നു മുറുക്കി. ഗതിയില്ലാതെ മുഖ്യന് കീഴൊതുങ്ങേണ്ടി വന്നു. പകരം മന്ത്രിയില്ലെന്ന് പ്രഖ്യാപിച്ച് പിണറായി പ്രതിഷേധം കടുപ്പിച്ചു. സാസ്‌കാരിക വകുപ്പിന്റെ സ്മാരകമായി ആ കസേര ഒഴിച്ചിടുമത്രെ. സജിയുടെ നടപടി ദുര്‍വ്യാഖ്യാനത്തിന് ഇടയാക്കിയെന്ന് ഒടുവില്‍ പാര്‍ട്ടി മൊഴിഞ്ഞിട്ടുണ്ട്.

ഭരണഘടനയെ തൊട്ട് പാര്‍ട്ടി കൈപൊള്ളിയിരിക്കുമ്പോഴാണ് മറ്റൊരു ചോദ്യവുമായി മുരളി പെരുനെല്ലി നിയമസഭയില്‍ എഴുന്നേറ്റ് നിന്നത്. വളരെ നിഷ്‌കളങ്കമായ ചോദ്യമാണ് ടിയാന്‍ ചോദിച്ചത്. ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍, ഈ ജയ് ഭീം എന്നു പറഞ്ഞാല്‍ പാലാരിവട്ടം പാലത്തിലെ ഭീമ് പോലെയുള്ള എന്തെങ്കിലും സാധനമാണോ. ആ ചോദ്യം കേട്ടിട്ടും നിയമസഭയില്‍ സെഞ്ച്വറിയടിക്കാന്‍ പാകത്തിലുള്ള നിയമസഭാ സാമാജികര്‍ക്ക് ഒരു കൂസലുമുണ്ടായില്ല. റിയാസിന്റെ പൊതുമരാമത്തുകച്ചേരിയിലും ഊരാളുങ്കല്‍ സൊസൈറ്റി ചാരിനിറുത്തുന്ന ഇടയക്ക് വീഴാറുള്ള ഭീമ് ഇതില്‍പെടുമോ എന്ന് തിരിച്ചു ചോദിക്കാന്‍ ചങ്കുറപ്പുള്ള ഒരുത്തനും പക്ഷെ മറുപക്ഷത്തുണ്ടായില്ല.

മരാമത്തിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന നമ്മുടെ ജി. സുധാകരന്‍ സഖാവിന്റെ പ്രസ്താവന പാര്‍ലറില്‍ വന്നത് ശ്രദ്ധിച്ചത്. ഇപ്പോള്‍ കവിതയെഴുത്തില്‍ ശ്രദ്ധിക്കുന്ന അദ്ധേഹം ഇടക്ക് പ്രസംഗിക്കാറുമുണ്ട്. അങ്ങിനെയുള്ള ഒരു പ്രസംഗത്തിലാണ് ടിയാന്‍, ആദ്യപിണറായി സര്‍ക്കാരിന്റെ വരവിന് വഴിയൊരുക്കിയത് വി.എസ് അച്ചുതാനന്ദനാണെന്ന് പ്രഖ്യാപിച്ചത്. പഴയ വി.എസ് പക്ഷക്കാര്‍ക്ക് ആനന്ദലബ്ധിക്കിനിയെന്ത് വേണം. സംഗതിയുടെ ഗുട്ടന്‍സ് നിങ്ങള്‍ക്ക് പിടി കിട്ടിയോ. സഖാക്കളേ, സഹോദരന്മാരേ വന്ന വഴി മറക്കരുതെന്ന് സാരം.

പാര്‍ലറിലേക്കുള്ള വഴി അറിയാതാകുന്നതിന് മുമ്പ് ഇത് ഇപ്പോള്‍ ഇവിടെ അവസാനിപ്പിക്കുന്നതാകും നല്ലത്. നന്നായി വരാം. നമസ്‌കാരം.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - നയതന്ത്ര

contributor

Similar News