'ഗോമന്തകരാജ്യത്ത്' ബിജെപിവാഴ്ച തുടരുമോ? 2017ന്റെ പേടിവിടാതെ കോൺഗ്രസ്; മമതയുടെ സർപ്രൈസ് എൻട്രി

മമതയുടെ എൻട്രിയാകും ഗോവയിൽ രാഷ്ട്രീയനിരീക്ഷകർ ഏറെ ഉറ്റുനോക്കുന്നത്. ദേശീയരാഷ്ട്രീയത്തിൽ വേരൂന്നാനുള്ള പുതിയ രാഷ്ട്രീയ പദ്ധതിക്ക് ഗോവയിൽനിന്ന് തുടക്കമിടാനാണ് തൃണമൂലിന്റെ തീരുമാനം. അതുകൊണ്ട് അവർക്കിത് അഭിമാനപോരാട്ടം

Update: 2022-01-11 18:33 GMT

മഹാഭാരതത്തിലെ ഗോമന്തകരാജ്യമാണ് ഗോവയെന്ന വിശ്വാസമുണ്ട്. ഭൂമിശാസ്ത്രപരമായി രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ ഈ തീരസംസ്ഥാനം ഇന്ത്യൻ രാഷ്ട്രീയഭൂപടത്തിൽ വലിയ സ്വാധീനമുണ്ടാക്കാൻ മാത്രം പോന്നതൊന്നുമല്ല. എങ്കിൽപിന്നെ വെറും 3,702 ചതുരശ്ര കി.മീറ്റർ വിസ്തീർണവും വെറും 14 ലക്ഷം ജനസംഖ്യയുമുള്ള ഈ കൊച്ചു സംസ്ഥാനത്തിനുവേണ്ടി ദേശീയരാഷ്ട്രീയത്തിലെ പ്രബലരായ കക്ഷികളെല്ലാം പോരിനിറങ്ങുന്നത് എന്തിനാകും?

പൗരാണികപ്രൗഢി മുറ്റിനിൽക്കുന്ന ഈ തീരനഗരത്തിന്റെ വിനോദസഞ്ചാര സാധ്യതകളും കൽക്കരി ധാതുസമ്പത്തുമൊക്കെ ഒരു ഭാഗത്തുണ്ട്. എന്നാൽ, അതിലേറെ ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ ഒരു കിളിവാതിലാണ് ഗോവ. സമ്പൂർണ ഹിന്ദുത്വ ഇന്ത്യയ്ക്കായുള്ള ദൗത്യത്തിനിടെ കൈയിലുള്ളൊരു സംസ്ഥാനം നഷ്ടപ്പെടുന്നത് ബിജെപിക്ക് ചിന്തിക്കാനാകില്ല. ഏറെക്കാലം സ്വന്തം കാൽക്കീഴിലുണ്ടായിരുന്ന ഒരു സംസ്ഥാനം തിരിച്ചുപിടിക്കുക കോൺഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നു തന്നെയാകും. അതിനപ്പുറം 2017ലെ 'മോഹഭംഗത്തിന്റെ' ഓർമകൾ ഇപ്പോഴും കോൺഗ്രസിന്റെ ഉറക്കം കെടുത്തുന്നുണ്ട്. ബിജെപിയുടെ കുതിരക്കച്ചവടത്തിനും കൊടുംവഞ്ചനയ്ക്കും കണക്കുതീർക്കാനുറച്ചു തന്നെയാകും കോൺഗ്രസ്.

Advertising
Advertising

ഇതിനെല്ലാം മീതെ മമതയുടെ എൻട്രിയാകും രാഷ്ട്രീയനിരീക്ഷകർ ഗോവയിൽ ഏറെ ഉറ്റുനോക്കുന്നത്. ദേശീയരാഷ്ട്രീയത്തിൽ വേരൂന്നാനുള്ള പുതിയ രാഷ്ട്രീയ പദ്ധതിക്ക് ഗോവയിൽനിന്ന് തുടക്കമിടാനാണ് തൃണമൂലിന്റെ തീരുമാനം. അതുകൊണ്ട് അവർക്കുമിത് അഭിമാനത്തിന്റെ പോരാട്ടമാണ്. ആം ആദ്മി പാർട്ടിക്കും ദേശീയരാഷ്ട്രീയ സ്വപ്നങ്ങൾ തന്നെയാണുള്ളത്.

പ്രാദേശികകക്ഷികളെ അപ്രസക്തരാക്കിയ ദേശീയകക്ഷികൾ

1961ൽ പോർച്ചുഗീസ് ഭരണത്തിന് അന്ത്യംകുറിച്ച് ഇന്ത്യയോട് ലയിച്ച ശേഷം പതിറ്റാണ്ടുകളോളം പ്രാദേശികകക്ഷികൾ വാണ നാടാണ് ഗോവ. 1963ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി(എംജിപി)യാണ് അധികാരം പിടിച്ചത്. പോർച്ചുഗീസ് കാലത്ത് ഏറെ യാതനകൾ നേരിട്ട ബ്രാഹ്‌മണേതര ഹിന്ദുക്കളെ കൂട്ടുപിടിച്ചായിരുന്നു ദയാനന്ദ് ബന്ദോദ്കറിന്റെ നേതൃത്വത്തിൽ എംജിപിയുടെ അരങ്ങേറ്റം. 1979ൽ കൂറുമാറ്റത്തിലൂടെ അധികാരം നഷ്ടപ്പെടുന്നതുവരെ എംജിപിക്ക് വെല്ലുവിളിയുയർത്താൻ ഒരുകക്ഷികൾക്കുമായില്ല.

ഒരു വർഷത്തിനടുത്തു നീണ്ടുനിന്ന രാഷ്ട്രപതി ഭരണത്തിനുശേഷം 1980ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അങ്ങനെ ഗോവൻ രാഷ്ട്രീയം ഒരു ദേശീയകക്ഷിയുടെ കൈയിലായി. പ്രതാപ് സിങ് റാണെയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഗോവ പിടിച്ചു. തുടർന്നങ്ങോട്ട് പത്തുവർഷത്തോളം പ്രതാപ് റാണെയുടെ കോൺഗ്രസ് ഭരണമായിരുന്നു. തുടർന്നും പലഘട്ടങ്ങളിലായി കോൺഗ്രസും പ്രതാപ് സിങ്ങും സംസ്ഥാനം ഭരിച്ചു. 2007ൽ ദിഗംബർ കാമത്തിന് അധികാരം കൈമാറുന്നതുവരെ പ്രതാപ്സിങ് റാണെ കോൺഗ്രസിന്റെ ചോദ്യംചെയ്യപ്പെടാത്ത നേതാവായി തുടർന്നു.

1990കളിലാണ് ബിജെപി ഗോവൻ തീരങ്ങളിലേക്കും കാലൂന്നുന്നത്. 94ലെ തെരഞ്ഞെടുപ്പിൽ എംജിപിക്കൊപ്പം സഖ്യംചേർന്ന് മത്സരിച്ച് നാല് സീറ്റ് നേടി. എന്നാൽ, സഖ്യരാഷ്ട്രീയത്തിനും സീറ്റ് നേട്ടങ്ങൾക്കുമപ്പുറം എംജിപിയുടെ ഹിന്ദുവോട്ട് ബാങ്കിലേക്കുള്ള ബിജെപിയുടെ നുഴഞ്ഞുകയറ്റമായിരുന്നു അത്. പതിയെ ഹിന്ദുവോട്ടർമാരെ അടർത്തിയെടുത്ത് ബിജെപി എംജിപിയെ അപ്പാടെ അപ്രസക്തമാക്കിക്കളഞ്ഞു. തൊട്ടടുത്തു നടന്ന തെരഞ്ഞെടുപ്പിലും ഭരണത്തിലെത്താനായില്ലെങ്കിലും ബിജെപി വൻകുതിപ്പുണ്ടാക്കി. തൊട്ടുമുൻപത്തെ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റുണ്ടായിരുന്ന എംജിപിക്ക് കിട്ടിയത് ഒരു സീറ്റ് മാത്രം. ആ വോട്ടെല്ലാം പോയത് ബിജെപിയുടെ പെട്ടിയിലേക്ക്. പ്രതിപക്ഷ നേതാവായി ബിജെപിയുടെ മനോഹർ പരീക്കറും.

ഒരു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ പരീക്ഷണങ്ങൾക്കൊടുവിൽ 2000ൽ പരീക്കറിന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ മാസ്റ്റർസ്ട്രോക്ക്. 40 സീറ്റിൽ 17ഉം ജയിച്ച് പരീക്കർ തന്നെ മുഖ്യമന്ത്രിയായി. അവിശ്വാസത്തിലൂടെ നഷ്ടപ്പെട്ട അധികാരം വീണ്ടെടുത്തും 2005 വരെ പരീക്കർ ഭരണം തുടർന്നു. പിന്നീട് ഏഴ് വർഷത്തോളം കോൺഗ്രസ് ഭരണം. 2012ൽ പരീക്കർ പുതിയ തന്ത്രവുമായി വീണ്ടും ഭരണം പിടിച്ചു. ഇത്തവണ ന്യൂനപക്ഷമായ ക്രൈസ്തവവോട്ടുകൾ പാർട്ടിയിലേക്ക് ചോർത്തിയായിരുന്നു പരീക്കറിന്റെ സ്ട്രോക്ക്. ചരിത്രത്തിലാദ്യമായി ആറ് ക്രിസ്ത്യൻ സ്ഥാനാർത്ഥികളെയാണ് ബിജെപി അവതരിപ്പിച്ചത്. എല്ലാവരും വിജയിക്കുകയും ചെയ്തു. വളരെമുൻപ് തന്നെ ചർച്ചുകളിലൂടെയും സഭാനേതാക്കളിലൂടെയും പരീക്കർ ക്രിസ്ത്യൻബെൽറ്റിൽ വിശ്വാസമാർജിച്ചിരുന്നു.


പ്രതിരോധമന്ത്രിയായി പരീക്കർക്ക് ബിജെപി കേന്ദ്രത്തിലേക്ക് കയറ്റം നൽകിയ ഇടവേളയൊഴിച്ചാൽ 2019ൽ മരണംവരെ അദ്ദേഹം ഗോവയുടെ 'ജനപ്രിയ' മുഖ്യമന്ത്രിയായി തുടർന്നു. പരീക്കറുടെ ഒഴിവിലാണ് 2019 മാർച്ചിൽ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. പത്തുവർഷത്തോളം തുടർച്ചയായി കൈയിൽവയ്ക്കുന്ന ഗോവയുടെ ഭരണം നഷ്ടപ്പെടാതെ കാക്കുക എന്നതു മാത്രമാണ് ഫ്രെബ്രുവരി 14ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സാവന്തിനു മുന്നിലുള്ളത്.

ക്രിസ്ത്യൻബെൽറ്റിൽ വിള്ളൽ, പരീക്കർഗ്യാങ്ങിന്റെ കൂടുമാറ്റം; വർഗീയക്കാർഡിറക്കി സാവന്ത്

2012ലെ അതേ 'ക്രിസ്ത്യൻവോട്ട്' തന്ത്രമായിരുന്നു 2017ലും ബിജെപി ആവർത്തിച്ചത്. രണ്ടുപേരെക്കൂടി അധികം ചേർത്ത് എട്ട് ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ. അതിൽ ഏഴുപേരും ജയിച്ചെങ്കിലും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ഒടുവിൽ പരീക്കർ-അമിത് ഷാ കുതിരക്കച്ചവടത്തിൽ ബിജെപിക്ക് തന്നെ ഭരണം.

അഞ്ചുവർഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ മുൻപ് പരീക്കറിനുണ്ടായിരുന്ന പ്രതിച്ഛായയല്ല പ്രമോദ് സാവന്തിനുള്ളത്. അന്നത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യവുമല്ല ഇപ്പോഴുള്ളത്. സാവന്തിന്റെ ഭരണരീതിയിൽ പാർട്ടിക്കുള്ളിൽ തന്നെ കടുത്ത അസംതൃപ്തി നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. പലരീതിയിലായി മുതിർന്ന നേതാക്കളുടെ കൂടുമാറ്റത്തിലുടെ അത് പുറത്താകുകയും ചെയ്തു.

ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്ന് പരീക്കറിനു കിട്ടിയ സ്‌നേഹവും പിന്തുണയും സാവന്തിനു കിട്ടില്ലെന്നതാണ്. സാവന്തിന്റെ ഭരണത്തിലും ഹിന്ദുത്വ വിഭജനരാഷ്ട്രീയത്തിലും കടുത്ത അസംതൃപ്തിയുണ്ട് ഗോവയിലെ ക്രിസ്ത്യൻ സമൂഹത്തിന്. കൂടെ അയൽസംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ സമുദായത്തിനെതിരെ നടക്കുന്ന ഹിന്ദുത്വവേട്ടയും ഇവർക്കിടയിൽ ഭീതിയായി പടർന്നിട്ടുണ്ട്. ഇതിന്റെയൊക്കെ തുടർച്ചയായാണ് കഴിഞ്ഞ ദിവസങ്ങളിൽ ശാസ്ത്ര-സാങ്കേതിക മന്ത്രി മൈക്കൽ ലോബോയടക്കം ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള മൂന്ന് നിയമസഭാ സാമാജികർ പാർട്ടി വിട്ട് പുറത്തുപോയത്.

വാസ്‌കോ എംഎൽഎ കാർലോസ് അൽമെയ്ഡയും കോർട്ടലിം ജനപ്രതിനിധി അലീന സൽദാനയുമാണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം ലോബോയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതോടെ ഇത്തവണത്തെ ക്രിസ്ത്യൻ വോട്ടിന്റെ ട്രെൻഡ് ബിജെപിക്ക് അനുകൂലമല്ലെന്ന് ഏകദേശം വ്യക്തമായിക്കഴിഞ്ഞു. ഇതിനുപിന്നാലെയാണ് മായെം എംഎൽഎ പ്രവീൺ സാന്റ്യെയും പാർട്ടി വിട്ട് എംജിപിക്കൊപ്പം ചേർന്നത്. ശ്രദ്ധേയമായ കാര്യം ഇവരെല്ലാം സാവന്ത് മന്ത്രിസഭയിലെ പരീക്കർ ഗ്യാങ്ങായിരുന്നുവെന്നതാണ്. ഏറെനാളായി സർക്കാറിലെ പരീക്കർ ഗ്യാങ്ങിൽ സാവന്തിനെതിരെ കടുത്ത അതൃപ്തി പുകയുന്നുണ്ടായിരുന്നു. പാർട്ടിക്കുള്ളിൽ ഇനിയും കടുത്ത വിയോജിപ്പുമായി നിരവധി നേതാക്കൾ തുടരുന്നുണ്ട്.

മാറിയ രാഷ്ട്രീയ കാലാവസ്ഥ കൃത്യമായി മനസ്സിലാക്കിത്തന്നെയാണ് ദിവസങ്ങൾക്കുമുൻപ് പ്രമോദ് സാവന്തിന്റെ പുതിയ 'ക്ഷേത്രവിളംബരം'. പോർച്ചുഗീസ് കാലത്ത് നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ടെന്നും അതെല്ലാം പുനർനിർമിക്കേണ്ടതുണ്ടെന്നുമായിരുന്നു ആഹ്വാനം. സംസ്ഥാനത്തിന്റെ 60-ാം സ്വാതന്ത്ര്യവാർഷികത്തോടെ ക്ഷേത്രപുനർനിർമാണ യജ്ഞത്തിനു തുടക്കം കുറിക്കുമെന്നും സാവന്ത് പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിസംബർ 21ന് പോണ്ടയിൽ ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ഹിന്ദു-ക്ഷേത്ര സംസ്‌കാരം കാത്തുസൂക്ഷിക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

കഴിഞ്ഞ ഒക്ടോബറിൽ ഒരു ക്രിസ്ത്യൻ പരിപാടിയിൽ പങ്കെടുത്ത് നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. മതംമാറ്റ ശക്തികൾ ഗോവയിലുമെത്തിയിട്ടുണ്ടെന്നായിരുന്നു സാവന്തിന്റെ മുന്നറിയിപ്പ്. ഇത്തരക്കാർക്കെതിരെ ജാഗ്രതാനിർദേശവുമുണ്ടായി. കർണാടകയിൽ ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള മതപരിവർത്തന നിരോധന നിയമ ബിൽ ചർച്ചയാകുന്ന ഘട്ടത്തിലായിരുന്നു ഈ പരാമർശമെന്നതാണ് ശ്രദ്ധേയമായ കാര്യം.

ക്രിസ്ത്യൻവോട്ട് ചോരുമെന്ന കൃത്യമായ ബോധ്യത്തിൽനിന്നാണ് പരമാവധി ക്ഷേത്രകാർഡിറക്കി ഹിന്ദു വോട്ട് ഏകീകരിക്കാനുള്ള പുതിയ നീക്കം തുടങ്ങിയിരിക്കുന്നത്. തൊഴിലില്ലായ്മ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ഭരണതലത്തിലെ അഴിമതിയടക്കം കടുത്ത ഭരണവിരുദ്ധ വികാരവും സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഇതിനെ മറികടക്കാനും വർഗീയതയെന്ന അടിസ്ഥാന ഹിന്ദുത്വതത്വത്തിലേക്ക് മടങ്ങുകയാണ് സാവന്തും ബിജെപിയും.

2017നു കണക്ക് തീർക്കാൻ കോൺഗ്രസിന്?

ബിജെപിയുടെ തുടർഭരണത്തിലുള്ള വിരുദ്ധ വികാരം മുതലെടുത്തായിരുന്നു 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണം. ഒരിടവേളയ്ക്കുശേഷം കോൺഗ്രസ് വലിയ തിരിച്ചുവരവും നടത്തി; 40ൽ 17 സീറ്റും നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിക്ക് ലഭിച്ചത് 13 സീറ്റ് മാത്രം. എംജിപി, ഗോവ ഫോർവേഡ് പാർട്ടി(ജിഎഫ്പി) എന്നീ കക്ഷികൾക്ക് മൂന്ന് സീറ്റ് വീതം ലഭിച്ചു. മൂന്ന് സ്വതന്ത്രന്മാരും വിജയിച്ചു. എൻസിപിക്ക് ഒരിടത്തും ജയിച്ചു.

എൻസിപിയുടെ ഒരു സീറ്റിനു പുറമെ രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണ മാത്രം ലഭിച്ചാൽ മതിയായിരുന്നു കോൺഗ്രസിന് അധികാരം പിടിക്കാൻ. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ എഐസിസി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദ്വിഗ്‌വിജയ് സിങ്ങും മറ്റുനേതാക്കളും പനാജിയിലെ മാണ്ഡവി ഹോട്ടലിൽ ക്യാംപ് ചെയ്തായിരുന്നു സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

എന്നാൽ, മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ച് മൂന്നു പ്രമുഖ നേതാക്കൾ കണ്ണുംനട്ടിരിപ്പുണ്ടായിരുന്നു; സംസ്ഥാന പ്രസിഡന്റ് ലൂസിഞ്ഞോ ഫലെയ്‌റോ, മുൻ മുഖ്യമന്ത്രിമാരായ പ്രതാപ്‌സിങ് റാണെ, ദിഗംബർ കാമത്ത് എന്നിവർ. മൂന്നിൽ ആര് മുഖ്യമന്ത്രിയാകുന്നതും മറ്റുള്ളവർക്ക് സമ്മതമായിരുന്നില്ല. ഇതോടെ ഏറെവൈകിയും കോൺഗ്രസ് നിയമസഭാ നേതാവിനെ തെരഞ്ഞെടുക്കാനായില്ല. ഇതോടെ അസംതൃപ്തരായ നേതാക്കന്മാർ ഹോട്ടലിൽനിന്ന് പുറത്തിറങ്ങി.

കോൺഗ്രസ് ഒരു നേതാവിനെ തെരഞ്ഞെടുക്കാൻ ഇനിയും കഷ്ടപ്പെടുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് തങ്ങളെ പിന്തുണയ്ക്കുന്ന എംഎൽഎമാരെക്കൂട്ടി സർക്കാർ രൂപീകരണത്തിനുള്ള അവകാശം തേടി ബിജെപി നേതാക്കൾ രാജ്ഭവനിലെത്തുന്നത്. എംജിപിക്കും ജിഎഫ്പിക്കുമൊപ്പം സ്വതന്ത്ര എംഎൽഎമാരും പിന്തുണ ഉറപ്പാക്കിയതോടെ ബിജെപി മുന്നണിയുടെ അംഗസംഖ്യ 21 ആയി. അങ്ങനെയാണ് പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കറിനെ വീണ്ടും ഗോവയെ നയിക്കാൻ ബിജെപി തിരിച്ചയക്കുന്നത്.

കോൺഗ്രസിനതൊരു ഞെട്ടലായിരുന്നെങ്കിൽ ബിജെപി വിരുദ്ധ ചേരിക്കെല്ലാം കടുത്ത നിരാശയാണ് ഗോവയിലെ സംഭവവികാസങ്ങൾ സമ്മാനിച്ചത്. രാജ്യവ്യാപകമായി ബിജെപി മുന്നേറ്റം തുടരുമ്പോൾ ഒരു സംസ്ഥാനം കൈയിൽ കിട്ടിയിട്ടും സർക്കാരുണ്ടാക്കാനാകാത്ത കോൺഗ്രസിന്റെ ദയനീയസ്ഥിതി ഏറെ വിമർശിക്കപ്പെട്ടു. ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നേറ്റത്തെ നയിക്കാനുള്ള കോൺഗ്രസിന്റെ യോഗ്യത ഉറക്കെ ചോദ്യം ചെയ്യപ്പെട്ടു. കോൺഗ്രസിന് അപ്പാടെ നാണക്കേടായ ആ 2017ലെ വഞ്ചനയ്ക്ക് തിരിച്ചടി നൽകുക എന്നതുതന്നെയാകും കോൺഗ്രസിന്റെ ഒന്നാമത്തെ അജണ്ട. കോൺഗ്രസിനിത്തവണ ശരിക്കുമൊരു പ്രസ്റ്റീജ് പോരാട്ടം. ദേശീയരാഷ്ട്രീയത്തിൽ പ്രതിപക്ഷനിരയെ നയിക്കാനുള്ള തങ്ങളുടെ അർഹതയ്ക്കുനേരെ വിവിധ പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിൽ ചോദ്യങ്ങളുയരുമ്പോൾ കോൺഗ്രസിന് ജയിച്ചേമതിയാകൂ.


കറുത്ത കുതിരയാകാൻ തൃണമൂൽ

ഗോവയിൽ അവസാനലാപ്പിലുള്ള തൃണമൂലിന്റെ രംഗപ്രവേശം തന്നെയാണ് ഇത്തവണത്തെ സർപ്രൈസ് നീക്കം. ദേശീയരാഷ്ട്രീയത്തിലേക്ക് വേരുകൾ പടർത്താനുള്ള മമതയുടെ മോഹങ്ങളുടെ ആദ്യ പരീക്ഷണശാലയാകാനൊരുങ്ങുകയാണ് ഗോവ. ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പെയ്‌സിനെ ഇറക്കിയാണ് തൃണമൂലിന്റെ 'എയ്‌സ്'.

തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നത് പ്രശാന്ത് കിഷോറും പ്രചാരണതന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്നത് പാർട്ടിയുടെ വൈബ്രന്റ് എംപി മഹുവ മൊയ്ത്രയും. എന്തുതന്നെ ചെയ്താണെങ്കിലും ബിജെപിയെ താഴെയിറക്കിയിട്ടേ അടങ്ങിയിരിക്കൂവെന്നാണ് കഴിഞ്ഞ ദിവസം മഹുവ വ്യക്തമാക്കിയത്.

ഗോവ കോൺഗ്രസ് വർക്കിങ് പ്രസിഡന്റും മൂന്നുതവണ എംഎൽഎയുമായിരുന്ന അലെയ്‌സ്‌കോ ലോറെൻസോയെ പാർട്ടിയിലെത്തിച്ച് സംസ്ഥാന രാഷ്ട്രീയത്തെ ഞെട്ടിച്ചാണ് തൃണമൂൽ വരവറിയിച്ചത്. പിന്നാലെ, ഗോവ ഫേർവേഡ് പാർട്ടി വർക്കിങ് പ്രസിഡന്റ് കിരൺ കന്ദോൽക്കർ, നടി നഫീസ അലി, ബിജെപിയുടെ പ്രാദേശിക നേതാക്കൾ അടക്കമുള്ള പ്രമുഖരെയും പാർട്ടിയിലെത്തിച്ചുകഴിഞ്ഞു.

എംജിപിയുമായി സഖ്യം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തൃണമൂൽനീക്കം. ബിജെപിയുടെ വാഴ്ചയിൽ ഭരണരംഗത്തുനിന്നു തന്നെ മാഞ്ഞുതേഞ്ഞുകൊണ്ടിരിക്കുന്ന എംജിപി ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹിന്ദുരാഷ്ട്രീയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പാർട്ടിയായിട്ടും തൃണമൂൽ പോലൊരു കക്ഷിക്കൊപ്പം ചേരാൻ അവർ തയാറാകുന്നത്. നേരെതിരിച്ച് തൃണമൂലിന്റെ ബിജെപി വിരുദ്ധ രാഷ്ട്രീയ മുന്നേറ്റവുമായി അത് ഏതുനിലക്ക് യോജിച്ചുപോകുമെന്നും കണ്ടറിയേണ്ടതാണ്.

അതിനിടെ, കോൺഗ്രസുമായും എൻസിപിയുമായും സഖ്യചർച്ച നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എൻസിപി തലവൻ ശരദ് പവാർ തന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയത്. കോൺഗ്രസ് നേതാക്കൾ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും ചർച്ചകളുമായി മുന്നോട്ടുപോകുമെന്നാണ് പവാർ അറിയിച്ചിട്ടുള്ളത്.

അക്കൗണ്ട് തുറക്കുമോ ആപ്പ്?

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആദ്യമായി ഗോവയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും അക്കൗണ്ട് തുറക്കാൻ ആം ആദ്മി പാർട്ടിക്കായിരുന്നില്ല. എന്നാൽ, ഇതിനുശേഷം താഴേതട്ടിൽ കൃത്യമായ ആസൂത്രണത്തോടെയും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങളിലായിരുന്നു ആപ്പ്. അതുകൊണ്ടുതന്നെയാണ് മറ്റു കക്ഷികളെയെല്ലാം പിന്നിലാക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന പിറ്റേന്നു തന്നെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാൻ പാർട്ടിക്കായത്.

ഡൽഹിക്കും പഞ്ചാബിനും ശേഷം പാർട്ടി ഏറെ പ്രതീക്ഷവയ്ക്കുന്ന സംസ്ഥാനമാണ് ഗോവ. കഴിഞ്ഞ അഞ്ചുവർഷത്തെ ഗ്രാസ്‌റൂട്ട് ലെവൽ പ്രവർത്തനങ്ങളുടെ ഫലം ഇത്തവണ കാണാനാകുമെന്നു തന്നെയാണ് ആം ആദ്മി നേതൃത്വം പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിന് കേളികൊട്ടുണർന്നതിനു പിന്നാലെ പുറത്തുവരുന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ പാർട്ടി എട്ടുമുതൽ 11 വരെ സീറ്റ് നേടുമെന്ന സൂചനകൾ പുറത്തുരുന്നുണ്ട്. അത് അക്ഷരംപ്രതി യാഥാർത്ഥ്യമായാൽ ഗോവയുടെ ഭാവി തീരുമാനിക്കാൻ പോകുന്നത് ആം ആദ്മി പാർട്ടിയാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - മുഹമ്മദ് ശഹീര്‍

Web Journalist

Web Journalist at MediaOne

Similar News