സിപിഐ തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിയെ മാറ്റിയേക്കും
മുസ്‍ലിം ലീഗ് സ്ഥാനാർഥി കെപിഎ മജീദിനെതിരെ ഉയര്‍ന്ന പ്രതിഷേധം മുതലെടുക്കാനാണ് സിപിഐ നീക്കം.
മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സിപിഐ പരിഗണിക്കുന്നു. മുസ്‍ലിം ലീഗ് സ്ഥാനാർഥി കെപിഎ മജീദിനെതിരെ ഉയര്‍ന്ന പ്രതിഷേധം മുതലെടുക്കാനാണ് സിപിഐ നീക്കം.
മുസ്‍ലിം ലീഗിന്‍റെ ഉറച്ച കോട്ടയായ തിരൂരങ്ങാടിയിൽ കഴിഞ്ഞ തവണ വിജയത്തോളം പോന്ന പരാജയമായിരുന്നു എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കലകത്തിന്‍റേത്. 2011ൽ മുപ്പതിനായിരത്തിലധികം വോട്ടുകൾക്കായിരുന്നു യുഡിഎഫ് സ്ഥാനാർഥി അബ്ദുറബ്ബ് ജയിച്ചത്. 2016ൽ 7000ൽ താഴെ വോട്ടുകളായി അബ്ദുറബിന്‍റെ ഭൂരിപക്ഷം കുറക്കാൻ എൽഡിഎഫ് സ്ഥാനാർഥി നിയാസ് പുളിക്കലകത്തിനായി. എന്നാൽ ഇത്തവണ മത്സരിക്കാനില്ലെന്നായിരുന്നു നിയാസ് പുളിക്കലകത്തിന്റെ നിലപാട്. തുടർന്നാണ് സിപിഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി അജിത് കൊളാടിയെ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
മുസ്‍ലിം ലീഗ് സ്ഥാനാർഥി കെപിഎ മജീദിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സ്ഥാനാർഥിയെ മാറ്റാൻ സിപിഐ ആലോചന. ഇന്ന് ചേർന്ന ജില്ലാ കമ്മറ്റി വിഷയം ചർച്ച ചെയ്തു. വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥി നിർണയമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റുന്ന കാര്യത്തിൽ സംസ്ഥാന കമ്മറ്റി തീരുമാനമാകും നിർണായകമാകുക.