സച്ചിന്‍ ആരുടെ പേരായിരുന്നു? എട്ടു വർഷം തുറക്കാതെ വച്ച ആ സമ്മാനം എന്തായിരുന്നു? അറിയുമോ ഈ 10 സച്ചിൻ കഥകള്‍?

1990ൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലാണ് സച്ചിന് ആദ്യ ടെസ്റ്റ് 'മാൻ ഓഫ് ദ മാച്ച്' ലഭിക്കുന്നത്. അന്ന് ലഭിച്ച പാരിതോഷികം ബ്രിട്ടീഷ് നിയമം കാരണം സച്ചിനു തുറക്കാനായില്ല. എട്ടു വർഷം കഴിഞ്ഞ് മകൾ സാറയുടെ ആദ്യ ജന്മദിനത്തിലാണ് സമ്മാനം അദ്ദേഹം തുറക്കുന്നത്

Update: 2023-04-24 13:43 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ലോകക്രിക്കറ്റ് ഇതിഹാസം സച്ചിൻ രമേശ് ടെണ്ടുൽക്കർക്ക് ഇന്ന് 50-ാം പിറന്നാൾദിനമാണ്. ക്രിക്കറ്റ് ചരിത്രത്തിൽ അതുല്യവും അപ്രാപ്യവുമായ ഉയരങ്ങളിൽ തൊട്ട മാസ്റ്റർ ബ്ലാസ്റ്ററുടെ അരനൂറ്റാണ്ടു ജീവിതം എക്കാലത്തേക്കും തലമുറകളെ പ്രചോദിപ്പിക്കാൻ പോന്നതാണ്. ഈ പിറന്നാൾദിനത്തിൽ സച്ചിന്റെ സംഭവബഹുലമായ ജീവിതത്തിൽ അധികം ആരാധകർക്കും അറിയാത്ത ചില കൗതുകങ്ങൾ ഇതാ...

1. മറ്റൊരു മേഖലയിൽ മികവ് തെളിയിച്ച ഒരു പ്രമുഖ ഇന്ത്യക്കാരന്റെ പേരിലാണ് സച്ചിന് ആ പേരിടുന്നത്. മറ്റാരുമല്ല, ഇന്ത്യൻ സംഗീത കുലപതി സച്ചിൻ ദേവ് ബർമൻ എന്ന എസ്.ഡി ബർമനാണ് ആ പ്രമുഖൻ. പിതാവ് രമേശ് ടെണ്ടുൽക്കറുടെ പ്രിയപ്പെട്ട സംഗീതജ്ഞനായിരുന്നു അദ്ദേഹം.

2. സൂപ്പർ താരം സൽമാൻ ഖാനൊപ്പം ഒരു ബോളിവുഡ് ചിത്രത്തിൽ സച്ചിനും വേഷമിട്ടിട്ടുണ്ട്. ഗൗരവ് പാണ്ഡെ സംവിധാനം ചെയ്ത് റവീണ ടാൻഡൻ നിർമിച്ച, ക്രിക്കറ്റ് പ്രമേയമായുള്ള 'സ്റ്റംപ്ഡ്' ആയിരുന്നു ചിത്രം. 2003ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സച്ചിൻ ചെറുവേഷത്തിലെത്തിലാണെത്തിയത്.

3. 2002ൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ 29-ാമത് സെഞ്ച്വറി നേടി ക്രിക്കറ്റ് ഇതിഹാസം സർ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പം സച്ചിനെത്തുന്നത്. അന്താരാഷ്ട്ര വാഹനനിർമാതാക്കളായ ഫിയറ്റ് അന്ന് ഫെറാറി കാർ നൽകിയാണ് അന്ന് താരത്തെ ആദരിച്ചത്. ജർമൻ ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറായിരുന്നു സച്ചിന് ആഡംബര സ്‌പോർട്‌സ് കാർ സമ്മാനിച്ചത്.

4. സച്ചിന്റെ ഭാര്യാപിതാവ് ആനന്ദ് മേത്തയും കായികരംഗത്ത് മികവ് തെളിയിച്ച താരമാണെന്ന് അധികമാർക്കും അറിയാനിടയില്ല. അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ ആരാധകരുള്ള ചീട്ടുകളി ഇനമായ 'ബ്രിഡ്ജി'ൽ ചാംപ്യൻ താരമായിരുന്നു മേത്ത. ലണ്ടൻ സ്‌കൂൾ ഓഫ് എക്‌ണോമിക്‌സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം ബ്രിഡ്ജിൽ വൈദഗ്ധ്യം നേടുന്നത്. ഏഴുതവണ ദേശീയ ചാംപ്യനുമായിട്ടുണ്ട് ആനന്ദ് മേത്ത.

5. ഇതിഹാസജീവിതത്തിലേക്കുള്ള സച്ചിന്റെ യാത്ര ആരംഭിക്കുന്നത് 1989 നവംബർ 15നാണ്. 16-ാം വയസിൽ പാകിസ്താനെതിരെ കറാച്ചിയിലായിരുന്നു സച്ചിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. എന്നാൽ, അതിനും മാസങ്ങൾക്കുമുൻപ് സച്ചിനെ ഒരു ഇന്ത്യൻ സെലിബ്രിറ്റി അഭിമുഖം നടത്തിയിരുന്നു. അന്തരിച്ച ബോളിവുഡ് താരം ടോം ആൾട്ടറായിരുന്നു അത്.

സച്ചിൻ ബോംബേയ്ക്കു വേണ്ടി രഞ്ജി ട്രോഫി അരങ്ങേറ്റം കുറിച്ച് രണ്ടു മാസത്തിനുശേഷം 1989 ജനുവരി 19നായിരുന്നു അത്. വർഷങ്ങളുടെ പാരമ്പര്യമുള്ള ഇന്ത്യൻ ഇംഗ്ലീഷ് പത്രമായ 'മിഡ് ഡേ'യ്ക്കു വേണ്ടിയായിരുന്നു ആൾട്ടറിന്റെ അഭിമുഖം.

6. കരിയറിന്റെ തുടക്കത്തിൽ മുടിനീട്ടി വളർത്തി, ഹെഡ് ബാൻഡ് കെട്ടിയിരുന്നു സച്ചിൻ. ഒരു കായിക ഇതിഹാസത്തോടുള്ള ആരാധന മൂത്തായിരുന്നു അത്. മുൻ യു.എസ് ടെന്നീസ് താരം ജോൺ മാക്കൻറോയുടെ കൊച്ചു ആരാധകനായിരുന്നു സച്ചിൻ. മാക്കൻറോയുടെ മുഖ്യ എതിരാളിയായ ബിയോൺ ബോർഗിന്റെ ആരാധകരായിരുന്നു അച്ഛനടക്കം. എന്നാൽ, മാക്കൻറോയോടുള്ള ആരാധന കൊണ്ട് സച്ചിൻ സ്വയം 'മാക്ക്' എന്നായിരുന്നു പേരിട്ടുവിളിച്ചിരുന്നത്.

7. 1990 ഓഗസ്റ്റിൽ ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് സച്ചിൻ ആദ്യമായി 'മാൻ ഓഫ് ദ മാച്ച്' ആകുന്നത്. അന്ന് കളിയിലെ താരമായതിനു ലഭിച്ച പാരിതോഷികം പക്ഷെ സച്ചിന് ഉപയോഗിക്കാനായിരുന്നില്ല. ഒരു ഷാംപെയിൻ ബോട്ടിലായിരുന്നു താരത്തിനു ലഭിച്ചത്.

എന്നാൽ, ബ്രിട്ടീഷ് നിയമം അനുസരിച്ച് 18 വയസിനു താഴെയുള്ളവർക്ക് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനു വിലക്കുണ്ടായിരുന്നു. ബോട്ടിൽ തുറക്കാൻ പോലും പറ്റില്ലായിരുന്നു. ഷാംപൈയിൻ സൂക്ഷിച്ചുവച്ച് വർഷങ്ങൾ കഴിഞ്ഞ് 1998ൽ മകൾ സാറയുടെ ആദ്യ ജന്മദിനാഘോഷത്തിനിടെയാണ് കുപ്പി പൊട്ടിക്കുന്നത്. തുറക്കാതെ സൂക്ഷിച്ചാൽ പത്തുവർഷത്തോളം കേടുകൂടാതെ നിൽക്കുന്ന മുന്തിയയിനം ഷാംപെയിനായിരുന്നു അത്.

8. മരിയ ഷറപ്പോവ അറിയാത്തവർ ലോകത്ത് കുറവായിരിക്കും. എന്നാൽ, ടെന്നീസ് ഇതിഹാസത്തിന് ഒരു ക്രിക്കറ്റ് ഇതിഹാസത്തെ മനസിലായില്ലെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? സച്ചിനെ അറിയില്ലെന്നു പറഞ്ഞതിന്റെ പേരിൽ ഷറപ്പോവ പിടിച്ച പൊല്ലാപ്പ് ചില്ലറയായിരുന്നില്ല. ഒരു വിംബിൾഡൻ മത്സരം കഴിഞ്ഞ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഷറപ്പോവയുടെ 'വിവാദ' പരാമർശം.

9. 2005ൽ തന്റെ പ്രിയപ്പെട്ട സംഗീതജ്ഞന് സച്ചിൻ ഓട്ടോഗ്രാഫ് കുറിച്ച തന്റെ ബാറ്റ് സമ്മാനിക്കുന്നുണ്ട്. ബ്രിട്ടീഷ് സംഗീതജ്ഞൻ മാർക് നോപ്ഫ്‌ളർക്കായിരുന്നു അത്. ഇന്ത്യയിൽ ആദ്യമായി പരപാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും.

10. 2018 വരെ മലയാളികളുടെ സ്വന്തം ഐ.എസ്.എൽ ടീം കേരള ബ്ലാസ്റ്റേഴ്‌സിൽ ഓഹരിയുണ്ടായിരുന്നു സച്ചിനെന്ന് എല്ലാവർക്കും അറിയും. എന്നാൽ, മറ്റൊരു ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ സഹ ഉടമ കൂടിയായിരുന്നു അദ്ദേഹം. പ്രീമിയർ ബാഡ്മിന്റൺ ലീഗിലെ പ്രമുഖ ടീമുകളിലൊന്നായ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിലായിരുന്നു സച്ചിന് നിക്ഷേപമുണ്ടായിരുന്നത്.

കടപ്പാട്: ക്രിക്ക് ഇന്‍ഫോ

Summary: 10 lesser known facts about the Cricket legend Sachin Tendulkar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News