എസ്പി എംപിയുമായുള്ള വിവാഹനിശ്ചയം; ക്രിക്കറ്റ് താരം റിങ്കു സിംഗിനെ ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

റിങ്കു സിംഗ് ഇപ്പോൾ ഒരു രാഷ്ട്രീയ വ്യക്തിയുമായി വ്യക്തിപരമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ തുടർന്നുള്ള പങ്ക് രാഷ്ട്രീയ പക്ഷപാതപരമായി കാണപ്പെടാമെന്നും ഇത് പ്രചാരണത്തിന്റെ നിഷ്പക്ഷ സ്വരത്തെ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി

Update: 2025-08-02 07:16 GMT

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി (എസ്‌പി) എംപി പ്രിയ സരോജുമായുള്ള വിവാഹനിശ്ചയത്തിന് പിന്നാലെ ക്രിക്കറ്റ് താരം റിങ്കു സിംഗിനെ വോട്ടർ ബോധവൽക്കരണ കാമ്പെയ്‌നിന്റെ ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. റിങ്കു സിംഗ് ഇപ്പോൾ ഒരു രാഷ്ട്രീയ വ്യക്തിയുമായി വ്യക്തിപരമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ തുടർന്നുള്ള പങ്ക് രാഷ്ട്രീയ പക്ഷപാതപരമായി കാണപ്പെടാമെന്നും ഇത് പ്രചാരണത്തിന്റെ നിഷ്പക്ഷമായ സ്വരത്തെ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി.

റിങ്കു സിംഗിന്റെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ, ബാനറുകൾ, വിഡിയോകൾ, ഡിജിറ്റൽ ഉള്ളടക്കം എന്നിവയുൾപ്പെടെയുള്ള എല്ലാ പ്രചാരണ സാമഗ്രികളും നീക്കം ചെയ്യാൻ ഇസിഐ എല്ലാ ജില്ലകളിലും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാമഗ്രികൾ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉത്തർപ്രദേശിലുടനീളമുള്ള ജില്ലാ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക നോട്ടീസും അയച്ചിട്ടുണ്ട്.ജൂൺ 8 ന് ജൗൻപൂരിലെ മച്ച്‌ലിഷഹറിൽ നിന്നുള്ള എസ്പി എംപി പ്രിയ സരോജുമായി റിങ്കു സിംഗിന്റെ വിവാഹനിശ്ചയം നടന്നു. എസ്പി നേതാവ് അഖിലേഷ് യാദവ്, ഡിംപിൾ യാദവ്, ശിവ്പാൽ യാദവ്, ജയ ബച്ചൻ, രാംഗോപാൽ യാദവ് എന്നിവരുൾപ്പെടെ 20 ലധികം പാർലമെന്റ് അംഗങ്ങൾ പങ്കെടുത്ത പരിപാടിയിലായിരുന്നു അവരുടെ വിവാഹനിശ്ചയം.

ഒരു കായികതാരം എന്ന നിലയിൽ റിങ്കു സിംഗിന്റെ നേട്ടങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കിലും പൊതുജന സമ്പർക്കത്തിൽ നിഷ്പക്ഷതക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. ഇതുവരെ റിങ്കു സിംഗോ പ്രിയ സരോജോ ഈ വിഷയത്തിൽ പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല. 


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News