സഹാറ, ബൈജൂസ്,....ഡ്രീം ഇലവന്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സി സ്പോണ്സര്മാർക്ക് സംഭവിക്കുന്നതെന്ത്
ഏറ്റവും മൂല്യമേറിയ മാർക്കറ്റിങ് ആസ്തിയായിരിക്കുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ജഴ്‌സി സ്‌പോണ്‍സർഷിപ്പ് ഏറ്റെടുക്കുന്ന കമ്പനികൾ വലിയ തിരിച്ചടിയാണ് നേരിടുന്നത്
നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്, കുറച്ചുകാലമായി ഈ അവസ്ഥയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സർമാർക്ക്. സഹാറയും, ബൈജൂസും, ഡ്രീം ഇലവനുമൊക്കെ വളർച്ചയുടെ കുതിപ്പിനിടെ വീണുപോയത് എന്തുകൊണ്ടാണെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.
ജഴ്‌സി സ്‌പോണ്‍സറായിരുന്ന ഡ്രീം ഇലവനുണ്ടായ തിരിച്ചടിയാണ് വീണ്ടും സ്പോൺസർമാരെ പറ്റിയുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. പണം വെച്ചുള്ള ഓൺലൈൻ ഗെയിമിങുകൾക്ക് കേന്ദ്ര സർക്കാർ പൂട്ടിട്ടതോടെ ഡ്രീം ഇലവന്‍ ബിസിസിഐയുമായുള്ള 358 കോടി രൂപയുടെ സ്പോൺസർഷിപ്പ് കരാർ പിൻവലിച്ചു. പണം ഉപയോഗിച്ചുള്ള ഗെയിമുകൾക്ക് തടയിടാനായി പ്രമോഷൻ ആന്റ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025 ലാണ് പാസാക്കിയത്.
മുൻ സ്പോൺസർമാരായ വൻകിട കമ്പനികളും സമാനമായി പാതിവഴിയിൽ വീണുവെന്നത് ബിസിസിഐയുടെ ചരിത്രത്തിന്‍റെ ഭാഗമാണ്. സഹാറ, സ്റ്റാർ ഇന്ത്യ, മൈക്രോമാക്‌സ്, ഒപ്പോ, പേടിഎം, ബൈജൂസ് തുടങ്ങിയ കമ്പനികളും ഈ 'ജഴ്‌സിശാപ'ത്തിന് ഇരയായിട്ടുണ്ട്.
ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി സ്‌പോണ്‍സർ ചെയ്തശേഷം സാമ്പത്തികനഷ്ടങ്ങള്‍, നിയമപ്രശ്‌നങ്ങള്‍, തകർച്ചയിലാണെന്ന പ്രതിച്ഛായകൾ ഉൾപ്പെടുന്ന പ്രതിസന്ധികള്‍ ഈ കമ്പനികൾ അഭിമുഖീകരിക്കേണ്ടിവന്നു. ഏഷ്യാകപ്പ് 2025, ട്വന്റി ട്വന്റി വേള്‍ഡ്കപ്പ് പോലെ വലിയ ടൂർണമെന്‍റുകൾക്കായി ബിസിസിഐ സ്‌പോണ്‍സർമാരെ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ 'ജഴ്‌സിശാപം' സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്.
2001 മുതല്‍ 2013 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സർ സഹാറ ആയിരുന്നു. സഹാറ പിന്നീട് സെബിയുടെ നിയമനടപടികള്‍ക്ക് വിധേയമാവുകയും സുബ്രത റോയ് 2014-ല്‍ അറസ്റ്റിലാവുകയും ചെയ്തത് ഈ ശാപക്കഥയ്ക്ക് തുടക്കമിട്ടു.
സഹാറയ്ക്കു ശേഷം സ്‌പോണ്‍സർഷിപ്പ് ഏറ്റെടുത്ത ഡിസ്‌നി ഉടമസ്ഥതയിലുള്ള സ്റ്റാർ ഇന്ത്യയും തിരിച്ചടി നേരിട്ടു. ഹോട്‌സ്റ്റാറിലൂടെ സാമ്പത്തിക നഷ്ടവും കോമ്പറ്റീഷന്‍ കമ്മീഷന്റെ അന്വേഷണവും നേരിടേണ്ടിവന്നു. വന്‍കിട കമ്പനികള്‍ക്ക് പോലും ഈ തകർച്ചയില്‍നിന്ന് രക്ഷയില്ലാത്ത സ്ഥിതിയാണ്. ബിസിസിഐക്ക് പിന്തുണയുമായി പിന്നീടെത്തിയത് ചൈനീസ് സ്മാർട്ട്ഫോണ്‍ കമ്പനിയായ ഒപ്പോയാണ്. 1079 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടിരുന്നെങ്കിലും പ്രതീക്ഷിച്ച ലാഭം കിട്ടാത്തതിനാല്‍ ഒപ്പോ പിന്മാറുകയായിരുന്നു. പേറ്റന്റ് കേസുകൾ അവരുടെ പ്രതിസന്ധി വർധിപ്പിച്ചു
സ്പോൺസർമാരായ പേടിഎം സാമ്പത്തിക നഷ്ടങ്ങളും നിയമപരമായ പ്രശ്‌നങ്ങളും നേരിട്ടപ്പോള്‍, മൈക്രോമാക്‌സ് ചൈനീസ് മത്സരത്തില്‍ തകർന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എഡ്‌ടെക് യൂണികോണായിരുന്ന ബൈജൂസ് ബിസിസിഐക്ക് വേണ്ടി മുന്നിലേക്ക് വന്നു. 158 കോടി രൂപയുടെ സ്‌പോണ്‍സർഷിപ്പ് കരാർ ഒപ്പിട്ടെങ്കിലും കമ്പനി വലിയ പ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന വാർത്തകളാണ് പിന്നീട് കേട്ടത്. ഇതോടെ പണം നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. കമ്പനി പാപ്പരാവുകയും വന്‍തോതിലുള്ള പിരിച്ചുവിടല്‍ നടപടികള്‍ക്ക് നിർബന്ധിതരാവുകയും ചെയ്തത് ഈ ശാപകഥയിലെ മറ്റൊരു അധ്യായമായി മാറി.
ഫിന്‍ടെക് കമ്പനികള്‍ക്കും ഫോണ്‍ നിർമാതാക്കള്‍ക്കും ഈ ശാപത്തില്‍നിന്ന് മുക്തിനേടാന്‍ കഴിഞ്ഞില്ല. എക്‌സ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടുന്ന സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകളും തമാശകളും ഉണ്ടാക്കി ആരാധകർ ഈ വിഷയം ചർച്ചയാക്കുന്നുണ്ട്. ''ബിസിസിഐ സ്‌പോണ്‍സർ ചെയ്യുന്ന എല്ലാ കമ്പനികളും തകരുന്നു' എന്ന രീതിയിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളുമായി ഇനി സഹകരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ സ്ഥിരീകരിച്ചു. ഫാന്റസി സ്‌പോർട്സ് പ്രൊമോഷനുകള്‍ക്ക് സർക്കാർ വിലക്കേർപ്പെടുത്തിയതാണ് ബിസിസിഐയുടെ ഈ നയംമാറ്റത്തിൻ്റെ പിന്നിൽ. ഏറ്റവും മൂല്യമേറിയ മാർക്കറ്റിങ് ആസ്തിയായിരിക്കുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ജഴ്‌സി സ്‌പോണ്‍സർഷിപ്പ് ഏറ്റെടുക്കാൻ കമ്പനികൾ ഒന്നു മടിക്കും. 2001 നു ശേഷം വന്ന മിക്ക സ്‌പോണ്‍സർമാരുടെയും ചരിത്രം ആരും മറക്കില്ലല്ലോ..