ക്രിക്കറ്റിനോട് വിട പറഞ്ഞ് കൈഫ്

മൈതാനത്തെ പറക്കുംതാരം ക്രിക്കറ്റിനോട് വിട പറഞ്ഞു. തനിക്ക് ഒരിക്കലും മറക്കാനാകാത്ത ആ ഫൈനലിന്‍റെ പതിനാറാം വാര്‍ഷികത്തിലാണ് ക്രിക്കറ്റിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Update: 2018-07-13 11:28 GMT

മൈതാനത്തെ പറക്കുംതാരം ക്രിക്കറ്റിനോട് വിട പറഞ്ഞു. നാറ്റ്‍വെസ്റ്റ് വിജയത്തിലെ ഹീറോ മുഹമ്മദ് കൈഫ്, തനിക്ക് ഒരിക്കലും മറക്കാനാകാത്ത ആ ഫൈനലിന്‍റെ പതിനാറാം വാര്‍ഷികത്തിലാണ് ക്രിക്കറ്റിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

12 വര്‍ഷം മുമ്പാണ് ഏറ്റവുമൊടുവില്‍ കൈഫ്, ഇന്ത്യന്‍ ജേഴ്‍സിയില്‍ മൈതാനത്ത് ഇറങ്ങിയത്. 2006 നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് കൈഫ് അവസാന ഏകദിനം കളിച്ചത്. മൈതാനത്തെ മിന്നല്‍ ഫീല്‍ഡിങ് കൊണ്ട് ലോകം അറിഞ്ഞ പ്രതിഭയായിരുന്നു കൈഫ്. ഇന്ത്യക്ക് വേണ്ടി 13 ടെസ്റ്റുകളും 125 ഏകദിനങ്ങളും കൈഫ് കളിച്ചു. 2002 ലെ നാറ്റ്‍വെസ്റ്റ് ട്രോഫി ഫൈനലില്‍ ലോര്‍ഡ്സിലെ മൈതാനത്ത് ടീമിനെ വിജയത്തിലേക്ക് എത്തിച്ച 87 റണ്‍സ് പ്രകടനം ഒരു ആരാധകനും കൈഫും മറക്കില്ല.

Advertising
Advertising

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും താന്‍ ഇന്ന് വിരമിക്കുകയാണ്, 16 വര്‍ഷം മുമ്പത്തെ നാറ്റ്‍വെസ്റ്റ് ട്രോഫി ജയത്തിന്‍റെ ഓര്‍മയില്‍.

ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു മുഹമ്മദ് കൈഫ്. യുവരാജ് സിങിനൊപ്പം മത്സരിച്ചായിരുന്നു കൈഫിന്‍റെ അക്കാലത്തെ പ്രകടനങ്ങള്‍. 'ഇന്ത്യന്‍ ജേഴ്‍സിയണിയാന്‍ അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഇന്ത്യക്ക് വേണ്ടി 125 ഏകദിനങ്ങളും 13 ടെസ്റ്റുകളിലും കളിക്കാനായി. മറക്കാന്‍ കഴിയാത്ത ഒരുപാട് ഓര്‍മകളും അതിനൊപ്പം നെഞ്ചില്‍ ചേര്‍ക്കാന്‍ തനിക്കായി.' - കൈഫ് പറയുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിട്ടായിരിക്കും കൈഫ് ഓര്‍മിക്കപ്പെടുക. ചോരാത്ത കൈകളും പരിധിക്കപ്പുറത്ത് പായുന്ന പന്തിനെ പറന്നുപിടിക്കാനുള്ള പ്രതിഭയും കൈഫിനെ ഫീല്‍ഡിലെ സ്‍പൈഡര്‍മാനാക്കി രൂപപ്പെടുത്തുകയായിരുന്നു.

Tags:    

Similar News