വനിത ടി20 ലോകകപ്പില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ

ഹർമൻപ്രീത് കൗറിന് സെഞ്ച്വറി. ദയാലന്‍ ഹേമലതയും പൂനം യാദവും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ, രാധ യാദവ് രണ്ടും, അരുന്ധതി റഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി.

Update: 2018-11-10 02:31 GMT

എെ.സി.സി വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 34 റണ്‍സിനാണ് ഇന്ത്യ തകർത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ സെഞ്ച്വറിയുടെ മികവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളു.

സ്കോർ: ഇന്ത്യ 194/5 ന്യൂസിലൻഡ് 160/9

ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണ് ഹര്‍മന്‍പ്രീത് കൗർ നേടിയത്. സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ഹര്‍മന്‍പ്രീത്, 51 പന്തുകളിൽ നിന്നാണ് എട്ട് സിക്‌സും ഏഴ് ഫോറും ഉൾപ്പടെ 103 റണ്‍സാണെടുത്തത്. ജമീമ റ‍ോഡ്രഗസ് 59 റണ്‍സെടുത്ത് പുറത്തായി. നാൽപത് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ ഇരുവരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കിവീസിനായി ലിയ തഹുഹു രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോൾ, ലെയ് കാസ്പെറക്, ജെസ് വറ്റ്കിൻ, സോഫിയ ഡിവെെൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Advertising
Advertising

വലിയ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് മികച്ച തുടക്കം ലഭിച്ചെങ്കിലും, തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ 44 റൺസ് വേണ്ടിയിരുന്നിടത്ത് പത്ത് റൺസെടുക്കാനേ ന്യൂസിലാൻഡിനായുള്ളു. ന്യൂസിലൻഡിനായി സൂസി ബെറ്റ്‌സ് 67ഉം കാത്തി മാര്‍ട്ടിന്‍ 39 റണ്‍സുമെടുത്തു. ഇന്ത്യക്ക് വേണ്ടി ദയാലന്‍ ഹേമലതയും പൂനം യാദവും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ, രാധ യാദവ് രണ്ടും, അരുന്ധതി റഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി.

Tags:    

Similar News