ബാറ്റിംങ് വന്‍മതില്‍ രണ്ടാമനായി പുജാര
അവിചാരിതമെങ്കിലും ദ്രാവിഡിനോട് തോളോടു തോള്‍ ചേര്‍ന്നാണ് പുജാരയും ടെസ്റ്റില്‍ മുന്നേറുന്നത്. ഇരുവരും 108 ഇന്നിംങ്‌സുകളില്‍ നിന്നാണ് 5000 ടെസ്റ്റ് റണ്ണുകള്‍ നേടിയത്
ആസ്‌ത്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയ ഏകപ്രകടനം ചേതേശ്വര്‍ പുജാരയുടെ സെഞ്ചുറിയാണ്. ഇന്ത്യയുടെ ബാറ്റിംങ് വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് പുജാര നടത്തിയത്. അഡലെയ്ഡില്‍ സെഞ്ചുറിക്കൊപ്പം ടെസ്റ്റില്‍ 5000 റണ്‍സ് പുജാര പൂര്‍ത്തിയാക്കുകയും ചെയ്തു.
അവിചാരിതമെങ്കിലും ദ്രാവിഡിനോട് തോളോടു തോള്‍ ചേര്‍ന്നാണ് പുജാരയും ടെസ്റ്റില്‍ മുന്നേറുന്നത്. ഇരുവരും 108 ഇന്നിംങ്‌സുകളില്‍ നിന്നാണ് 5000 ടെസ്റ്റ് റണ്ണുകള്‍ നേടിയത്. നേരത്തെ 3000, 4000 റണ്ണുകളും ദ്രാവിഡും പുജാരയും പൂര്‍ത്തിയാക്കിയത് യഥാക്രമം 67, 84 ഇന്നിംങ്‌സുകളില്‍ നിന്നായിരുന്നു.
പുജാര അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ വന്‍മതിലിന്റെ പാത പിന്തുടരുകയാണ് ടെസ്റ്റില്‍. ബാറ്റ്‌സ്മാന്മാര്‍ ഒന്നിനുപുറകേ മറ്റൊന്നായി പുറത്താകുമ്പോഴും ഒരറ്റത്തത്ത് ഉറച്ചു നിന്നാണ് ഇന്ത്യന്‍ ഇന്നിംങ്‌സിന് പുജാര മാന്യത നല്‍കിത്. 5000 ടെസ്റ്റ് റണ്‍ നേടിയ ഇന്ത്യക്കാരുടെ പട്ടികയില്‍ അഞ്ചാമതാണ് പുജാര. സുനില്‍ ഗവാസ്‌കര്‍(95 ഇന്നിംങ്‌സ്), സെവാഗ്(99), സച്ചിന്‍(103), കോഹ്‌ലി(105) എന്നിവരാണ് പുജാരക്ക് മുന്നിലുള്ളവര്‍. ഒപ്പമുള്ളതാവട്ടെ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡും.
41ന് 4 എന്ന നിലയില്‍ വിഷമിച്ചു നിന്ന ഇന്ത്യയെ രോഹിത്ത് ശര്‍മ്മക്കും ഋഷഭ് പന്തിനുമൊപ്പമുള്ള കൂട്ടുകെട്ടുകളിലൂടെയാണ് പുജാര കൈപിടിച്ചുയര്‍ത്തിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും രോഹിത്ത് ശര്‍മ്മയും(37) പന്തും(25) അലക്ഷ്യമായ ഷോട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ക്ഷമയുടെ ടെസ്റ്റില്‍ വിജയിച്ച പുജാര 232 പന്തുകളില്‍ നിന്നാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങിയതായിരുന്നു പുജാരയുടെ(123) സെഞ്ചുറി.