അസ്ഹറിന്‍റെ വിലക്ക് അവര്‍ക്ക് ഒഴിവാക്കാമെങ്കില്‍ എന്തുകൊണ്ട് എന്നോട് ഇങ്ങനെ... ശ്രീശാന്ത് സുപ്രിംകോടതിയില്‍
ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടി ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരെ ശ്രീശാന്ത് നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന് 2000 ലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്നീട് ഒഴിവാക്കിയ ബി.സി.സി.ഐ തന്നോട് ചെയ്യുന്നത് ക്രൂരതയാണെന്ന് മലയാളി താരം ശ്രീശാന്ത്. തനിക്ക് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കുറച്ചേറെ കടുപ്പമാണെന്നും ശ്രീശാന്ത് പറഞ്ഞു. ഒത്തുകളി കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും നാലു വര്‍ഷമായി തനിക്കുള്ള വിലക്ക് തുടരുകയാണെന്നും ശ്രീശാന്ത് സുപ്രിംകോടതിയെ ബോധിപ്പിച്ചു.
അസ്ഹറിന്‍റെ വിലക്ക് ബി.സി.സി.ഐക്ക് ഒഴിവാക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് തന്‍റെ കാര്യത്തില്‍ മറ്റൊരു നിലപാട് തുടരുന്നതെന്ന് ശ്രീശാന്ത് ചോദിച്ചു. ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐ നടപടി ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരെ ശ്രീശാന്ത് നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ജനുവരി മൂന്നാം വാരം ഹരജി പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, അജയ് രസ്തോഗി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വിചാരണകോടതി വിധിക്കെതിരായ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചുവരികയാണെന്നും ജനുവരി രണ്ടാംവാരമാണ് കേസ് പരിഗണിക്കുന്നതെന്നും അതുകൊണ്ട് തന്നെ ജനുവരി മൂന്നാംവാരം ഹരജി പരിഗണിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ശ്രീശാന്തിന് 35 വയസായെന്നും ഇനിയും വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് ബ്രിട്ടനിലെ ക്ലബ്ബ് ക്രിക്കറ്റ് പോലും കളിക്കാന്‍ കഴിയില്ലെന്നും താരത്തിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. യു.കെയിലെ രണ്ടു മൂന്നു ക്ലബ്ബുകളില്‍ നിന്ന് ശ്രീശാന്തിന് ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒത്തുകളി വിവാദത്തിന്‍റെ പേരില്‍ ശ്രീശാന്തിനല്ലാതെ മറ്റാര്‍ക്കും ആജീവനാന്ത വിലക്ക് നിലനില്‍ക്കുന്നില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. എന്നാല്‍ കളിയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അതുകൊണ്ട് തന്നെ ആജീവനാന്തവിലക്ക് പിന്‍വലിക്കാന്‍ കഴിയില്ലെന്നും ബി.സി.സി.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പരാഗ് ത്രിപാഠി പറഞ്ഞു.