ആവേശ ടെസ്റ്റില്‍ ഇന്ത്യക്ക് 31 റണ്‍സ് ജയം
രണ്ട് ഇന്നിംങ്‌സിലും ഇന്ത്യയുടെ ടോപ് സ്‌കോററായ പുജാരയും(123, 71) ബൗളര്‍മാരുമാണ് ഇന്ത്യക്ക് ആസ്‌ത്രേലിയന്‍ മണ്ണില്‍ സ്വപ്‌ന തുല്യമായ തുടക്കം സമ്മാനിച്ചത്.
ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. അഡലെയ്ഡില്‍ 31 റണ്‍സിന്റെ വിജയമാണ് കോഹ്‌ലിക്ക് കീഴില്‍ ടീം ഇന്ത്യ നേടിയത്. രണ്ട് ഇന്നിംങ്‌സിലും ഇന്ത്യയുടെ ടോപ് സ്‌കോററായ പുജാരയും(123, 71) ബൗളര്‍മാരുമാണ് ഇന്ത്യക്ക് ആസ്‌ത്രേലിയന്‍ മണ്ണില്‍ സ്വപ്‌ന തുല്യമായ തുടക്കം സമ്മാനിച്ചത്.
സ്‌കോര്‍ - ഇന്ത്യ 250, 307 ആസ്‌ത്രേലിയ 235, 291
ഇതുവരെ ആസ്‌ത്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന നാണക്കേടിന്റെ റെക്കോഡ് തിരുത്താനുറച്ചാണ് ടീം ഇന്ത്യ ആസ്‌ത്രേലിയയിലെത്തിയത്. അതിനാവശ്യമായ മികച്ച തുടക്കം തന്നെ ഇന്ത്യക്ക് ലഭിക്കുകയും ചെയ്തു. രണ്ട് ഇന്നിംങ്‌സിലും ക്ഷമയോടെ ബാറ്റ് വീശിയ പുജാരക്കും ആക്രമണോത്സുകമായി പന്തെറിഞ്ഞ ബൗളര്‍മാര്‍ക്കുമാണ് ഇന്ത്യന്‍ ജയത്തിന്റെ ക്രഡിറ്റ്.
അഞ്ചാം ദിനം നാലിന് 104 എന്ന നിലയില്‍ ബാറ്റിംങ് പുനരാരംഭിച്ച ആസ്‌ത്രേലിയക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത് ഇഷാന്ത് ശര്‍മ്മയായിരുന്നു. പതിവിനപ്പുറത്തേക്ക് കുത്തിയുയര്‍ന്ന ഇഷാന്തിന്റെ പന്തില്‍ ബാറ്റുവെച്ച ഹെഡ് രഹാനെക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങി. ക്യാപ്റ്റന്‍ പെയ്‌നേയും(41) കുമ്മിന്‍സിനേയും(121 പന്തില്‍ 28) ബുംറ മടക്കിയതോടെ ഇന്ത്യ വേഗത്തില്‍ ജയം പ്രതീക്ഷിച്ചതാണ്. എന്നാല്‍ വാലറ്റത്ത് സ്റ്റാര്‍ക്ക്(28) ലയോണ്‍(38*) എന്നിവര്‍ നടത്തിയ പ്രതിരോധമാണ് ഇന്ത്യന്‍ ജയം വൈകിപ്പിച്ചത്.
അവസാന മൂന്നുവിക്കറ്റുകളില്‍ 104റണ്‍സാണ് ഓസീസ് ബാറ്റ്‌സ്മാന്മാര്‍ കൂട്ടിച്ചേര്‍ത്തത്. ഈവാലറ്റവും മധ്യനിരയും കോഹ്#ലിക്കും ബൗളര്‍മാര്‍ക്കുംവലിയ തലവേദനയുണ്ടാക്കി. ആദ്യ അഞ്ച് വിക്കറ്റുകള്‍ 56 ഓവറില്‍ വീണപ്പോള്‍ പിന്നീടുള്ള അഞ്ച് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്ക് 63ലേറെ ഓവറുകള്‍ എറിയേണ്ടി വന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഷമിയും ബുംറയും അശ്വിനും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അശ്വിന്‍ രണ്ടും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി.
ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ആദ്യമായാണ് ആസ്ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിക്കുന്നത്. ഇതിന് മുമ്പ് 2007-2008 ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് പെര്‍ത്തില്‍ വെച്ചായിരുന്നു ആസ്ത്രേലിയന്‍ മണ്ണില്‍ ഇന്ത്യ അവസാന ടെസ്റ്റ് വിജയം നേടിയത്.