മടങ്ങി വരവ് ഗംഭീരമാക്കി ഹാർദ്ധിക് പാണ്ഡ്യ
ഇതോടെ താരത്തെ ഇന്ത്യൻ ടീമിലേക്ക് മടക്കി വിളിക്കണമെന്ന അവശ്യം ശക്തമായി
പരിക്ക് മാറി കളിക്കളത്തിലേക്ക് തിരിച്ചെത്തി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ധിക് പാണ്ഡ്യ. മടങ്ങിവരവ് തന്നെ ഗംഭീരമായിരുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരായ മത്സരത്തിലൂടെയാണ് ബാറോഡ താരം മടങ്ങിയെത്തിയത്. ആദ്യ ഇന്നിങ്സിൽ തന്നെ അഞ്ച് മുംബൈ താരങ്ങളുടെ വിക്കറ്റ് വീഴ്ത്തിയ താരം മികച്ച ഫോമിലാണെന്നും തെളിയിച്ചു. ഓപ്പണർമാരെ രണ്ട് പേരെയും അടുത്തടുത്ത ഓവറുകളിൽ മടക്കിയാണ് ഹർദ്ധിക് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. അവസാന സെഷനിൽ ശിവം ദുബെയേയും താരം പുറത്താക്കി.
മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നായിരുന്നു താരം അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയത്. ആകാശിനെയും റോയ്സ്റ്റണിനെയും പുറത്താക്കി മുംബൈ ഇന്നിങ്സ് അവസാനിപ്പിച്ചതും ഹാർദ്ധിക് തന്നെയായിരുന്നു. 18.5 ഓവറുകളെറിഞ്ഞ ഹാർദ്ധിക് 81 റൺസ് വിട്ടുനൽകിയാണ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ താരത്തിന്റെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്. മുംബൈക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ഹാർദ്ധിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിലേക്ക് മടക്കി വിളിക്കണമെന്ന അവശ്യം ശക്തമായി. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ തന്നെ ഹാർദ്ധിക്കിനെ ഉൾപ്പെടുത്തണമെന്ന അവശ്യവുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബറിൽ നടന്ന ഏഷ്യ കപ്പിനിടയിലാണ് ഹാർദ്ധിക്കിന് പരിക്കേൽക്കുന്നത്.