കോഹ്‌ലിയുടെ സെഞ്ചുറി ആഘോഷത്തിന്റെ അര്‍ഥം
സെഞ്ചുറി നേടിയ ശേഷം കോഹ്‌ലി നടത്തിയ ശാന്തഗംഭീര സെഞ്ചുറി ആഘോഷത്തിന്റെ അര്‍ഥമാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ താന്‍ തന്നെയെന്ന് ഉറപ്പിക്കുന്ന പ്രകടനമായിരുന്നു പെര്‍ത്ത് ടെസ്റ്റില്‍ കോഹ്‌ലി നടത്തിയത്. കോഹ്‌ലിയുടെ 123 റണ്‍സിന്റെ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിംങ്‌സില്‍ സുപ്രധാനമായത്. സെഞ്ചുറി നേടിയ ശേഷം കോഹ്‌ലി നടത്തിയ ശാന്തഗംഭീര സെഞ്ചുറി ആഘോഷത്തിന്റെ അര്‍ഥമാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.
പേസര്‍മാര്‍ ഉഴുതുമറിച്ച പെര്‍ത്തിലെ പിച്ചില്‍ 25ആം ടെസ്റ്റ് സെഞ്ചുറിയാണ് കോഹ്‌ലി കുറിച്ചത്. ഓപണര്‍മാരെ നഷ്ടമായി ഇന്ത്യ പരുങ്ങിയ അവസ്ഥയിലാണ് ക്യാപ്റ്റന്‍ കോഹ്ലിയെത്തി ടീമിനെ മുന്നോട്ടു നയിച്ചത്. ആസ്‌ത്രേലിയക്കെതിരായ ആറാം സെഞ്ചുറിയാണിത്. ഇതോടെ സച്ചിന്റെ റെക്കോഡിനൊപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ എത്തി. ആസ്‌ത്രേലിയുടെ 326 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് ആശ്വാസമായത് കോഹ്‌ലിയുടെ ഈ ക്ഷമാപൂര്‍വ്വമായ ഇന്നിംങ്‌സായിരുന്നു. 257 പന്തുകളില്‍ നിന്നും 13 ഫോറും ഒരു സിക്‌സും അടിച്ചാണ് കോഹ്‌ലി 123 റണ്‍സ് നേടിയത്. മത്സരസാഹചര്യങ്ങള്‍കൂടി പരിഗണിച്ചാല്‍ കോഹ്‌ലിയുടെ ഏറ്റവും മികച്ച സെഞ്ചുറികളുടെ ഗണത്തില്‍ പെടുന്ന ഒന്നായിരുന്നു പെര്‍ത്തിലേത്.
സെഞ്ചുറി നേടിയാല്‍ സാധാരണ ഗതിയിലുള്ള ആവേശആഘോഷമാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ പെര്‍ത്തില്‍ ശാന്തഗംഭീരമായ ആഘോഷമാണ് കോഹ്‌ലി നടത്തിയത്. സെഞ്ചുറി റണ്‍ കുറിച്ചശേഷം പതുക്കെ ഹെല്‍മെറ്റ് ഊരി ബാറ്റിനെ ചൂണ്ടി കൈകൊണ്ട് സംസാരിക്കുന്ന ആംഗ്യം കാണിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. എന്റെ ബാറ്റ് സംസാരിക്കുമെന്നാണ് കോഹ്‌ലി ഇതുകൊണ്ടുദ്ദേശിച്ചതെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.