ഇനി 'ഇന്ത്യക്കാരൻ' മാത്രം; ഇൻസ്റ്റ ബയോ എഡിറ്റ് ചെയ്ത് ഭുവി-അഭ്യൂഹം

കഴിഞ്ഞ വർഷം ന്യൂസിലൻഡിൽ നടന്ന പരമ്പരയിലാണ് അവസാനമായി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്

Update: 2023-07-28 13:27 GMT
Editor : Shaheer | By : Web Desk

ലഖ്‌നൗ: ഇൻസ്റ്റഗ്രാം ബയോയിൽനിന്ന് ക്രിക്കറ്റർ വെട്ടി ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ. നേരത്തെയുണ്ടായിരുന്ന ബയോ എഡിറ്റ് ചെയ്ത് ഇന്ത്യൻ എന്നു മാത്രം നിർത്തിയിരിക്കുകയാണ് താരം. ഇതിനു പിന്നാലെ അഭ്യൂഹങ്ങളും തലപൊക്കിയിട്ടുണ്ട്.

നേരത്തെ ഇന്ത്യൻ ക്രിക്കറ്റർ എന്നായിരുന്നു താരത്തിന്റെ ഇൻസ്റ്റഗ്രാം ബയോയിൽ ചേർത്തിരുന്നത്. ഇതാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനം പുരോഗമിക്കുന്നതിനിടെയാണ് താരത്തിന്റെ നടപടി. ഇതിനെ വിരമിക്കൽ നീക്കമായും വിലയിരുത്തുന്നവരുണ്ട്. വിൻഡീസിനെതിരായ ഏകദിന, ടി20 ടീമുകളിൽ 33കാരന് ഇടംലഭിച്ചിട്ടില്ല.

Advertising
Advertising

അവസാനമായി കഴിഞ്ഞ വർഷം ന്യൂസിലൻഡിൽ നടന്ന പരമ്പരയിലാണ് ഭുവനേശ്വർ കുമാർ ദേശീയ കുപ്പായത്തിൽ കളിക്കുന്നത്. ഇതിനുശേഷം കിവികളുടെ ഇന്ത്യൻ പര്യടനത്തിലും ശ്രീലങ്കൻ പരമ്പരയിലുമൊന്നും ഇടംലഭിച്ചില്ല. ആസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽനിന്നും പുറത്തായി. ഇപ്പോഴിതാ ഏകദിന ലോകകപ്പ് വിളിപ്പാടകലെ നിൽക്കെ വിൻഡീസിനെതിരായ പരമ്പരയിൽനിന്നും പുറത്തായിരിക്കുന്നു.

പലപ്പോഴും പരിക്കിന്റെ പിടിയിലായി ടീമിൽനിന്നു പുറത്താകാറുള്ള ഭുവി പക്ഷെ ഇത്തവണ പൂർണ ആരോഗ്യവാനാണ്. 2012ൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരം 21 ടെസ്റ്റിലും 121 ഏകദിനത്തിലും 87 ടി20യിലും ഇന്ത്യൻ കുപ്പായമിട്ടിട്ടുണ്ട്. ടെസ്റ്റിൽ 26.09 ശരാശരിയിൽ 63 വിക്കറ്റ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 141ഉം ടി20യിൽ 87ഉം വിക്കറ്റ് ആണ് ഭുവിയുടെ സമ്പാദ്യം.

Summary: Bhuvneshwar Kumar edits and removes 'cricketer' from Instagram bio

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News