''ആ സമയത്ത് കോഹ്ലിക്കു പകരം അവനെയാണ് ഞാൻ പിന്തുണക്കുക''- ബ്രാത്‌വെയ്റ്റിന്റെ വിശ്വാസം കാക്കുമോ സഞ്ജു?

കാർലോസ് ബ്രാത്‌വെയ്റ്റിന്റെ നിരീക്ഷണത്തെ മുൻ ഇന്ത്യൻ താരവും മുൻ പരിശീലകനുമായ രവി ശാസ്ത്രി അക്ഷരംപ്രതി പിന്തുണയ്ക്കുകയും ചെയ്തിരുന്നു

Update: 2022-05-27 09:38 GMT
Editor : Shaheer | By : Web Desk
Advertising

അഹമ്മദാബാദ്: ഐ.പി.എല്ലിൽ നിർണായകമായ രണ്ടാമത്തെ ക്വാളിഫയർ പോരാട്ടത്തിൽ ജയമല്ലാതെ മറ്റൊന്നും സഞ്ജു സാംസന്റെ രാജസ്ഥാനും ഫാഫ് ഡുപ്ലെസിയുടെ ബാംഗ്ലൂരിനും മുന്നിലില്ല. ജയിച്ചാൽ ഫൈനലിൽ. തോറ്റാൽ നേരെ നാട്ടിലേക്കും. എന്നാൽ, ഇന്നത്തെ മത്സരത്തിൽ എല്ലാവരും ഉറ്റുനോക്കുന്ന ഇന്നിങ്‌സുകളിലൊന്ന് സഞ്ജുവിന്റേത് തന്നെയാകും. ടി20 ലോകകപ്പ് സംഘത്തിൽ കയറണമെങ്കിൽ ഇന്ന് സെലക്ടർമാരുടെ കണ്ണുതുറപ്പിക്കുന്ന കിടിലൻ ഇന്നിങ്‌സ് നിർബന്ധമാണ്. അതിലേറെ ടീമിന്റെ കിരീടവരൾച്ചയ്ക്ക് അന്ത്യം കുറിക്കാനുള്ള ദൗത്യം സ്വന്തം തലയിലുള്ളതിനാൽ മികച്ചൊരു പ്രകടനം തന്നെ സഞ്ജുവിന് ഇന്ന് പുറത്തെടുക്കേണ്ടത് നിര്‍ബന്ധമാണ്.

ടി20 ക്രിക്കറ്റിൽ സഞ്ജു മോഡല്‍ ഇന്നിങ്സുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ കായികലോകത്ത് സജീവമാണ്. കെ.എൽ രാഹുലിനെപ്പോലെ സ്വന്തം സ്‌കോറും റെക്കോർഡും സ്ഥിരതയും നോക്കി കളിക്കുന്നവർക്കാണോ, കാത്തിരിപ്പുകളില്ലാതെ ടീമിന്റെ സ്‌കോർവേഗം കൂട്ടുന്ന സഞ്ജുവിനെപ്പോലെയുള്ളവർക്കാണോ ടി20യിൽ കൂടുതൽ പ്രസക്തി എന്നാണ് ചർച്ച. വെസ്റ്റിൻഡീസിന് ഒരു മിന്നൽ വെടിക്കെട്ടിലൂടെ ലോകകിരീടം സമ്മാനിച്ച കാർലോസ് ബ്രാത്‌വെയ്റ്റ് സഞ്ജുവിനെക്കുറിച്ച് നടത്തിയ ഒരു അഭിപ്രായ പ്രകടനമാണ് ഇതിനിടയിൽ ചർച്ചയാകുകയാണ്.

ടീമിന് പെട്ടെന്ന് കൂടുതൽ റൺ വേണ്ട സമയത്ത് വിരാട് കോഹ്ലി എന്ന ഇതിഹാസതാരത്തെക്കാളും താൻ തിരഞ്ഞെടുക്കുക സഞ്ജു സാംസണെയായിരിക്കുമെന്നായിരുന്നു ബ്രാത്‌വെയ്റ്റിന്റെ നിരീക്ഷണം. എന്നാൽ, സ്ഥിരതയുടെ കാര്യത്തിലാണ് ഇരുതാരങ്ങളും വ്യത്യസ്തരാകുന്നതെന്നും ബ്രാത്‌വെയ്റ്റ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം അഞ്ചിന് ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇങ്ങനെയൊരു അഭിപ്രായപ്രകടനം. താരത്തിന്റെ നിരീക്ഷണത്തെ മുൻ ഇന്ത്യൻ താരവും മുൻ പരിശീലകനുമായ രവി ശാസ്ത്രി അക്ഷരംപ്രതി പിന്തുണയ്ക്കുകയും ചെയ്തു.

ബ്രാത്‌വെയ്റ്റിന്റെ നിരീക്ഷണം ഇങ്ങനെയായിരുന്നു:

''ഡൽഹിക്ക് വേണ്ടി കളിച്ചപ്പോൾ സഞ്ജുവിനെ നേരിടേണ്ടിവന്നിട്ടുണ്ട്. റണ്ണിനായി ദാഹിക്കുന്നയാളാണ് സഞ്ജു. റോ ടാലന്റാണ് അദ്ദേഹം. രവി(ശാസ്ത്രി) പറഞ്ഞ പോലെ ഒരുപാട് ഷോട്ടുകൾ കൈയിലുണ്ട്. കൂടുതൽ അച്ചടക്കത്തോടെയും ആത്മനിയന്ത്രണത്തോടെയും കളിക്കുകയാണെങ്കിൽ തന്റെ സ്ഥാനത്തെ ഒരു ബോസായി മാറും സഞ്ജു.''

ഓഫ്‌സൈഡോ ലെഗ്‌സൈഡോ ഏതുമാകട്ടെ ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും പന്ത് അടിച്ചുപറത്താൻ ശേഷിയുണ്ട് അയാൾക്ക്. സമാനമായി നിരവധി ഷോട്ടുകൾ കൈയിലുള്ള വിരാട് കോഹ്ലിയുമായി താരത്തെ താരതമ്യം ചെയ്യുകയാണെങ്കിൽ കോഹ്ലി കൂടുതൽ നിയന്ത്രണമുള്ളയാളാണെന്ന് മനസിലാകും. ആഗ്രഹിക്കുന്ന ഷോട്ടുകൾ ആഗ്രഹിക്കുന്ന സമയത്തേ കളിക്കൂ. അതും ആർക്കെതിരെ കളിക്കണമെന്നും കോഹ്ലിക്ക് നിശ്ചയമുണ്ട്. ഒരുപക്ഷെ വിവാദമായേക്കാം, എന്നാലും പറയുന്നു. ഒരേ കളിയിൽ ഒരേ പൊസിഷനിൽ കൂടുതൽ വേഗത്തിൽ റൺ സ്‌കോർ ചെയ്യാൻ രണ്ടുപേരിൽ ആരെ ഇറക്കുമെന്ന ആലോചന വന്നാൽ ഞാൻ ഉറപ്പായും സഞ്ജുവിനെയാണ് പിന്താങ്ങുക-ബ്രാത്‌വെയ്റ്റ് തുറന്നുസമ്മതിച്ചു.

അതേസമയം, കൂടുതൽ സ്ഥിരതയോടെ കളിയുടെ ഗതിമാറ്റാൻ കോഹ്ലിക്ക് കഴിയുമെന്നതാണ് വിഷയമെന്നും ബ്രാത്‌വെയ്റ്റ് ചൂണ്ടിക്കാട്ടി. 30ഉം 40ഉം ഒക്കെ 60ഉം 80ഉം ഒക്കെയാക്കി ഉയർത്തി കളി ജയിപ്പിക്കുന്നു കോഹ്ലി. എന്നാൽ, സഞ്ജു മൂന്നാം നമ്പറിലും നാലാം നമ്പറിലുമൊക്കെ ഇറങ്ങി 20ഉം 40ഉം ഒക്കെ എടുത്താൽ അധികം ടീമിനെ ജയിപ്പിക്കാനാകില്ല. സ്ഥാനം ഉറപ്പിക്കാനുമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://www.espncricinfo.com/video/ipl-2022-rr-vs-rcb-is-sanju-samson-as-good-as-virat-kohli-ravi-shastri-and-carlos-brwathwaite-1309335

ബ്രാത്‌വെയ്റ്റിന്റെ നിരീക്ഷണത്തെ മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പിന്തുണയ്ക്കുകയും ചെയ്തു. കോഹ്ലിയെയും സഞ്ജുവിനെയും താരതമ്യം ചെയ്ത് ബ്രാത്‌വെയ്റ്റ് പറഞ്ഞത് വളരെ കൃത്യമാണ്. ബൗളർമാരെ കൃത്യമായി റീഡ് ചെയ്ത് കൂടുതൽ ലാഭകരമായ ഷോട്ട് കളിക്കാനുള്ള പക്വതയിൽ കോഹ്ലി സഞ്ജുവിനെക്കാളും വളരെ മുന്നിലാണ്. ആ നിയന്ത്രണവും അച്ചടക്കവും കാരണമാണ് അദ്ദേഹത്തിന് വലിയ സ്‌കോറുകൾ നേടാനാകുന്നതും. പന്ത് നോക്കി പറത്തിയടിക്കുന്നതിനു പകരം കൂടുതൽ ബൗളർമാരെ റീഡ് ചെയ്യുകയാണെങ്കിൽ, അക്കാര്യത്തിൽ കുറച്ച് ഗൃഹപാഠം നടത്തുകയാണെങ്കിൽ സഞ്ജുവിന് ആ സ്ഥാനത്തെത്താനാകും. അതിവേഗത്തിൽ കളി കൈയിലാക്കാൻ കഴിവുള്ളയാളാണ് സഞ്ജുവെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

Summary: Sanju Samson can be as good as Kohli, says Carlos Brathwaite Brathwaite

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News