താലിബാൻ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ നയം; അഫ്ഗാനുമായുള്ള ഏകദിന പരമ്പരയിൽനിന്ന് പിന്മാറി ആസ്‌ട്രേലിയ

അടുത്ത മാർച്ചിൽ യു.എ.ഇയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നടക്കേണ്ടിയിരുന്നത്

Update: 2023-01-12 09:18 GMT
Editor : Shaheer | By : Web Desk
Advertising

സിഡ്‌നി: താലിബാൻ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്താൻ ടീമുമായുള്ള ഏകദിന പരമ്പരയിൽനിന്ന് പിന്മാറി ആസ്‌ട്രേലിയ. സ്ത്രീവിദ്യാഭ്യാസവും തൊഴിലും നിയന്ത്രിച്ചുകൊണ്ടുള്ള അഫ്ഗാൻ ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തിനു പിന്നാലെയാണ് നടപടി. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലായ ഐ.സി.സിയും വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മാർച്ചിലാണ് ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം അഫ്ഗാനിസ്താനുമായി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കാനിരുന്നത്. യു.എ.ഇയാണ് പരമ്പരയ്ക്ക് വേദിയാകേണ്ടിയിരുന്നത്. എന്നാൽ, ഐ.സി.സിയുടെ മുന്നറിയിപ്പുകൾക്കു പിറകെയും സ്ത്രീ വിദ്യാഭ്യാസ-തൊഴിൽ വിഷയത്തിൽ താലിബാൻ കടുത്ത നിലപാട് സ്വീകരിക്കുന്നത് തുടർന്നതോടെയാണ് പരമ്പരയിൽനിന്ന് പിന്മാറാൻ ക്രിക്കറ്റ് ആസ്‌ട്രേലിയ തീരുമാനിച്ചത്.

'അഫ്ഗാനിസ്താൻ അടക്കം ആഗോളതലത്തിൽ പുരുഷ-വനിതാ ക്രിക്കറ്റിന്റെ വളർച്ചയെ പിന്തുണയ്ക്കാൻ ക്രിക്കറ്റ് ആസ്‌ട്രേലിയ പ്രതിജ്ഞാബദ്ധമാണ്. ഭാവിയിൽ രാജ്യത്ത് (മുതിർന്ന) വനിതകൾക്കും പെൺകുട്ടികൾക്കും കൂടുതൽ മെച്ചപ്പെട്ട സാഹചര്യമുണ്ടാകുമെന്ന പ്രതീക്ഷയിൽ അഫ്ഗാൻ ക്രിക്കറ്റ് ബോർഡുമായി ബന്ധം തുടരുകയും ചെയ്യും. ഇക്കാര്യത്തിൽ ആസ്‌ട്രേലിലൻ സർക്കാരിനോട് നന്ദി അറിയിക്കുകയാണ്.'-ക്രിക്കറ്റ് ആസ്‌ട്രേലിയ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

അഫ്ഗാനിസ്താനിലെ പുതിയ സംഭവവികാസങ്ങൾ ഉത്കണ്ഠയുളവാക്കുന്നതാണെന്ന് ഐ.സി.സി സി.ഇ.ഒ ജിയോഫ് അലർഡൈസും പ്രതികരിച്ചു. എന്നാൽ, നിലവിൽ നടപടിയെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 'ഭരണമാറ്റം തൊട്ട് സ്ഥിതിഗതികൾ ബോർഡ് നിരീക്ഷിച്ചുവരുന്നുണ്ട്. അഫ്ഗാനിസ്താനിൽ പുരോഗതിയൊന്നുമില്ലെന്ന കാര്യം ആശങ്കപ്പെടുത്തുന്നതാണ്. മാർച്ചിൽ നടക്കുന്ന ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.'-ജിയോഫ് പറഞ്ഞു.

വനിതാ ക്രിക്കറ്റ് ടീമില്ലാത്ത ഒരേയൊരു ഐ.സി.സി പൂർണാംഗമാണ് അഫ്ഗാനിസ്താൻ. അതിനാൽ, ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന പ്രഥമ അണ്ടർ 19 ടി20 വനിതാ ലോകകപ്പിൽ അഫ്ഗാന് ടീമുണ്ടാകില്ല. നേരത്തെ, വനിതാ ക്രിക്കറ്റിന് താലിബാൻ ഭരണകൂടം പച്ചക്കൊടി കാണിച്ചതായി ഐ.സി.സി അറിയിച്ചിരുന്നു. താലിബാൻ ഭരണകൂടവുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ കഴിഞ്ഞ നവംബറിലാണ് ഇക്കാര്യത്തിൽ ഐ.സി.സി വിശദീകരണം വന്നത്. എന്നാൽ, ഇതിനുശേഷവും രാജ്യത്തിനൊരു ക്രിക്കറ്റ് ടീം നിലവിൽ വന്നിട്ടില്ല.

അഫ്ഗാനിലെ ക്രിക്കറ്റ് സാഹചര്യങ്ങൾ വിലയിരുത്താൻ ഐ.സി.സി വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. സംഘാംഗങ്ങൾ ഖത്തർ തലസ്ഥാനമായ ദോഹയിൽ വച്ച് താലിബാൻ പ്രതിനിധികളുമായും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്(എ.സി.ബി) അംഗങ്ങളുമായും പലതവണ ചർച്ച നടത്തുകയും ചെയ്തു. ഇതിലാണ് ഐ.സി.സി ഭരണഘടനയെ പൂർണമായി അംഗീകരിക്കുമെന്ന് താലിബാൻ അറിയിച്ചത്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. താലിബാൻ ഭരണം പിടിച്ചതിനു പിന്നാലെ അഫ്ഗാനിസ്താനിൽ വനിതാ ക്രിക്കറ്റ് നിരോധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

Summary: Australia withdraw from three-match ODI series against Afghanistan following the Taliban government's recent restrictions on women's and girls' education and employment

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News