ചെന്നൈയെ വരിഞ്ഞുമുറുക്കി ടൈറ്റന്‍സ്; ഗുജറാത്തിന് ജയിക്കാൻ 134

49 പന്ത് നേരിട്ട ഋതുരാജ് ഗെയ്ക്ക്‌വാദ് 53 റൺസാണ് നേടിയതെങ്കിൽ നായകൻ ധോണിക്കും ഗുജറാത്തിന്റെ കൃത്യതയാർന്ന ബൗളിങ്ങിനു മുന്നിൽ ഒന്നും ചെയ്യാനായില്ല

Update: 2022-05-15 12:15 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ടോസ് നേടി കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സിനെ വരിഞ്ഞുമുറുക്കി ഗുജറാത്ത് ബൗളർമാർ. ഡേവൻ കോൺവേയുടെ വിക്കറ്റിനു പിന്നാലെ ഓപണർ ഋതുരാജ് ഗെയ്ക്ക്‌വാദും മോയിൻ അലിയും ചേർന്ന് മികച്ച നിലയിൽ തുടങ്ങിയിട്ടും അത് മികച്ച ടോട്ടലാക്കി മാറ്റാൻ ചെന്നൈ സംഘത്തെ ടൈറ്റൻസ് ബൗളർമാർ അനുവദിച്ചില്ല. ഗെയ്ക്ക്‌വാദ് അർധസെഞ്ച്വറി നേടിയ മത്സരത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 133 റൺസായിരുന്നു ചെന്നൈയുടെ സമ്പാദ്യം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ധോണിയുടെ കണക്കുകൂട്ടൽ തെറ്റായെന്ന് തെളിയിക്കുന്നതായിരുന്നു ചെന്നൈയുടെ തുടക്കം. തപ്പിത്തടഞ്ഞ കോൺവേയെ മത്സരത്തിലെ മൂന്നാം ഓവറിൽ തന്നെ ഷമി പവലിയനിലേക്ക് അയച്ചു. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച് നൽകിയായിരുന്നു കോൺവേ(അഞ്ച്) മടങ്ങിയത്. തുടർന്ന് ഒന്നിച്ച മോയിൻ അലിയും ഗെയ്ക്ക്‌വാദും ചേർന്ന് പതുക്കെ കത്തിക്കയറി പവർപ്ലേയിൽ ടീം സ്‌കോർ 50 കടത്തി.

എന്നാൽ, മികച്ച സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ മുൻ ചെന്നൈ താരത്തിലൂടെ ഗുജറാത്തിന് ബ്രേക്ത്രൂ. ഒൻപതാമത്തെ ഓവറിൽ സായ് കിഷോർ മോയിൻ അലിയെ റാഷിദ് ഖാന്റെ കൈകളിലെത്തിച്ചു. പുറത്താകുമ്പോൾ 17 പന്തിൽ രണ്ട് ബൗണ്ടറി നേടി 21 റൺസായിരുന്നു അലിയുടെ സമ്പാദ്യം.

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അന്തിമ ഇലവനിൽ ഇടംലഭിച്ച നാരായൺ ജഗദീഷനാണ് നാലാമനായി ഇറങ്ങിയത്. അമ്പാട്ടി റായ്ഡുവിന് പകരക്കാരനായെത്തിയ ജഗദീഷൻ കിട്ടിയ അവസരം തുലയ്ക്കാതിരിക്കാൻ സൂക്ഷ്മതയോടെയാണ് കളിച്ചത്. പവർപ്ലേയ്ക്കു പിന്നാലെ നിയന്ത്രണം തിരിച്ചുപിടിച്ച ഗുജറാത്ത് ബൗളർമാർ ഫോമിലുള്ള ഗെയ്ക്ക്‌വാദിനെയും ആക്രമണത്തിനുള്ള സൂചനകൾ കാണിച്ച ജഗദീഷനെയും കത്തിക്കയറാൻ അനുവദിച്ചില്ല.

സ്പിന്നർമാരെയും പേസർമാരെയും മാറ്റിമാറ്റിയുള്ള ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യയുടെ പരീക്ഷണങ്ങളാണ് ചെന്നൈയെ ശരിക്കും കുഴക്കിയത്. അർധസെഞ്ച്വറിക്കു പിന്നാലെ ഗിയർ മാറ്റാൻ നോക്കിയ ഗെയ്ക്ക്‌വാദിനെ റാഷിദ് ഖാൻ തിരിച്ചയച്ചു. മാത്യു വെയ്ഡിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 49 പന്ത് നേരിട്ടിട്ടും നാല് ബൗണ്ടറിയും ഒരു സിക്‌സും നേടി 53 റൺസ് മാത്രമേ താരത്തിന് നേടാനായുള്ളൂ.

പിന്നീടെത്തിയ ശിവം ദുബെ ഡക്കായി. നായകൻ ധോണിക്കും ഗുജറാത്തിന്റെ കൃത്യതയാർന്ന ബൗളിങ്ങിനു മുന്നിൽ ഒന്നും ചെയ്യാനായില്ല. ഏഴു റൺസ് മാത്രം നേടി പുറത്തായി. ഒടുവിൽ ജഗദീഷൻ 33 പന്തിൽ ഒരു സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 39 റൺസുമായും മിച്ചൽ സാന്റ്‌നർ ഒരു റൺസുമായും പുറത്താകാതെ നിന്നു.

ഗുജറാത്ത് ബൗളർമാരിൽ നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് കൂടുതൽ തിളങ്ങിയത്. റാഷഇദ് ഖാൻ, അൽസാരി ജോസഫ്, സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Summary: CSK vs GT IPL 2022: GT Bowlers Led By Mohammed Shami Restrict CSK To 133/5

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News