പന്ത് ഉടൻ തിരിച്ചെത്തില്ല; ഡൽഹിയെ നയിക്കാൻ ഡേവിഡ് വാർണർ

വിക്കറ്റ് കീപ്പറായി സർഫറാസ് ഖാനെയാണ് ടീം പരിഗണിക്കുന്നത്

Update: 2023-01-05 10:33 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഋഷഭ് പന്ത് പരിക്കിൽനിന്ന് പൂർണമായി മുക്തനാകാൻ ഇനിയും സമയമെടുക്കുമെന്ന് ഉറപ്പായതോടെ ഇത്തവണ പുതിയ ക്യാപ്റ്റനെ തേടി ഡൽഹി ക്യാപിറ്റൽസ്. മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറിനെയാണ് ടീം താൽക്കാലിക നായകനായി പരിഗണിക്കുന്നത്. വാർണറുമായി വിഷയം ഉടൻ സംസാരിക്കുിമെന്നാണ് റിപ്പോർട്ട്.

പന്ത് പൂർണമായും ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചെത്താൻ ചുരുങ്ങിയത് ആറു മാസമെടുക്കുമെന്നാണ് വ്യക്തമാകുന്നത്. ഏകദിന ലോകകപ്പിനുമുൻപ് താരത്തെ പൂർണമായും പഴയ നിലയിലേക്ക് തിരിച്ചെത്തിക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. അതിനുമുൻപ് പൂർണ ആരോഗ്യം തിരിച്ചെടുത്താലും മറ്റു മത്സരങ്ങളിൽ കളിപ്പിക്കാൻ സാധ്യത കുറവാണ്.

മാർച്ചിലാണ് ഇത്തവണ ഐ.പി.എൽ ആരംഭിക്കുന്നത്. ഇനി രണ്ടു മാസം മാത്രമാണ് ടൂർണമെന്റിനു ബാക്കിയുള്ളത്. അതിനാൽ, പന്തിനെ വച്ചൊരു പ്ലാൻ ഇത്തവണ ഡൽഹിക്കു സാധ്യമല്ല. അതിനാലാണ് ക്യാപ്റ്റൻസിയിൽ കൂടുതൽ പരിചയസമ്പന്നനായ വാർണറെ തന്നെ തൽക്കാലത്തേക്ക് നായകനായി വയ്ക്കാൻ ടീം ആലോചിക്കുന്നത്. മഹാരാഷ്ട്രാ താരം സർഫറാസ് ഖാനെ പന്തിനു പകരം വിക്കറ്റ് കീപ്പറായും പരിഗണിക്കും.

ഐ.പി.എൽ ടീമുകളെ നയിച്ചുള്ള പരിചയം വാർണർക്കുണ്ട്. മാനേജ്‌മെന്റ് വിഷയം അദ്ദേഹവുമായി സംസാരിക്കും. ഡൽഹി മധ്യനിരയുടെ കരുത്താണ് പന്ത്. സ്വാധീനമുണ്ടാക്കാൻ ശേഷിയുള്ള ഒരു ഇന്ത്യൻ ബാറ്ററെ ഡൽഹിക്കു വേണ്ടിവരും. ടീം കോമ്പിനേഷൻ നോക്കി സർഫറാസിനോട് വിക്കറ്റ് കീപ്പിങ് നോക്കാനും ആവശ്യപ്പെടാനിടയുണ്ട്-ഒരു ഡൽഹി വൃത്തം 'ടൈംസ് ഓഫ് ഇന്ത്യ'യോട് പറഞ്ഞു.

Summary: Delhi Capitals likely to approach David Warner to replace Rishabh Pant as the Captain, Sarfaraz Khan may be asked to keep wickets: Reports

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News