ഹര്‍ഭജന്‍റെ മുഖത്തടി മുതല്‍ വാതുവയ്പ്പ് വരെ; വിവാദങ്ങളുടെ പിച്ചില്‍ ശ്രീശാന്ത്

വിക്കറ്റ് ആഘോഷം മുതൽ കളിക്കളത്തില്‍ എതിരാളികളോടുള്ള പെരുമാറ്റവും ബൗളിങ് ആക്രമണവുമടക്കം കരിയറിന്‍റെ നല്ല കാലത്തും പലപ്പോഴും വിവാദങ്ങളുടെ നടുവിലായിരുന്നു ശ്രീശാന്ത്

Update: 2022-03-09 18:01 GMT
Editor : Shaheer | By : Web Desk
Advertising

കളിക്കളത്തില്‍ എപ്പോഴും ശൗര്യത്തിന്റെ മുഖമായിരുന്നു ശ്രീശാന്ത്. വിക്കറ്റ് ആഘോഷം മുതൽ കളിക്കളത്തില്‍ എതിരാളികളോടുള്ള പെരുമാറ്റവും ബൗളിങ് ആക്രമണവുമടക്കം കരിയറിന്‍റെ നല്ല കാലത്തും പലപ്പോഴും വിവാദങ്ങളുടെ നടുവിലായിരുന്നു.

2008 ഏപ്രിൽ 25ന് ഐ.പി.എല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടയിലെ വിവാദം ക്രിക്കറ്റ് ആരാധകർ ആരും മറക്കില്ല. പഞ്ചാബിനു വേണ്ടിയായിരുന്നു ശ്രീശാന്ത് കളിച്ചിരുന്നത്. മത്സരത്തിൽ ജയവും പഞ്ചാബിനൊപ്പായിരുന്നു.

എന്നാൽ, കളി തീർന്ന ശേഷം ശ്രീശാന്ത് മുംബൈ നായകനും ടീം ഇന്ത്യയിലെ സഹതാരവുമായ ഹർഭജൻ സിങ്ങിന്‍റെ അടുത്തുചെന്നു. പ്രകോപിപ്പിക്കാനെന്നോണം ഹര്‍ഭജനുനേരെ കൈനീട്ടി. കളിക്കിടയിലും താരത്തിന്‍റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിരുന്നു. ഇതെല്ലാം മനസ്സില്‍വച്ചെന്നോണം ശ്രീശാന്തിന്‍റെ മുഖത്തടിച്ചായിരുന്നു ഹര്‍ഭജന്‍റെ പ്രതികരണം. സംഭവം ചില്ലറ കോളിളക്കമൊന്നുമല്ല ക്രിക്കറ്റ് ലോകത്തുണ്ടാക്കിയത്.


2006ൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പരയിലായിരുന്നു മറ്റൊരു വിവാദം. ദക്ഷിണാഫ്രിക്കൻ താരം ആന്ദ്രെ നേലിന്റെ പന്തിൽ സിക്‌സർ പറത്തി ശ്രീശാന്ത് ഗ്രൗണ്ടിൽ 'ഷോഓഫ്' കാണിച്ചു. നൃത്തംവച്ചായിരുന്നു താരത്തിന്റെ പിടിവിട്ട ആഘോഷം. ബാറ്റ് ചുഴറ്റിയും പ്രകടനം തുടർന്നു.

മുൻ ഇംഗ്ലീഷ് താരങ്ങളായ കെവിൻ പീറ്റേഴ്‌സനും മൈക്കൻ വോണുമെതിരെയും ശ്രീശാന്ത് ശൗര്യം പ്രകടിപ്പിച്ചു. പീറ്റേഴ്‌സനെതിരെ ബൗൺസർ എറിഞ്ഞായിരുന്നു 'പകപോക്കലെ'ങ്കിൽ വോണെതിരെ ചുമലിൽ തട്ടിയായിരുന്നു പ്രതികരണം. മത്സരത്തിൽ 50 ശതമാനം മാച്ച് ഫീ പിഴ വീഴുകയും ചെയ്തു.


ശ്രീശാന്തിന്റെ കരിയർ തന്നെ തീർത്തുകളഞ്ഞ ഐ.പി.എൽ വാതുവയ്പ്പ് വിവാദം മലയാളി ഒരുകാലത്തും ഓർക്കാൻ ആഗ്രഹിക്കാത്ത അധ്യായമാണ്. 2013 മെയ് 16നാണ് രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ അജിത് ചന്ദില, അങ്കീത് ചവാൻ എന്നിവർക്കൊപ്പം മുംബൈയിൽ ശ്രീശാന്ത് അറസ്റ്റിലാകുന്നത്.

ഐ.പി.എൽ മത്സരത്തിൽ വാതുവയ്പ്പ് നടത്തിയെന്നായിരുന്നു കുറ്റം. കുറ്റം ശ്രീശാന്ത് സമ്മതിച്ചെന്ന് പൊലീസ് വെളിപ്പെടുത്തിയതിനു പിന്നാലെ ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്കും വന്നു. എന്നാൽ, താൻ നിരപരാധിയാണെന്നാണ് സംഭവത്തെക്കുറിച്ച് പിന്നീട് ശ്രീശാന്ത് എപ്പോഴും പറഞ്ഞിട്ടുള്ളത്.

Summary: From spot fixing to Harbhajan Singh's slap, Top 5 controversies involving Sreesanth

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News