വീണ്ടും ക്യാപ്റ്റൻ ഇന്നിങ്‌സ്; അർധസെഞ്ച്വറിയുമായി സഞ്ജു

ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഇന്ത്യ 'എ' ടീം നായകൻ പുറത്തെടുത്തത്

Update: 2022-09-27 07:49 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: അർധസെഞ്ച്വറിയുമായി ടീമിനെ മുന്നിൽനിന്ന് നയിച്ച് സഞ്ജു സാംസൺ. ന്യൂസിലൻഡ് 'എ' ടീമുമായുള്ള ഇന്ത്യ 'എ' സംഘത്തിന്റെ അവസാന ഏകദിന മത്സരത്തിൽ സഞ്ചുവിന്റെയും തിലക് വർമയുടെയും അർധസെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യ മികച്ച നിലയിൽ. 44 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എന്ന നിലയിലാണ്.

ചെന്നൈ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ ടോസ് ഭാഗ്യം സ്വന്തമാക്കിയ സഞ്ജു ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ അഭിമന്യു ഈശ്വരനും രാഹുൽ ത്രിപാഠിയും മികച്ച തുടക്കമാണ് ടീമിന് നൽകിയത്. എന്നാൽ, ടീം സ്‌കോർ 55ൽ നിൽക്കെ അഭിമന്യു മാത്യു ഫിഷറിന്റെ പന്തിൽ കിവീസ് വിക്കറ്റ് കീപ്പർ ഡെയിൻസ് ക്ലെവർ പിടിച്ച് പുറത്തായി. 35 പന്തിൽ എട്ട് ബൗണ്ടറി സഹിതം 39 റൺസെടുത്താണ് താരം പുറത്തായത്. പിന്നാലെ തൃപാഠിയും(18) മടങ്ങി.

തുടർന്നാണ് സഞ്ജു നാലാമനായെത്തിയ തിലക് വർമയെ കൂട്ടുപിടിച്ച് ഇന്ത്യയെ കരകയറ്റിയത്. നായകന്റെ ഉത്തരവാദിത്തം മറക്കാതെ കരുതലോടെയായിരുന്നു താരത്തിന്റെ ബാറ്റിങ്. സഞ്ജുവുമായി ചേർന്ന് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിക്കുമെന്നു സൂചിപ്പിച്ച തിലക് പക്ഷെ 29-ാം ഓവറിൽ രചിൻ രവീന്ദ്രയുടെ പന്തിൽ ലോഗൻ വാൻ ബീക്കിന് ക്യാച്ച് നൽകി മടങ്ങി. 62 പന്തിൽ ഒരു ബൗണ്ടറിയും ആറു സിക്‌സും സഹിതം 50 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

തുടർന്നെത്തിയ ശ്രീകാർ ഭരത്(ഒൻപത്) വന്ന വഴിക്കു തന്നെ മടങ്ങി. ഇതിനിടെ സഞ്ജു അർധസെഞ്ച്വറി പിന്നിട്ടു. എന്നാൽ, ടീമിനെ മികച്ച ടോട്ടലിലേക്ക് നയിക്കുന്നതിനിടെ താരത്തിനു പിഴച്ചു. 36-ാം ഓവർ എറിഞ്ഞ കിവീസ് പേസർ ജേക്കബ് ഡെഫി സഞ്ജുവിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. രണ്ട് സിക്‌സിന്റെയും ഒരു ബൗണ്ടറിയുടെയും അകമ്പടിയോടെ 68 പന്തിൽ 54 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെ രാജ് ബവയും കൂടാരം കയറി.

ആറ് ഓവർ ബാക്കിനിൽക്കെ 23 റൺസുമായി ഋഷി ധവാനും 12 റൺസുമായി ഷർദുൽ താക്കൂറുമാണ് ക്രീസിലുള്ളത്. ഇരുവരും ചേർന്ന് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ടൂർണമെന്റിൽ ആദ്യ രണ്ടു മത്സരങ്ങളിലെയും ജയവുമായി ഇന്ത്യ 2-0ത്തിനു മുന്നിലാണ്. 29*, 37 എന്നിങ്ങനെയാണ് ആദ്യ രണ്ടു മത്സരങ്ങളിലും സഞ്ജുവിന്റെ സ്‌കോർ.

Summary: India A vs New Zealand A LIVE Score, 3rd ODI: Sanju Samson and Tilak Varma hit fifties 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News