500-ാം മത്സരത്തിൽ കോഹ്ലിക്ക് സെഞ്ച്വറി, ഉറച്ച പിന്തുണ നൽകി ജഡേജ; ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

2002ൽ സച്ചിൻ ടെണ്ടുൽക്കർ കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത് പോർട്ട് ഓഫ് സ്‌പെയിനിനിലായിരുന്നു. ഇപ്പോഴിതാ അതേ ഗ്രൗണ്ടിൽ കോഹ്ലിയും 29-ാം ടെസ്റ്റ് സെഞ്ച്വറി സ്വന്തം പേരിലാക്കിയിരിക്കുന്നു

Update: 2023-07-21 17:38 GMT
Editor : Shaheer | By : Web Desk
Advertising

പോർട്ട് ഓഫ് സ്‌പെയിൻ: 500-ാമത് അന്താരാഷ്ട്ര മത്സരം സെഞ്ച്വറിയുമായി അവിസ്മരണീയമാക്കി വിരാട് കോഹ്ലി. മുന്നിൽനിന്നു നയിച്ച കോഹ്ലിയുടെ സെഞ്ച്വറിയുടെയും(121) ഉറച്ച പിന്തുണയുമായി നിലയുറപ്പിച്ച രവീന്ദ്ര ജഡേജയുടെ അർധസെഞ്ച്വറിയുടെയും(61) കരുത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ 400 എന്ന കൂറ്റൻ ടോട്ടലും കടന്നു മുന്നേറുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രവിചന്ദ്രൻ അശ്വിനും(24) ജയദേവ് ഉനദ്കട്ടുമാണ്(രണ്ട്) ക്രീസിലുള്ളത്. ഇന്ത്യ ഏഴിന് 401.

ആദ്യദിനം നിർത്തിയേടത്തുനിന്ന് അപ്പടി തുടങ്ങുകയായിരുന്നു ഇന്നു കോഹ്ലിയും ജഡേജയും. ഇന്നലെ നാലിന് 288 എന്ന നിലയിലാണ് കളിനിർത്തിയത്. ഇന്നു തുടക്കത്തിൽ തന്നെ പുതിയ പന്ത് എടുത്തിട്ടും കോഹ്ലി-ജഡേജ കൂട്ടുകെട്ട് പിരിക്കാൻ വിൻഡീസ് ബൗളിങ് ആക്രമണത്തിനായില്ല. ഒടുവിൽ, ഷാനോൺ ഗബ്രിയേലിനെ മനോഹരമായൊരു കവർഡ്രൈവിലൂടെ ബൗണ്ടറിയിലേക്ക് പറത്തി കോഹ്ലി മൂന്നക്കം കടന്നു. 120 പന്ത് നേരിട്ടായിരുന്നു സെഞ്ച്വറി. അവിടെയും നിർത്താതെ ജഡേജയ്‌ക്കൊപ്പം കോഹ്ലി പോരാട്ടം തുടർന്നു.

എന്നാൽ, നിർഭാഗ്യകരമായൊരു റണ്ണൗട്ടിലൂടെ കോഹ്ലിയുടെ ബാറ്റിങ് ആഘോഷം അവസാനിച്ചു. അൽസാരി ജോസഫ് റണ്ണൗട്ടാക്കി മടങ്ങുമ്പോൾ 206 പന്ത് നേരിട്ട് 121 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അളന്നുമുറിച്ചു പറത്തിയ 11 ഫോർ ഇന്നിങ്‌സിനു മിഴിവേകി. കോഹ്ലി പോയ പിന്നാലെ ജഡേജയും മടങ്ങഇ. കെമർ റോഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷുവ ഡ സിൽവ പിടിച്ചാണ് താരം പുറത്തായത്. 152 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറി സഹിതം 61 റൺസാണ് ജഡേജ സ്വന്തമാക്കിയത്.

റെക്കോർഡുകളുടെ സ്വന്തം കോഹ്ലി

നീണ്ട അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോഹ്ലി വിദേശത്ത് ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 2018 ഡിസംബറിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ മണ്ണിലായിരുന്നു അവസാന ശതകം.

കൗതുകമുണർത്തിയ ഒരു യാദൃച്ഛികതയും കനമേറിയ ഒരുപിടി റെക്കോർഡുകളും കോഹ്ലിയുടെ ഇന്നത്തെ സെഞ്ച്വറിയിലൂടെ സംഭവിച്ചു. അതിൽ പ്രധാനം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമുള്ളൊരു കൗതുകമാണ്. 2002ൽ സച്ചിൻ ടെണ്ടുൽക്കർ കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത് പോർട്ട് ഓഫ് സ്‌പെയിനിനിലായിരുന്നു. ഇപ്പോഴിതാ അതേ ഗ്രൗണ്ടിൽ കോഹ്ലിയും 29-ാം ടെസ്റ്റ് സെഞ്ച്വറി സ്വന്തം പേരിലാക്കിയിരിക്കുന്നു.

500-ാം അന്താരാഷ്ട്ര മത്സരത്തിൽ അർധസെഞ്ച്വറിയും സെഞ്ച്വറിയും നേടുന്ന ആദ്യ താരമായിരിക്കുകയാണ് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗത്തിൽ 76 സെഞ്ച്വറി നേടുന്ന താരവും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ റൺവേട്ടക്കാരിൽ ഒന്നാമനായിരിക്കുകയാണ് കോഹ്ലി. 2023ൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്ലി തന്നെ.

500 മത്സരം കളിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായിരിക്കുന്നു കോഹ്ലി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, എം.എസ് ധോണി എന്നിവരാണ് കോഹ്ലിയുടെ മുൻഗാമികൾ. വിരേന്ദർ സേവാഗിനെ മറികടന്ന് ഇന്ത്യയുടെ അഞ്ചാമത്തെ റൺവേട്ടക്കാരനുമായി. 29 സെഞ്ച്വറിയുമായി സർ ഡോൺ ബ്രാഡ്മാനുമൊപ്പമെത്തി. ഇന്ത്യൻ സെഞ്ച്വറി വേട്ടക്കാരുടെ കൂട്ടത്തിൽ നാലാമനുമായി. സച്ചിൻ, ദ്രാവിഡ്, സുനിൽ ഗവാസ്‌കർ എന്നിവരാണ് കോഹ്ലിക്കു മുന്നിലുള്ളത്.

Summary: Virat Kohli 29th Century in India vs West Indies, 2nd Test

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News