'അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കൂ, കോടികൾ തരാം'; ഇംഗ്ലീഷ് താരങ്ങള്‍ക്ക് വലവിരിച്ച് ഐ.പി.എൽ ടീമുകൾ

50 കോടി രൂപ വരെ ഐ.പി.എല്‍ ടീമുകള്‍ വിദേശതാരങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്

Update: 2023-04-27 09:59 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മുഖംതന്നെ അടിമുടിമാറ്റാൻ പോകുന്ന വമ്പൻ നീക്കങ്ങൾ തിരശ്ശീലയിൽ ഒരുങ്ങുന്നതായി സൂചന നൽകി പുതിയ റിപ്പോർട്ട്. അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച് ഇംഗ്ലീഷ് താരങ്ങളെ പൂർണമായും ടി20 ക്രിക്കറ്റ് ലീഗുകളുടെ ഭാഗമാക്കാൻ നീക്കം നടക്കുന്നതായാണ് വെളിപ്പെടുത്തൽ. പ്രമുഖ ഐ.പി.എൽ ടീമുകളാണ് ആറ് ഇംഗ്ലീഷ് താരങ്ങളെ കോടികളുടെ വാർഷിക വരുമാനം വാഗ്ദാനം ചെയ്ത് സമീപിച്ചിരിക്കുന്നത്.

'ടൈംസ് ലണ്ടൻ' ആണ് വാർത്ത പുറത്തുവിട്ടത്. അന്താരാഷ്ട്ര കരിയറിൽനിന്ന് വിരമിച്ച് പൂർണമായും ടി20 ലീഗുകളിൽ സജീവമാകാനാണ് ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് മില്യൻ പൗണ്ട്(ഏകദേശം 50 കോടി) വരെ താരങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. താരങ്ങളുടെയും ടീമുകളുടെയും പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൂട്ടത്തിൽ അന്താരാഷ്ട്ര താരങ്ങളുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായും ഇംഗ്ലീഷ് കൗണ്ടി ക്ലബുകളുമായുള്ള കരാറുകൾ റദ്ദാക്കാനാണ് ഐ.പി.എൽ ഫ്രാഞ്ചൈസികൾ താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം, പൂർണമായും തങ്ങളുടെ താരമായി കളിക്കാനാണ് നിർദേശം. ഫുട്‌ബോൾ ലീഗ് മാതൃകയിൽ വാർഷിക കരാർ രീതിയിലേക്ക് ക്രിക്കറ്റിനെയും മാറ്റുന്നതടക്കമുള്ള സുപ്രധാനമായ നീക്കങ്ങളുടെ ഭാഗമായി ഇതിനെ ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിനു പുറമെ വിവിധ അന്താരാഷ്ട്ര ലീഗുകളിലും ഐ.പി.എൽ ഫ്രാഞ്ചൈസികൾക്ക് ടീമുകളുണ്ട്. ദക്ഷിണാഫ്രിക്കൻ ടി20 ലീഗ്(ദക്ഷിണാഫ്രിക്ക), കരീബിയൻ പ്രീമിയർ ലീഗ്(വെസ്റ്റിൻഡീസ്), ഗ്ലോബൽ ടി20 ലീഗ്(യു.എ.ഇ), മേജർ ലീഗ് ടി20(യു.എസ്) എന്നിവയിലെല്ലാം ഐ.പി.എൽ ഫ്രാഞ്ചൈസികൾക്ക് സ്വന്തം ടീമുകളുണ്ട്. ഇതോടൊപ്പം ഉടൻ വരാനിരിക്കുന്ന സൗദി ടി20 ലീഗിലും ഐ.പി.എൽ ഫ്രാഞ്ചൈസികൾ വൻ നിക്ഷേപത്തിനൊരുങ്ങുന്നതായാണ് വിവരം. ഇതെല്ലാം മുൻകൂട്ടിക്കണ്ടാണ് താരങ്ങളെ വാർഷിക കരാറിലൂടെ സ്വന്തമാക്കി മുഴുസമയം ടീമിന്റെ ഭാഗമാക്കി നിർത്താനുള്ള നീക്കം നടക്കുന്നത്.

ഇംഗ്ലീഷ് താരങ്ങൾക്കു പുറമെ ആസ്‌ട്രേലിയൻ താരങ്ങളെയും ഇതേ ആവശ്യവുമായി ഐ.പി.എൽ ഫ്രാഞ്ചൈസികൾ സമീപിച്ചതായി റിപ്പോർട്ടുണ്ട്. ഏതായാലും, ദേശീയ ടീമിലെ സൂപ്പർ താരങ്ങളും കൂട്ടത്തിലുണ്ട്. ദേശീയ ടീമുകളുടെ സമീപനത്തെ ആശ്രയിച്ചായരിക്കും പുതിയ നീക്കത്തിന്റെ സാധ്യതകൾ.

Summary: IPL franchises ask 6 top English players to quit international cricket offering big annual deals

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News