20 വിക്കറ്റുകളും ക്യാച്ച് ഔട്ട്; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം, ഇന്ത്യക്ക് അത്യപൂര്‍വ റെക്കോര്‍ഡ്

രണ്ട്​ ഇന്നിങ്​സുകളിലെ മുഴുവൻ വിക്കറ്റുകളും എതിരാളികൾക്ക്​ ക്യാച്ച് നല്‍കി ഇന്ത്യന്‍ ടീം

Update: 2022-01-14 15:01 GMT

ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഒരു ടീമിന്‍റെ രണ്ട് ഇന്നിങ്സുകളിലെയും മുഴുവന്‍ വിക്കറ്റുകളും ക്യാച്ചിലൂടെ നഷ്ടമാകുക. ക്രിക്കറ്റില്‍ ഇതുവരെ സംഭവിച്ചിട്ടിലാത്ത അപൂര്‍വത. 145 വര്‍ഷത്തെ ടെസ്റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ മറ്റൊരു ടീമിനും ഉണ്ടായിട്ടില്ലാത്ത ഈ വിധി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സംഭവിച്ചിരിക്കുന്നു. അങ്ങനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിയോടൊപ്പം റെക്കോര്‍ഡ് പുസ്തകത്തിലും ടീം ഇന്ത്യ ഇടംപിടിച്ചു. ടെസ്റ്റിൽ ഇതിന്​ മുമ്പ്​ അഞ്ച്​ തവണ 19 വിക്കറ്റുകളും ക്യാച്ച്​ ഔട്ടായ ചരിത്രമുണ്ട്​. പക്ഷേ 20 വിക്കറ്റുകളും ക്യാച്ചിലൂടെ എതിര്‍ടീമിന് ലഭിക്കുന്ന കാഴ്ചയ്ക്ക് ആദ്യമായാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്.

Advertising
Advertising

ദക്ഷിണാഫ്രിക്കക്കന്‍ പര്യടനത്തിലെ അവസാന ടെസ്റ്റില്‍ രണ്ട്​ ഇന്നിങ്​സുകളിലുമായി മുഴുവൻ വിക്കറ്റുകളും എതിരാളികൾക്ക്​ ക്യാച്ചുകളായി സമ്മാനിച്ചാണ്​ ഇന്ത്യ റെക്കോര്‍ഡ് ബുക്കില്‍ കയറിപ്പറ്റിയത്​. ഇന്ത്യയുടെ 20 വിക്കറ്റുകളില്‍ ഏഴെണ്ണവും കൈപ്പിടിയിലൊതുക്കിയത് വിക്കറ്റ്​ കീപ്പർ കയ്​ൽ വെറീനാണ്​.

അതേസമയം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നവുമായെത്തിയ ഇന്ത്യന്‍ ടീമിന് നിരാശയായിരുന്നു ഫലം. കേപ്ടൌണ്‍ ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. രണ്ടാം ടെസ്റ്റിലെ വിധി തന്നെയായിരുന്നു ഇന്ത്യയെ അവസാന ടെസ്റ്റിലും തേടിയെത്തിയത്. വെല്ലുവിളി ഉയര്‍ത്താതെ തന്നെ ടീം ഇന്ത്യ കീഴടങ്ങി. ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയ ഇന്ത്യ കേപ്ടൗണിലും പരാജയ പരമ്പര ആവര്‍ത്തിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക.

നേരത്തെ നാലാം ദിവസം തുടക്കത്തിൽ തന്നെ മുൻനിര ബാറ്റ്‌സ്മാൻമാരെ പുറത്താക്കി കളി തിരിച്ചുപിടിക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ തകർക്കുകയായിരുന്നു ഇന്ന് പീറ്റേഴ്‌സനു റസി വാൻ ഡെർ ഡസ്സനും ചേർന്ന്. പീറ്റേഴ്‌സൺ ഏകദിന ശൈലിയിലാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. 113 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത് ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ച ശേഷമാണ് പീറ്റേഴ്സണ്‍ മടങ്ങിയത്. 41 റണ്‍സുമായി റാസ്സി വാന്‍ഡെര്‍ ദസ്സനും 32 റണ്‍സുമായി ടെംബ ബവുമയും ദക്ഷിണാഫ്രിക്കക്കായി പുറത്താകാതെ നിന്നു. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (16), നായകന്‍ ഡീന്‍ എള്‍ഗാര്‍ (30) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News