ഐ.പി.എല്ലിൽ വലയെറിയാൻ ജെഫ് ബെസോസും; മാധ്യമ അവകാശങ്ങള്‍ക്കായുള്ള ലേലം ഞായറാഴ്ച

ആമസോണിനും റിലയൻസിനും പുറമെ ഡിസ്‌നി-സ്റ്റാറും ആപ്പിളും ഗൂഗിളും സോണി ഗ്രൂപ്പുമെല്ലാം മത്സരരംഗത്തുണ്ട്

Update: 2022-06-10 09:26 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ആമസോൺ തലവൻ ജെഫ് ബെസോസും റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനിയും തമ്മിൽ വീണ്ടും പോര്‍ക്കളത്തിലേക്ക്. ഫ്യൂച്ചർ റീട്ടൈലിന്റെ പേരിലുള്ള നിയമപോരാട്ടങ്ങൾക്കു ശേഷം ഇത്തവണ കായികരംഗത്താണ് ഇരുവരും പോരിനിറങ്ങുന്നത്. ഐ.പി.എല്ലിന്റെ സംപ്രേഷണം അടക്കമുള്ള മാധ്യമ അവകാശം പിടിക്കാനാണ് ബെസോസും അംബാനിയും താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ചയാണ് ഐ.പി.എൽ മാധ്യമ അവകാശത്തിനായുള്ള ലേലം നടക്കുന്നത്. ഓൺലൈനിലാണ് ലേലം നടക്കുക. 2023-27 കാലയളവിലേക്കുള്ള അവകാശത്തിനായാണ് ലേലം നടക്കുന്നത്. ആമസോണിനും റിലയൻസിനും പുറമെ ഡിസ്‌നി-സ്റ്റാറും ആപ്പിളും ഗൂഗിളും സോണി ഗ്രൂപ്പുമെല്ലാം മത്സരരംഗത്തുണ്ട്.

ഇതിനുമുൻപ് 2017ലാണ് ഐ.പി.എൽ മീഡിയ റൈറ്റ്‌സിനായുള്ള ലേലം നടന്നത്. അന്ന് 16,347 കോടി രൂപ നൽകിയാണ് സ്റ്റാർ ഇന്ത്യ(ഡിസ്‌നി സ്റ്റാർ) അവകാശം സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടായിരുന്നു ഇത്.

2008ൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്(ബി.സി.സി.ഐ) തുടക്കമിട്ട ഐ.പി.എൽ 14 വർഷംകൊണ്ട് ലോകത്തെ തന്നെ ഏറ്റവും പ്രേക്ഷകരും ബ്രാൻഡ് മ്യൂലവുമുള്ള കായികമാമാങ്കങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. നിലവിൽ ആറു ബില്യൻ ഡോളർ(ഏകദേശം 46,699 കോടി രൂപ) ആണ് ബ്രാൻഡ് മൂല്യം. 60 കോടിയാണ് ടൂർണമെന്റിന്റെ പ്രേക്ഷകരെന്നാണ് കണക്ക്.

ലോകത്തെ തന്നെ മുൻനിര കായിക മാമാങ്കങ്ങളിലൊന്നായി മാറിയിട്ടുണ്ട് ഐ.പി.എൽ. ഇന്ത്യയിലെ ടെലിവിഷൻ-ഡിജിറ്റൽ അവകാശങ്ങൾ, വിദേശത്തെ ടെലിവിഷൻ-ഡിജിറ്റൽ അവകാശങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഇത്തവണത്തെ ലേലം. ഓരോ വിഭാഗം വേറിട്ടും ഒറ്റയ്ക്കും ലേലത്തിലെടുക്കാനാകും. എല്ലാം കൂടിയുള്ള അവകാശത്തിന് 32,890 കോടി രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.

Summary: Founder of e-commerce giant Amazon Jeff Bezos and Reliance Industries Limited Chairman Mukesh Ambani are set to battle for IPL media rights

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News