'ജോൺ റൈറ്റ് എന്‍റെ കോളറിൽ പിടിച്ചുവലിച്ചു; കസേരയിലേക്കു തള്ളിയിട്ടു'; വെളിപ്പെടുത്തി സേവാഗ്

''എന്നെ അടിക്കാൻ ഈ വെള്ളക്കാരൻ ആരാണ്!? വർഷങ്ങളോളം ഇന്ത്യ ഭരിച്ചവരാണ് വെള്ളക്കാർ. അവർ അത് ഇപ്പോഴും തുടരുകയാണ്!''

Update: 2023-08-04 11:49 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ പ്രൊഫഷനലിസം കൊണ്ടുവരികയും ടീമിനെ രാജ്യാന്തരതലത്തിൽ കരുത്തരാക്കുകയും ചെയ്ത പ്രമുഖ കോച്ചാണ് മുൻ ന്യൂസിലൻഡ് താരം കൂടിയായ ജോൺ റൈറ്റ്. ഇന്ത്യയുടെ ആദ്യത്തെ വിദേശ കോച്ച് കൂടിയായ അദ്ദേഹം സൗരവ് ഗാംഗുലിക്കൊപ്പം ചേർന്ന് ടീമിന് ഒട്ടേറെ നേട്ടങ്ങളാണു കൊണ്ടുവന്നത്. എന്നാൽ, ജോൺ റൈറ്റ് പരിശീലകനായ ശേഷം ഡ്രെസിങ് റൂമിൽ ചില വിവാദങ്ങളും തലപൊക്കിയിരുന്നു. അത്തരമൊരു സംഭവം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്.

ഒരു വിഷയത്തിൽ ജോൺ റൈറ്റുമായി വാക്കുതർക്കമുണ്ടാകുകയും കോച്ച് തന്റെ കോളർ പിടിച്ചുവലിക്കുകയും ഉന്തുകയുമെല്ലാം ചെയ്തതായി സേവാഗ് വെളിപ്പെടുത്തി. തുടർന്ന് ടീം മാനേജറെ സമീപിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഇന്ന് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയുടെ കൂടി ഇടപെടലിൽ ജോൺ റൈറ്റ് നേരിട്ടു വന്നു മാപ്പുപറഞ്ഞെന്നും സേവാഗ് വെളിപ്പെടുത്തി. ഡൽഹിയിൽ മുൻ ഇന്ത്യൻ ടീം മാനേജർ അമൃത് മാത്തൂരിന്റെ Pitchside: My Life In Indian Cricket എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു വെളിപ്പെടുത്തൽ.

2002ൽ ഇംഗ്ലണ്ടിൽ നടന്ന നാറ്റ്‌വെസ്റ്റ് പരമ്പരയ്ക്കിടെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. അശ്രദ്ധമായ ഷോട്ട് കളിച്ച് പുറത്താകാൻ നിൽക്കരുതെന്ന് മത്സരത്തിനുമുൻപ് തന്നെ ജോൺ റൈറ്റ് സേവാഗിനെ ഉപദേശിച്ചിരുന്നു. എന്നാൽ, ഇതു കേൾക്കാതെ സമാനമായൊരു ഷോട്ടിൽ തന്നെ സേവാഗ് പുറത്താകുകയും ചെയ്തതായിരുന്നു പ്രകോപനം.

'അവസാനത്തെ മൂന്നു നാലു മത്സരങ്ങളിൽ വലിയ ഷോട്ടിനു ശ്രമിച്ച് ഞാൻ പുറത്തായിരുന്നു. 40 ഓവർ വരെ ബാറ്റ് ചെയ്ത് ഫിഫ്റ്റി അടിക്കണമെന്നും ടീമിൽനിന്നു പുറത്താകാൻ അവസരമുണ്ടാക്കരുതെന്നും ജോൺ റൈറ്റ് എന്നോട് ആവശ്യപ്പെട്ടു. അന്ന് ഇംഗ്ലീഷിൽ വലിയ പിടിയുണ്ടായിരുന്നില്ല. എന്നെ ടീമിൽനിന്നു പുറത്താക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നു മനസിലായിരുന്നില്ല.'-സേവാഗ് തുടർന്നു.

''ഞാൻ സാധാരണ ചെയ്യുന്ന പോലെ തന്നെ കളിച്ചു. 20-30 റൺസുമായി നിൽക്കെ വലിയ ഷോട്ടിനു ശ്രമിച്ചു പുറത്താകുകയും ചെയ്തു. ഞാൻ ഡ്രെസിങ് റൂമിൽ തിരിച്ചെത്തിയപ്പോൾ ജോൺ റൈറ്റ് എന്റെ കോളർ പിടിച്ച് ഒരു കസേരയിലേക്ക് തള്ളിയിട്ടു. ഇതോടെ വാക്കുതർക്കമായി. രംഗം വഷളായി. ഉടൻ തന്നെ നാട്ടിലേക്കു മടങ്ങുകയാണെന്നും ഞാൻ ഭീഷണി മുഴക്കി.''

രോഷത്തോടെ സേവാഗ് നിലവിൽ ബി.സി.സി.ഐ വൈസ് പ്രസിഡന്റും മുൻ ടീം മാനേജറുമായ രാജീവ് ശുക്ലയുടെ അടുത്തേക്കോടി. നാട്ടിലേക്കു മടങ്ങുകയാണെന്നു വ്യക്തമാക്കി. എന്തു പറ്റിയെന്നു ചോദിച്ചു ശുക്ല. ആ വെള്ളക്കാരൻ തന്നെ ഇടിച്ചുവെന്നായിരുന്നു സേവാഗിന്റെ മറുപടി. ''ആ വെള്ളക്കാരൻ എന്നെ അടിക്കാൻ ആരാണ്!? വർഷങ്ങളോളം ഇന്ത്യ ഭരിച്ചവരാണ് ഈ വെള്ളക്കാർ. അവർ അത് ഇപ്പോഴും തുടരുകയാണ്!''-താരം തുടർന്നു.

ചെയ്തതിന് ജോൺ റൈറ്റ് മാപ്പുപറയണമെന്നും സേവാഗ് ആവശ്യപ്പെട്ടു. ഒടുവിൽ വിഷയത്തിൽ രാജീവ് ശുക്ല ഇടപെട്ടു. ജോൺ റൈറ്റ് നേരിട്ടെത്തി സേവാഗിനോടു മാപ്പുപറഞ്ഞു. അതോടെയാണ് വിഷയം അടങ്ങിയത്. സംഭവത്തെക്കുറിച്ച് മാത്തൂർ ഓർത്തെടുത്തത് ഇങ്ങനെയാണ്:

''ഓവലിൽനിന്ന് ടീം ല്യൂംലി കാസിലിലെത്തിയപ്പോൾ ഒരു ടീം മീറ്റിങ് വിളിച്ചു. കഴിഞ്ഞ മത്സരത്തിൽ സേവാഗും റൈറ്റും തമ്മിൽ നടന്നത് ടീമിനകത്തു തന്നെ നിർത്തണമെന്നും പുറത്തേക്കു പോകരുതെന്നും മീറ്റിങ്ങിൽ സച്ചിൻ ആവശ്യപ്പെട്ടു. ആ വിഷയം പിന്നീട് പുറത്തുവന്നതേയില്ല.''- ഇന്നൊക്കെയാണെങ്കിൽ വിഷയം വലിയ കോളിളക്കവും പൊക്രാൻ ആണവ ബോംബ് സ്‌ഫോടനവുമെല്ലാം ആകുമായിരുന്നുവെന്നും മാത്തൂർ കൂട്ടിച്ചേർത്തു.

Summary: “The coach John Wright grabbed me by the collar and dragged me”; Former Indian cricketer Virender Sehwag revealed the incident happened in 2022 NatWest trophy in England

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News