'ധോണി എന്നെ പുറത്തിരുത്തിയത് അങ്ങനെയാണ്'; വെളിപ്പെടുത്തി സുരേഷ് റെയ്ന

'2008 മുതൽ നമ്മൾ ഒരുമിച്ചു കളിക്കുന്നതാണ്. പക്ഷെ, എനിക്ക് ഈ സീസൺ ജയിച്ചേ മതിയാകൂവെന്ന് ധോണി എന്നോട് പറഞ്ഞു.'

Update: 2023-06-17 04:47 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഏറെക്കാലം ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിശ്വസ്തതാരവും നെടുംതൂണുമായിരുന്നു സുരേഷ് റെയ്ന. നായകൻ എം.എസ് ധോണിക്കൊപ്പം ഐ.പി.എല്ലിന്റെ തുടക്കംതൊട്ടേ റെയ്നയും ടീമിനൊപ്പമുണ്ടായിരുന്നു. ടീമിന്റെ കിരീടനേട്ടങ്ങളിലെല്ലാം നിർണായക പങ്കുവഹിച്ച താരത്തെ പക്ഷെ 2021 ഐ.പി.എല്ലിൽ പുറത്തിരുത്തിയത് വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ വർഷം താരം ഐ.പി.എല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചും ആരാധകരെ ഞെട്ടിച്ചു. ഇപ്പോഴിതാ ആ തീരുമാനത്തെക്കുറിച്ച് റെയ്ന തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

'ധോണിയുമായുള്ള സംസാരത്തിനിടെ ഞാനാണ് റോബിൻ ഉത്തപ്പയെ പരീക്ഷിക്കാൻ നിർദേശിച്ചത്. പിന്നീട് എനിക്കു പകരം ഉത്തപ്പയെ കളിപ്പിക്കാൻ ധോണി എന്നോട് അനുവാദം ചോദിക്കുകയും ചെയ്തു. ഉറപ്പായും കപ്പുകൊണ്ടു തരാൻ കഴിവുള്ള താരമാണ് ഉത്തപ്പയെന്നായിരുന്നു എന്റെ മറുപടി.'-ജിയോ സിനിമയിൽ റോബിൻ ഉത്തപ്പയുമായുള്ള ചർച്ചയിൽ റെയ്ന വെളിപ്പെടുത്തി.

2008 മുതൽ നമ്മൾ ഒരുമിച്ചു കളിക്കുന്നതാണ്, എനിക്ക് ഈ സീസൺ ജയിച്ചേ മതിയാകൂവെന്ന് ധോണി എന്നോട് പറഞ്ഞു. എന്താണ് താൻ ചെയ്യേണ്ടതെന്ന് എന്നോട് ചോദിച്ചു. റോബിനെ മൂന്നാം നമ്പറിൽ കളിപ്പിക്കൂവെന്നായിരുന്നു എന്റെ മറുപടി. ഫൈനൽ വരെ താരത്തിന് അന്തിമ ഇലവനിൽ ഇടംനൽകണം. അതു ഫലിച്ചാൽ സി.എസ്.കെ ജയിക്കും. ഞാൻ കളിച്ചാലും അവൻ കളിച്ചാലും റോബിനും റെയ്നയുമെല്ലാം തുല്യരാണെന്നും ധോണിയോട് പറഞ്ഞതായി മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേർത്തു.

റെയ്ന ഇല്ലാത്തൊരു ഇലവനെക്കുറിച്ച് ചെന്നൈ ആരാധകർക്കും നായകൻ മഹേന്ദ്ര സിങ് ധോണിക്കും ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല. അപ്പോഴാണ് റെയ്ന തന്നെ ഇത്തരമൊരു നിർദേശം മുന്നോട്ടുവയ്ക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ നിൽക്കുകയായിരുന്നു ആ സമയത്ത് റോബിൻ ഉത്തപ്പ. ഒടുവിൽ ഉത്തപ്പ റെയ്നയ്ക്കു പകരക്കാരനായി ടീമിൽ ഇടംപിടിക്കുകയും ഏതാനും മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഫൈനലിൽ കൊൽക്കത്തയെ 27 റൺസിന് തോൽപിച്ച് ചെന്നൈ നാലാമത്തെ ഐ.പി.എൽ കിരീടത്തിലും മുത്തമിട്ടു. ഫൈനലിൽ 15 പന്തിൽ 31 റൺസുമായി ഉത്തപ്പ മികച്ച കിരീടനേട്ടത്തിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു.

Summary: 'MS Dhoni took permission from me': Suresh Raina reveals on how he excluded from the team eleven in 2021 IPL

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News