'ചില മുംബൈക്കാർക്ക് ഒരിക്കലും ദക്ഷിണേന്ത്യയെ അഭിനന്ദിക്കാൻ കഴിയില്ല'-സഞ്ജയ് മഞ്ചരേക്കറെ 'കൊട്ടി' മുരളി വിജയ്

ഇന്ത്യൻ മണ്ണിൽ മികച്ച ടെസ്റ്റ് അർധ സെഞ്ച്വറി കൺവേർഷൻ റേറ്റുള്ള ബാറ്റർമാരുടെ പട്ടികയിൽ മുരളി വിജയിയുടെ പേര് കണ്ട് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു

Update: 2023-02-10 10:52 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നിർണായക ഘട്ടത്തിൽ നേടിയ സെഞ്ച്വറിയിലൂടെ ഇന്ത്യൻ നായകൻ രോഹിത് ശർമ സുപ്രധാനമായൊരു നാഴികക്കല്ലുകൂടിയാണ് പിന്നിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഒരേയൊരു ഇന്ത്യൻ നായകനായി രോഹിത്. ഇതോടൊപ്പം, ഇന്ത്യൻ മണ്ണിൽ അർധശതകം ശതകമാക്കി മാറ്റുന്നതിലും മുന്നിലുണ്ട് രോഹിത്.

എന്നാൽ, മത്സരത്തിനിടെ ഇന്ത്യൻ മണ്ണിൽ മികച്ച ടെസ്റ്റ് കൺവേർഷൻ റേറ്റുള്ള ബാറ്റർമാരുടെ ഗ്രാഫിക്‌സ് പുറത്തുവിട്ടപ്പോൾ ഞെട്ടിയത് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കറായിരുന്നു. ഞെട്ടിപ്പിക്കുന്ന എന്തെങ്കിലും വിവരം കണ്ടായിരുന്നില്ല ആ ആശ്ചര്യം. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പേര് കണ്ടായിരുന്നു-മുൻ ഇന്ത്യൻ താരം മുരളി വിജയ്.

60 ശതമാനം കൺവേർഷൻ റേറ്റുമായാണ് മുരളി വിജയ് പട്ടികയിൽ മുന്നിലുള്ളത്. 30 മത്സരങ്ങളിൽനിന്ന് ആറ് അർധസെഞ്ച്വറിയും ഒൻപത് സെഞ്ച്വറിയുമാണ് ഇന്ത്യൻ മണ്ണിൽ മുരളിയുടെ സമ്പാദ്യം. ഇതു കണ്ടായിരുന്നു ലൈവ് കമന്ററിക്കിടെ സഞ്ജയ് മഞ്ചരേക്കറുടെ പ്രതികരണം. 'പട്ടികയിൽ തലപ്പത്ത് മുരളിയെ കണ്ട് അത്ഭുതം തോന്നി' എന്നായിരുന്നു അഭിപ്രായപ്രകടനം.

പിന്നാലെ മുരളിയുടെ പ്രതികരണവും എത്തി. സഞ്ജയ് മഞ്ചരേക്കർക്ക് ആശ്ചര്യം തോന്നുവത്രെ എന്നായിരുന്നു ആദ്യം പ്രതികരിച്ചത്. ഒരുപടികൂടി കടന്ന് ഈ ആശ്ചര്യം എന്തുകൊണ്ടാണെന്നും മുരളി ചൂണ്ടിക്കാട്ടി. 'മുംബൈക്കാരായ ചില മുൻ താരങ്ങൾക്ക് ഒരിക്കലും ദക്ഷിണേന്ത്യയെ അഭിനന്ദിക്കാൻ കഴിയില്ല' എന്നായിരുന്നു മുരളിയുടെ കടുത്ത വിമർശനം. തുല്യതയും എല്ലാവരോടും നീതിയും സ്‌നേഹവും കാണിക്കണമെന്നും മഞ്ചരേക്കറെയും ബി.സി.സി.ഐയെയും ടാഗ് ചെയ്ത് ഹാഷ്ടാഗിലൂടെ മുരളി വിജയ് സൂചിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മാസമാണ് മുരളി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇനി ഇന്ത്യയ്ക്കു വേണ്ടി കളിക്കില്ലെന്നും ഇവിടെ അവസരങ്ങൾ കുറവാണെന്നും വിമർശനം നടത്തിയതിനു പിന്നാലെയായിരുന്നു വിരമിക്കൽ. വിദേശത്ത് ഏതെങ്കിലും ടീമിനു വേണ്ടി കളിക്കാൻ അവസരം നോക്കുന്നുണ്ടെന്നും മുരളി വെളിപ്പെടുത്തിയിരുന്നു.

അർധസെഞ്ച്വറി കൺവേർഷൻ റേറ്റിൽ മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് രണ്ടാം സ്ഥാനത്തുള്ളത്. 54.2 ശതമാനം കൺവേർഷൻ റേറ്റുള്ള അസ്ഹർ 46 മത്സരങ്ങളിൽനിന്ന് 11 അർധശതകവും 13 സെഞ്ച്വറിയുമാണ് നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള പോളി ഉമ്രിഗാറിന്റെ കൺവേർഷൻ റേറ്റ് 53.8 ശതമാനമാണ്(36 മത്സരങ്ങളിൽനിന്ന് ഏഴ് ശതകം, ആറ് അർധശതകം). നാലാം സ്ഥാനത്താണ് രോഹിത് ശർമയുള്ളത്-50 ശതമാനം(21 മത്സരങ്ങളിൽനിന്ന് ഏഴുവീതം സെഞ്ച്വറിയും അർധസെഞ്ച്വറിയും). ഇന്ത്യയിൽ 46 മത്സരങ്ങൾ കളിച്ച വിരാട് കോഹ്ലിയാണ് അഞ്ചാം സ്ഥാനത്ത്-52 ശതമാനം(13 സെഞ്ച്വറി, 12 അർധസെഞ്ച്വറി).

വിവാദമായ പരാമർശത്തിൽ മഞ്ചരേക്കർ പിന്നീട് വിശദീകരണം നടത്തിയിരുന്നു. മുരളി വിജയിയുടെ പേര് പട്ടികയിൽ കാണുന്നത് നല്ല കാര്യമാണെന്നും അദ്ദേഹത്തെ പോലുള്ള താരങ്ങളുടെ സംഭാവനകൾ മറക്കുന്നതാണ് നമ്മുടെ ശീലമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Summary: 'Some Mumbai ex players can never be appreciative of the south!': Murali Vijay slams Sanjay Manjrekar for 'surprised' remark at his best test conversion rate record

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News