ഇംഗ്ലണ്ടിനെതിരെ അനായാസ വിജയവുമായി ന്യൂസിലന്‍ഡ്, ഒപ്പം പരമ്പരയും; ഇന്ത്യക്ക് വെല്ലുവിളി

ജൂണ്‍ 18ന് നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ എതിരാളികളാണ് ന്യൂസിലന്‍ഡ്.

Update: 2021-06-13 11:25 GMT
Advertising

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് എട്ട് വിക്കറ്റ് വിജയം. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയും ന്യൂസിലന്‍ഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ 38 റണ്‍സ് മാത്രം വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് പത്ത് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് ഇംഗ്ലണ്ട് ബൌളര്‍മാര്‍ കിവീസിന്‍റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 23 റണ്‍സുമായി ഓപ്പണ്‍ ടോം ലാതവും പൂജ്യം റണ്‍സുമായി റോസ് ടെയ്‍ലറും പുറത്താകാതെ നിന്നു. ഡെവൺ കോൺവേയുടെയും(3) വില്‍ യങിന്‍റെയും(8) വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്.

നേരത്തെ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് 169 റണ്‍സിന് അവസാനിച്ചിരുന്നു. ഇന്നിങ്സിലെ മൂന്നാം ദിനം ഒന്‍പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് നാലാം ദിനം ആദ്യ പന്തില്‍ തന്നെ അവസാന വിക്കറ്റും നഷ്ടമായിരുന്നു. ഇതോടെ ന്യൂസിലന്‍ഡിന് ആദ്യ സെഷനില്‍ തന്നെ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. 29 റൺസ് നേടിയ മാര്‍ക്ക് വുഡ് ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. ഒല്ലി പോപ്(23) മാത്രമാണ് പിന്നീട് ഇംഗ്ലീഷ് നിരയില്‍ 20 കടന്ന മറ്റൊരു താരം. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്‍റിയും നീൽ വാഗ്നറും മൂന്ന് വീതം വിക്കറ്റുകളും അജാസ് പട്ടേലും ട്രെന്റ് ബോള്‍ട്ടും രണ്ട് വീതം വിക്കറ്റുകളും നേടി. നേരത്തെ ആദ്യ ഇന്നിങ്സില്‍ ന്യൂസിലന്‍ഡിനായി വില്‍ യങ്(82) റോസ് ടെയ്‍ലര്‍(80), അരങ്ങേറ്റ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയുമായി വരവറിയിച്ച ഡെവൺ കോൺവേ(80) എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഡെവൺ കോൺവേ തന്നെയാണ് പരമ്പരയിലെ താരവും

ജൂണ്‍ 18ന് നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ എതിരാളികളാണ് ന്യൂസിലന്‍ഡ്. ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയാണ് ഫൈനലിനെത്തുന്നത് എന്നതുകൊണ്ട് തന്നെ വില്യംസണും സംഘത്തിനും ആത്മവിശ്വാസം ഇരട്ടിക്കുമെന്ന് ഉറപ്പാണ്. അരങ്ങേറ്റ  പരമ്പരയില്‍ തന്നെ സ്വപ്ന തുല്യമായ പ്രകടനം പുറത്തെടുത്ത ഡെവൺ കോൺവേയെ തന്നെയാകും ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News