'കളിക്കാർ അസ്വസ്ഥരാകുന്നതും വേദനിക്കുന്നതും സ്വാഭാവികമാണ്...'; സാഹയ്ക്ക് മറുപടിയുമായി ദ്രാവിഡ്

'ഞാന്‍ അവരെക്കുറിച്ച് പറയുന്ന എല്ലാ കാര്യങ്ങളും കളിക്കാർ അംഗീകരിക്കുമെന്നോ അവര്‍ക്ക് ഇഷ്ടപ്പെടുമെന്നോ ഒന്നും വിചാരിക്കുന്ന ആളല്ല ഞാന്‍.. ടീമിൽനിന്ന് നീക്കുന്ന കാര്യം അദ്ദേഹം മാധ്യമങ്ങളിലൂടെ അറിയേണ്ടെന്നു കരുതിയാണ് നേരിട്ട് പറഞ്ഞത്...'

Update: 2022-02-21 08:16 GMT

കളി നിര്‍ത്താന്‍ ദ്രാവിഡ് ആവശ്യപ്പെട്ടെന്ന വൃദ്ധിമാന്‍ സാഹയുടെ പരാമര്‍ശത്തിന് മറുപടിയുമായി രാഹുല്‍ ദ്രാവിഡ് തന്നെ രംഗത്ത്. സാഹയുടെ വെളിപ്പെടുത്തലില്‍‌ പരിഭവമില്ലെന്ന് പറഞ്ഞ ദ്രാവിഡ് അദ്ദേഹത്തെ ടീമിൽനിന്ന് ഒഴിവാക്കുന്ന കാര്യം മാധ്യമങ്ങളിലൂടെ വായിച്ചറിയേണ്ടെന്ന് വിചാരിച്ചാണ് ഇക്കാര്യം നേരിട്ട് പറഞ്ഞതെന്നും വ്യക്തമാക്കി.

ഇന്നലെയാണ് ദ്രാവിഡിനെയും ഗാംഗുലിയെയും കുറ്റപ്പെടുത്തി വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിക്കാതെ പോയതിനു പിന്നാലെയാണ് സാഹയുടെ ആരോപണങ്ങൾ. വിരമിക്കലിനെക്കുറിച്ച് ആലോചിക്കാൻ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടെന്നായിരുന്നു സാഹ പറഞ്ഞത്. അതുപോലെതന്നെ ബി.സി.സി.ഐയുടെ തലപ്പത്ത് താൻ ഉള്ളിടത്തോളം കാലം ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞ ഗാംഗുലി പിന്നീട് വാക്ക് മാറ്റിയെന്നും സാഹ വെളിപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ സാഹയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചത്.

Advertising
Advertising

"സാഹയുടെ വെളിപ്പെടുത്തലില്‍ എനിക്ക് പരിഭവമില്ല... വൃദ്ധിയോടും അദ്ദേഹത്തിന്‍റെ നേട്ടങ്ങളോടും ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകളോടും എനിക്ക് അതിയായ ബഹുമാനമുണ്ട്. അദ്ദേഹം അല്‍പം കൂടി സത്യസന്ധതയും വ്യക്തതയും അർഹിച്ചിരുന്നു... ഞാന്‍ അവനോട് പറഞ്ഞ കാര്യങ്ങളില്‍ അല്‍പ്പം കൂടി സുതാര്യത വരുത്തേണ്ടിയിരുന്നു. ടീമിൽനിന്ന് നീക്കുന്ന കാര്യം അദ്ദേഹം മാധ്യമങ്ങളിലൂടെ അറിയേണ്ടെന്നു കരുതിയാണ് നേരിട്ട് പറഞ്ഞത്...'' ദ്രാവിഡ് പറഞ്ഞു.

''ഇത് കളിക്കാരുമായി ഞാൻ നിരന്തരം നടത്തുന്ന സംഭാഷണങ്ങളുടെ ഭാഗമാണ്. ഞാന്‍ അവരെക്കുറിച്ച് പറയുന്ന എല്ലാ കാര്യങ്ങളും കളിക്കാർ അംഗീകരിക്കുമെന്നോ അവര്‍ക്ക് ഇഷ്ടപ്പെടുമെന്നോ ഒന്നും വിചാരിക്കുന്ന ആളല്ല ഞാന്‍.. അതുകൊണ്ട് തന്നെ എനിക്കതില്‍ ഒട്ടും വിഷമമില്ല. ആളുകളുമായി ചില സമയങ്ങളില്‍ ബുദ്ധിമുട്ടുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. അതുപോലെ തന്നെയാണ് കളിക്കാരുമായും... എന്നാല്‍ നമ്മള്‍ പറയുന്നിനോട് അവര്‍ എപ്പോഴും യോജിക്കണമെന്നോ ഇഷ്ടപ്പെടണമെന്നോ ഒന്നും പ്രതീക്ഷിക്കരുത്, എന്നാൽ അതിനർത്ഥം നിങ്ങൾ എല്ലാം മൂടിവെക്കണമെന്നല്ല... കളിക്കാർക്ക് ചർച്ചയിലെ ഉള്ളടക്കം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവരുമായി ഇത്തരം സംഭാഷണങ്ങൾ തുടരും" ദ്രാവിഡ് പറഞ്ഞു.

ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നതുകൊണ്ടാണ് ഇതുവരെ ഇക്കാര്യം പുറത്തു പറയാൻ സാധിക്കാതിരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് വൃദ്ധിമാന്‍ സാഹ ദ്രാവിഡിനെയും ഗാംഗുലിയെയും കുറ്റപ്പെടുത്തി രംഗത്തെത്തിയത്.

'ബി.സി.സി.ഐയുടെ തലപ്പത്ത് താൻ ഉള്ളിടത്തോളം കാലം ഒന്നും പേടിക്കാനില്ലെന്ന് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. ആത്മവിശ്വാസം നൽകുന്ന സന്ദേശമായിരുന്നു അത്. പക്ഷേ അതിനു ശേഷം എല്ലാം തകിടം മറിഞ്ഞു...' സാഹയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

'ഗാംഗുലിയുടെ അഭിനന്ദന സന്ദേശം വന്ന് കുറച്ചുനാളുകൾക്കുശേഷം പരിശീലകൻ രാഹുൽ ദ്രാവിഡും വിളിച്ചിരുന്നു. ടീമിൽ ഇടം ഉറപ്പാണെന്ന് ഗാംഗുലി പറഞ്ഞതിനാൽ തന്റെ പദ്ധതികൾ വിശദീകരിക്കാനാണ് ദ്രാവിഡ് വിളിക്കുന്നതെന്നാണ് ഞാൻ കരുതിയത്. പക്ഷേ, സംസാരിച്ചു തുടങ്ങിയപ്പോൾ ദ്രാവിഡ് പറഞ്ഞത് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്... ഇത് എങ്ങനെയാണ് നിന്നോട് പറയേണ്ടത് എന്ന് എനിക്കറിയില്ലെന്ന മുഖവുരയോടെയാണ് അദ്ദേഹം തുടങ്ങിയത്. പിന്നീട് ടെസ്റ്റ് ടീമിൽ പുതിയൊരു വിക്കറ്റ് കീപ്പറിനെ പരീക്ഷിക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ച വിവരം എന്നോട് പറഞ്ഞു. എന്റെ പ്രായമോ ഫിറ്റ്‌നസോ ആണോ പ്രശ്‌നമെന്ന് ഞാൻ ചോദിച്ചു. പക്ഷേ, ടീമിലുണ്ടെങ്കിലും ഞാൻ കളിക്കാനിറങ്ങാത്ത സാഹചര്യത്തിൽ പുതിയൊരു ആളെ പരീക്ഷിക്കാനാണ് തീരുമാനമെന്നായിരുന്നു മറുപടി.'

വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ദ്രാവിഡ് തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറയുന്നു. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബി.സി.സി.ഐ നേതൃത്വം സാഹയെ അറിയിച്ചതിനെ തുടർന്നാണ് ഇത്തവണത്തെ രഞ്ജി ട്രോഫിയിൽനിന്ന് സാഹ പിൻമാറിയതെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ബി.സി.സി.ഐ ഉന്നതർക്കെതിരെ സാഹ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

നാൽപ്പത് ടെസ്റ്റിൽ 29.41 ശരാശരിയിൽ 1353 റൺസാണ് സാഹ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും ആറ് അർധ സെഞ്ച്വറിയും സ്വന്തം പേരിലുണ്ട്. ഒമ്പത് ഏകദിനത്തിൽ നിന്ന് 41 റൺസും സാഹ നേടിയിട്ടുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News