'ഡബിൾ ഫൈഫർ'; പുറത്തിരുത്തിയവരോട് 'അശ്വിന്റെ പ്രതികാരം'

ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും അഞ്ചു വിക്കറ്റുമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനായിരിക്കുകയാണ് അശ്വിൻ

Update: 2023-07-15 05:37 GMT
Editor : Shaheer | By : Web Desk

ആര്‍. അശ്വിന്‍

Advertising

റൂസോ: ആദ്യ ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റ്. രണ്ടാം ഇന്നിങ്‌സിൽ ഏഴു വിക്കറ്റ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ പുറത്തിരുത്തിയതിന് ആർ. അശ്വിൻ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. വെസ്റ്റിൻഡീസിനെ അവരുടെ സ്വന്തം തട്ടകത്തിൽ ചെന്ന് ടീം ഇന്ത്യ ഇന്നിങ്‌സിനും 141 റൺസിനും ചുരുട്ടിക്കെട്ടുമ്പോൾ അതിൽ സെഞ്ച്വറിയുമായി തിളങ്ങിയ അരങ്ങേറ്റ താരം യശസ്വി ജയ്‌സ്വാളിനൊപ്പം രവിചന്ദ്രൻ അശ്വിനും വലിയ പങ്കുണ്ട്.

റെക്കോർഡുകൾ തിരുത്തിയെഴുതി അശ്വിൻ

നിരവധി റെക്കോർഡുകളാണ് അശ്വിൻ ഈ മത്സരത്തിലൂടെ സ്വന്തം പേരിലാക്കിയത്. ആദ്യ ടെസ്റ്റിലെ 12 വിക്കറ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായിരിക്കുകയാണ് അശ്വിൻ. 709 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. 953 വിക്കറ്റുമായി അനിൽ കുംബ്ലെയാണ് മുന്നിലുള്ളത്. ഹർഭജൻ സിങ്ങിനെയാണ് അശ്വിൻ പിന്നിലാക്കിയത്.

അവസാന വിക്കറ്റ് വീഴ്ത്തി അശ്വിൻ ടീമിന് വിജയം സമ്മാനിക്കുന്നത് ഇത് 23-ാം തവണയാണ്. സ്പിൻ ഇതിഹാസം ഷെയിൻ വോണിനൊപ്പം പങ്കിട്ടിരുന്ന ലോക റെക്കോർഡാണ് അശ്വിൻ ഇപ്പോൾ സ്വന്തം പേരിലാക്കിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ തവണ ഒരു ടെസ്റ്റിൽ 12 വിക്കറ്റ് നേടുന്ന റെക്കോർഡിനുമൊപ്പം താരം എത്തി. ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോർഡിനൊപ്പമാണ് അശ്വിൻ എത്തിയിരിക്കുന്നത്. മുത്തയ്യ 133 മത്സരങ്ങളിൽനിന്ന് ആറു തവണ 12 വിക്കറ്റ് നേടിയപ്പോൾ അശ്വിന് ഈ നാഴികക്കല്ലിലെത്താൻ 93 മത്സരങ്ങളാണ് വേണ്ടിവന്നത്.

34-ാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത് അശ്വിന്. ഒരു ടെസ്റ്റിൽ പത്തുവിക്കറ്റ് കൊയ്യുന്നത് എട്ടാം തവണയും. അഞ്ചു വിക്കറ്റ് നേടിയ എതിരാളികളുടെ കണക്കെടുത്താലും ഇതിഹാസസമാനമാണ് താരത്തിന്റെ നേട്ടം. ആസ്‌ട്രേലിയയ്‌ക്കെതിരെ ഏഴു തവണയാണ് അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ആറ്, ന്യൂസിലൻഡിനെതിരെ ആറ്, വെൻസ്റ്റിൻഡീസിനെതിരെ ആറ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച്, ശ്രീലങ്കയ്‌ക്കെതിരെ മൂന്ന്, ബംഗ്ലാദേശിനെതിരെ ഒന്ന് എന്നിങ്ങനെയാണ് അശ്വിന്റെ അഞ്ചുവിക്കറ്റ് വേട്ട.

ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്‍റെ നിരാശ

കഴിഞ്ഞ ജൂൺ ഏഴുമുതൽ 11 വരെ ലണ്ടനിലെ കെന്നിങ്ടൺ ഓവലിലായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ നടന്നത്. ഫൈനലിൽ ഏഴു വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തത്. തുടർച്ചയായി രണ്ടാം ഫൈനലും തോറ്റതോടെ ഇന്ത്യയുടെ ടീം സെലക്ഷനെക്കുറിച്ച് വലിയ തോതിൽ വിമർശനമുയർന്നിരുന്നു.

രവിചന്ദ്രൻ അശ്വിനെ പുറത്തിരുത്തിയതു തന്നെയായിരുന്നു വലിയ വിവാദമായത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്‌കർ ഉൾപ്പെടെ പ്രമുഖർ നടപടിയെ രൂക്ഷമായി വിമർശിക്കുകയും ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്രയും സുപ്രധാനമായൊരു മത്സരത്തിൽ ലോക ഒന്നാം നമ്പർ ബൗളരെ പുറത്തിരുത്തിയത് ടീമിന്റെ മണ്ടത്തരമായെന്നായിരുന്നു വിമർശനം. പിച്ചിന്റെ സ്വഭാവം നോക്കിയല്ല ഇത്തരം ബൗളർമാരെ ടീമിലെടുക്കുന്നതെന്നും ക്രിക്കറ്റ് താരങ്ങൾ ചൂണ്ടിക്കാട്ടി.

ഫൈനൽ കളിക്കാനാകാത്തതിൽ അശ്വിനും നിരാശ പരസ്യമാക്കിയിരുന്നു. നേരത്തെ ട്വിറ്ററിലൂടെയും ഒരു അഭിമുഖത്തിലൂടെയും ഇതേക്കുറിച്ച് താരം പ്രതികരിച്ചു. കഴിഞ്ഞ ദിവസവും അശ്വിൻ നിരാശ ആവർത്തിച്ചുപറഞ്ഞു.

ഒരു ക്രിക്കറ്ററെന്ന നിലയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പുറത്തിരിക്കേണ്ടിവന്നത് ഏറെ പ്രയാസകരമായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. ഫൈനലിനു വേണ്ടി താൻ മാനസികമായി തയാറായിരുന്നു. ശാരീരികമായുമുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ടീമിൽ ഇടംലഭിച്ചില്ലെങ്കിൽ ഞാൻ എങ്ങനെ പ്രതികരിക്കും? ഡ്രെസിങ് റൂമിൽ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരിക്കാൻ നോക്കേണ്ടതുണ്ടെന്നും താരം ചൂണ്ടിക്കാട്ടി.

ലോക ടെസ്റ്റ് കിരീടം നേടുന്നതാണ് ഏറ്റവും പ്രധാനം. അത് എന്റെ കരിയറിൽ വലിയ സംഭവമാകുകയും ചെയ്യുമായിരുന്നു. എനിക്ക് (കിരീടനേട്ടത്തിനായി) വലിയ പങ്കുവഹിക്കാനുമാകും. എന്നാൽ, അതൊന്നും സംഭവിച്ചില്ലെന്നത് നിർഭാഗ്യകരം തന്നെയാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

Summary: Ravichandran Ashwin surpasses Harbhajan to becomes 2nd highest wicket-taker for India in international cricket with double fifer against West Indies

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News