വിന്റേജ് ഫിനിഷർ ഈസ് ബാക്ക്; ധോണി മുന്നിൽനിന്നു നയിച്ചു, ചെന്നൈ ഫൈനലിൽ

ഒരു സിക്‌സിന്റെയും മൂന്നു ബൗണ്ടറിയുടെയും അകമ്പടിയോടെ വെറും ആറു പന്തിൽ 18 റൺസുമായി നായകൻ എംഎസ് ധോണി ചെന്നൈയെ ഫൈനലിലേക്ക് നയിച്ചു

Update: 2021-10-10 18:34 GMT
Editor : Shaheer | By : Web Desk

അതെ, വിമർശകരുടെയെല്ലാം വായടപ്പിച്ചിരിക്കുന്നു അയാൾ... ആരാധകർ അക്ഷമരായി കാത്തിരുന്ന ആ നിമിഷം ദുബൈ രാജ്യാന്തര സ്‌റ്റേഡിയത്തിൽ യാഥാർത്ഥ്യമായിരിക്കുന്നു. മഹേന്ദ്ര സിങ് ധോണിയുടെ വിന്റേജ് ഫിനിഷിങ്ങിന്റെ തോളിലേറി ചെന്നൈ സൂപ്പർ കിങ്‌സ് പതിനാലാമത് ഐപിഎല്ലിന്റെ ഫൈനലിലേക്ക്. അവസാന ഓവറിലേക്കു നീണ്ട ആവേശകരമായ ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈക്ക് നാല് വിക്കറ്റ് ജയം.

ഡൽഹി ഉയർത്തിയ 172 വിജയലക്ഷ്യം രണ്ടു പന്ത് ബാക്കിനിൽക്കെയാണ് നായകൻ മഹേന്ദ്ര സിങ് ധോണിയുടെ വെടിക്കെട്ട് ഫിനിഷിങ്ങിൽ ചെന്നൈ മറികടന്നത്. ഓപണർ ഋതുരാജ് ഗെയ്ക്ക്‌വാദിന്റെയും മൂന്നാമനായി ഇറങ്ങിയ റോബിൻ ഉത്തപ്പയുടെയും അർധസെഞ്ച്വറി പ്രകടനങ്ങളുടെ കരുത്തിലായിരുന്നു ഫൈനലിലേക്ക് ചെന്നൈയുടെ പടയോട്ടം. ഗെയ്ക്ക്‌വാദ് 50 പന്തിൽ അഞ്ചു ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 70 റൺസാണ് സ്വന്തമാക്കിയത്. 511 റൺസോടെ റൺവേട്ടക്കാരുടെ കൂട്ടത്തിൽ കെഎൽ രാഹുലിന് തൊട്ടുപിറകിലുമെത്തിയിരിക്കുന്നു താരം. സീസണിൽ മൂന്നാമത്തെ മത്സരത്തിനിറങ്ങിയ ഉത്തപ്പ 44 പന്തിൽ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 63 റൺസും സ്വന്തമാക്കി. ഗെയ്ക്ക്‍വാദാണ് കളിയിലെ താരം.

Advertising
Advertising

ഡൽഹി ഉയർത്തിയ ഭേദപ്പെട്ട ടോട്ടൽ പിന്തുടർന്ന ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ ഫോമിലുള്ള ഫാഫ് ഡുപ്ലെസിയെ നഷ്ടപ്പെട്ടു. പിന്നീട് ഒന്നിച്ച ഗെയ്ക്ക്‌വാദ്-ഉത്തപ്പ കൂട്ടുകെട്ട് ടീം സ്‌കോർ അതിവേഗത്തിൽ നൂറുകടത്തി. എന്നാൽ, 14-ാം ഓവറിൽ ഉത്തപ്പയെ ശ്രേയസ് അയ്യറിന്റെ കൈകളിലെത്തിച്ച് ഡൽഹിക്ക് ബ്രേക്ക്ത്രൂ നൽകി. പിന്നീട് ചെന്നൈക്ക് തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഷർദുൽ താക്കൂറിനെ നാലാമനായി ഇറക്കിയ ധോണിയുടെ പരീക്ഷണം വിജയിച്ചില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ താക്കൂർ പുറത്തായി. പിന്നാലെ, റായിഡുവും റണ്ണൗട്ടായി. ഇതോടെ കളി ഡൽഹിയുടെ വരുതിയിലായി.


എന്നാൽ, രവീന്ദ്ര ജഡേജയെ ഡഗൗട്ടിലിരുത്തി എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ധോണിയാണ് ക്രീസിലെത്തിയത്. ഇതിനിടെ, വമ്പനടിക്ക് ശ്രമിച്ച് മോയിൻ അലിയും പുറത്തായതോടെ ചെന്നൈ ആരാധകരുടെ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചിരുന്നു. എന്നാൽ, അപ്പോഴാണ് ധോണി പഴയ ഫിനിഷറുടെ മിന്നലാട്ടങ്ങൾ കാണിച്ചത്. ഒരു സിക്‌സിന്റെയും മൂന്നു ബൗണ്ടറിയുടെയും അകമ്പടിയോടെ വെറും ആറു പന്തിൽ 18 റൺസുമായി നായകൻ ചെന്നൈയെ ഫൈനലിലേക്ക് നയിച്ചു. മൂന്നു വിക്കറ്റ് നേടിയ ടോം കറനാണ് ഡൽഹി ബൗളർമാരിൽ തിളങ്ങിയത്. ആൻറിച്ച് നോർക്കിയയും ആവേശ് ഖാനും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ, ടോസ് ലഭിച്ച ചെന്നൈ ഡൽഹിയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. എന്നാൽ, ധോണിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന തരത്തിലായിരുന്നു പവർപ്ലേയിൽ ഡൽഹി ഓപണർ പൃഥ്വി ഷായുടെ അഴിഞ്ഞാട്ടം. ഒരു ഭാഗത്ത് ഫോമിലുള്ള ശിഖർ ധവാനെയും ശ്രേയസ് അയ്യരെയും പുറത്താക്കിയെങ്കിലും പൃഥ്വി ഷാ വെടിക്കെട്ട് തുടർന്നു. 34 പന്തിൽ നിന്ന് ഏഴ് ഫോറും മൂന്ന് സിക്സറുകളും സഹിതം 60 റൺസാണ് താരം അടിച്ചെടുത്തത്.

അർധസെഞ്ച്വറിക്ക് പിന്നാലെ പൃഥ്വി ഷാ മടങ്ങിയതോടെ ഡൽഹി 80ന് നാല് എന്ന നിലയിൽ പരുങ്ങലിലായിരുന്നു. എന്നാൽ, അഞ്ചാം വിക്കറ്റിൽ നായകൻ റിഷബ് പന്തും ഷിംറോൺ ഹെറ്റ്മയറും ചേർന്നാണ് ഡൽഹിയെ കരകയറ്റിയത്. അവസാന ഓവറുകളിൽ ഇരുവരും തകർത്തടിച്ചതോടെ ഡൽഹി സ്‌കോർ 170 കടന്നു. ഹെറ്റ്മയർ 24 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും അടക്കം 37 റൺസ് നേടി പുറത്തായി. പന്ത് 35 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 51 റൺസ് നേടി പുറത്താകാതെ നിന്നു.

ചെന്നൈക്കായി ജോഷ് ഹേസൽവുഡ് നാല് ഓവറിൽ 29 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ജഡേജ, മോയിൻ അലി, ഡൈ്വൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News