'സഞ്ജു അനായാസം ഇന്ത്യൻ ക്യാപ്റ്റനാകും'; പ്രവചിച്ച് എ.ബി ഡിവില്ലിയേഴ്‌സ്

'ക്യാപ്റ്റൻസിയെക്കുറിച്ച് പറയുമ്പോൾ സഞ്ജുവിന്‍റെ ശാന്തഭാവം തന്നെയാണ് ആദ്യം മനസിൽ വരുന്നത്. എന്തു സംഭവിച്ചാലും അദ്ദേഹം ക്ഷോഭിക്കുന്നത് കാണില്ല.'

Update: 2023-04-07 11:13 GMT
Editor : Shaheer | By : Web Desk

ബംഗളൂരു: ഇന്ത്യൻ താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസണിനെ വാനോളം വാഴ്ത്തി ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സ്. ടീമിനു വേണ്ടി മികച്ച പ്രകടനം തുടരുകയാണെങ്കിൽ സഞ്ജു അധികം വൈകാതെ ഇന്ത്യൻ ക്യാപ്റ്റനുമാകുമെന്ന് എ.ബി.ഡി പ്രവചിച്ചു. ഗ്രൗണ്ടിലെ സഞ്ജുവിന്റെ ശാന്തതയും സമചിത്തതയും അദ്ദേഹം മികച്ച ക്യാപ്റ്റനാണെന്നതിന്റെ തെളിവായും മുൻ ബാംഗ്ലൂർ താരം വെളിപ്പെടുത്തി.

സഞ്ജു സാംസൺ കിടിലന്‍ താരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ക്യാപ്റ്റൻസിയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ ശാന്തഭാവം തന്നെയാണ് ആദ്യം മനസിൽ വരുന്നത്. ശാന്തനും പിരിമുറുക്കങ്ങളൊന്നുമില്ലാത്ത വ്യക്തിയുമാണ് അദ്ദേഹം. എന്തു സംഭവിച്ചാലും താരം ക്ഷോഭിക്കുന്നത് കാണില്ല. ക്യാപ്റ്റനെന്ന നിലയ്ക്ക് വളരെ നല്ല അടയാളങ്ങളാണ് അതെല്ലാം-എ.ബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Advertising
Advertising

'ജിയോ സിനിമ'യുടെ പ്രത്യേക പരിപാടിയിൽ മലയാളി താരം സച്ചിൻ ബേബിയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രങ്ങൾകൊണ്ടും സഞ്ജു കരുത്തനാണെന്ന് എ.ബി.ഡി അഭിപ്രായപ്പെട്ടു. 'കൂടുതൽ പരിചയസമ്പത്ത് ലഭിക്കുകയും ജോസ് ബട്‌ലറെപ്പോലുള്ളവർക്കൊപ്പം കൂടുതൽ സമയം ചെലവാക്കുകയും ചെയ്യുന്നതോടെ ഇനിയും ഇക്കാര്യത്തിൽ ഏറെ മെച്ചപ്പെടും. സഞ്ജുവിന് വളരെ മികച്ചൊരു സമ്പാദ്യമാണ് ബട്‌ലർ. അദ്ദേഹത്തിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്.'-മുൻ ദക്ഷിണാഫ്രിക്കൻ താരം ചൂണ്ടിക്കാട്ടി.

Full View

വളരെ മികച്ചൊരു ക്യാപ്റ്റനാകാനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ട്. ഒരുപക്ഷെ, ഒന്നോ രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ ഒരു ദിവസം അദ്ദേഹം അനായാസം ഇന്ത്യൻ ക്യാപ്റ്റനായേക്കാം. ക്യാപ്റ്റനായി കൂടുതൽ കാലം തുടരാനായാൽ അദ്ദേഹത്തിന് വലിയ വിജയങ്ങൾ നേടാനാകുമെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേർത്തു.

Summary: 'Sanju Samson could very easily be the captain of Indian team', Says AB de Villers

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News