'എല്ലാം വേഗത്തില്‍ സുഖമാകും സഹോദരാ'; പന്തിന് ആശംസ നേർന്ന് സഞ്ജു

കാറപകടത്തിൽ പൊള്ളലേറ്റ മുതുകുഭാഗത്ത് ഇന്നലെ പ്ലാസ്റ്റിക് സർജറി നടന്നിരുന്നു

Update: 2022-12-31 07:48 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കാറപകടത്തൽ പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ യുവതാരം ഋഷഭ് പന്തിനു വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ക്രിക്കറ്റ് ലോകം. അതിനിടെ, സഹതാരത്തിനു വേണ്ടി സുഖാശംസകൾ നേർന്നിരിക്കുകയാണ് സഞ്ജു സാംസൺ.

ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലായിരുന്നു സഞ്ജുവിന്റെ ആശംസ. 'എല്ലാം വേഗത്തിൽ സുഖമാകും, സഹോദരാ' എന്ന് സഞ്ജു സ്‌റ്റോറിയിൽ കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇതോടൊപ്പം ചേർക്കുകയും ചെയ്തിട്ടുണ്ട്. ഐ.പി.എല്ലിനിടെ രാജസ്ഥാൻ-ഡെൽഹി ക്യാപിറ്റൽസ് ജഴ്‌സിയിൽ ഇരുവരും സൗഹൃദം പങ്കിടുന്ന ചിത്രമാണ് പങ്കുവച്ചത്.

അതേസമയം, പന്തിന്റെ ആരോഗ്യനിലയിൽ ഏറെ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന വിവരം. ഇന്നലെ, പ്ലാസ്റ്റിക് സർജറി അടക്കമുള്ള ചികിത്സകൾ നടന്നിരുന്നു. മുതുകിൽ പൊള്ളലേറ്റ ഭാഗത്തായിരുന്നു പ്ലാസ്റ്റിക് സർജറി. ഇന്നും എം.ആർ.ഐ സ്‌കാനിങ്ങിനു താരം വിധേയനാകും.

അപകടത്തിൽ കാൽപാദത്തിലും ഉപ്പൂറ്റിയിലും പരിക്കേറ്റിട്ടുണ്ട്. എന്നാൽ, തലയ്ക്കും നട്ടെല്ലിനും മറ്റ് ആന്തരികാവയവങ്ങൾക്കും കാര്യമായ പരിക്കില്ലെന്നാണ് ഇന്നലെ നടത്തിയ എം.ആർ.ഐ സ്‌കാനിങ്ങിൽ വ്യക്തമായത്. നീർക്കെട്ട് ഉണ്ടായതിനാലാണ് കാൽപാദത്തിന്റെ പരിശോധന ഇന്നലെ പൂർത്തിയാക്കാൻ കഴിയാതെപോയത്. അപകടത്തിൽ കണ്ണിനു മുകളിൽ സംഭവിച്ച മുറിവിലും മുതുകിൽ പൊള്ളലേറ്റ മുറിവിലും ഇന്നലെ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.

അപകടത്തിൽ നെറ്റിയിലെ പരിക്കുകൾക്കു പുറമെ വലതു കാൽമുട്ടിന്റെ ലിഗ്മെന്റ് ഇളകിയതായി ഇന്നലെ ബി.സി.സി.ഐ അറിയിച്ചിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലും പരിക്കുമുണ്ട്. നെറ്റിയിൽ രണ്ടിടത്താണ് മുറിവുള്ളത്. വലതു കാൽമുട്ടിലെ ലിഗ്മെന്റ് ഇളകി. വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്‌ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. പുറംഭാഗത്ത് തോലുരിഞ്ഞുള്ള പരിക്കുമുണ്ടെന്നാണ് ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചിരുന്നത്.

നിലവിൽ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് പന്ത് ചികിത്സയിലുള്ളത്. താരം അപകടനില തരണം ചെയ്തിട്ടുണ്ടെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്. കുടുംബവുമായും ഡോക്ടർമാരുമായും സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തിരുന്നു.

Summary: 'Everything will be fine soon, brother', Sanju Samson wishes recovery for Rishabh Pant

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News