ഒരു ക്ഷേത്രം നിര്‍മിച്ചാല്‍, അവിടെ ജയ് ശ്രീറാം വിളിച്ചാൽ എന്താണു പ്രശ്‌നം? ആയിരം തവണ വിളിച്ചോളൂ-മുഹമ്മദ് ഷമി

''അഭിമാനിയായ ഇന്ത്യക്കാരനും മുസ്‌ലിമും ആണ് ഞാൻ. എനിക്ക് സുജൂദ് ചെയ്യണമെന്നുണ്ടെങ്കിൽ ഒരു മതത്തിനും വ്യക്തിക്കും എന്നെ തടയാനാകില്ല.''

Update: 2024-02-09 14:37 GMT
Editor : Shaheer | By : Web Desk

മുഹമ്മദ് ഷമി

Advertising

ന്യൂഡൽഹി: ജയ് ശ്രീറാം, അല്ലാഹു അക്ബർ വിളികളിലൊന്നും ഒരു പ്രശ്‌നവുമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഒരു ക്ഷേത്രം നിർമിച്ചാൽ അവിടെ വേണമെങ്കിൽ ആയിരം തവണയും ജയ് ശ്രീറാം വിളിക്കാം. മുസ്‌ലിംകൾക്ക് ഇന്ത്യയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ താൻ ഇവിടെ ഇരിക്കില്ല. അഭിമാനിയായ ഇന്ത്യക്കാരനും മുസ്‌ലിമും ആണു താനെന്നും എവിടെയെങ്കിലും സുജൂദ് ചെയ്യണമെന്നുണ്ടെങ്കിൽ തന്നെ ആർക്കും തടയാനാകില്ലെന്നും ഷമി വ്യക്തമാക്കി.

'ന്യൂസ് 18'ന്റെ ടോക്ക്‌ഷോയായ 'ചൗപാലി'ൽ സംസാരിക്കുകയായിരുന്നു ഷമി. ഇന്ത്യയിൽ മുസ്‌ലിംകളുടെ ജീവിതം ദുരിതപൂർണമായിട്ടുണ്ടോ എന്നായിരുന്നു ചാനൽ അവതാരക റുബിക ലിയാഖത്തിന്റെ ചോദ്യം. അവരെ നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നതായുള്ള ആശങ്കയും ഭയവും നിലനിൽക്കുന്നുണ്ടെന്നും അവതാരക ചൂണ്ടിക്കാട്ടിയപ്പോൾ ഷമിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:

''ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും കാര്യം പറയുകയാണെങ്കിൽ രണ്ടുകൂട്ടർക്കും തുല്യമായ അവകാശങ്ങളാണുള്ളത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഞാൻ ഇവിടെ ഇരിക്കില്ല. മുസ്‌ലിംകളല്ലാത്തവരുടെ കാര്യവും അങ്ങനെത്തന്നെയാണ്. ജയ് ശ്രീറാം വിളിയെന്നും കലാപമെന്നൊക്കെ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നവർക്കെല്ലാം ജനങ്ങളെ പ്രകോപിപ്പികുക മാത്രമാണു ലക്ഷ്യം. വേറെയൊരു ലക്ഷ്യവും അവർക്കില്ല.''

എന്റെ ഗ്രാമത്തിൽ മുസ്‌ലിംകളും ഹിന്ദുക്കളും പാതിയും പാതിയായി ഒരു റോഡിന്റെ അപ്പുറത്തും ഇപ്പുറത്തുമായാണു കഴിയുന്നതെന്നും താരം ചൂണ്ടിക്കാട്ടി. രണ്ടു വിഭാഗവും മറ്റുള്ളവരുടെ ആഘോഷം സ്വന്തം പോലെയാണ് ആഘോഷിക്കാറുള്ളതെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഹോളി വരുമ്പോൾ അവർ നമ്മളെ ക്ഷണിക്കും. നമ്മൾ അവിടെ പോകുകയും ചെയ്യും. എന്നാൽ, ഞങ്ങളുടെ ദേഹത്ത് ഒരു തുള്ളി കളർ പോലും വീഴില്ല. അവരുടെ വീടുകളിൽ പോകുകയും ഭക്ഷണം കഴിക്കുകയുമെല്ലാം ചെയ്യുമെന്നും ഷമി പറഞ്ഞു.

''ഓരോ വ്യക്തിയുടെയും ചിന്തയും ജീവിതരീതിയും തിരഞ്ഞെടുപ്പുകളുമെല്ലാം വ്യത്യസ്തമാണ്. എല്ലാ മതത്തിലും മറ്റുള്ളവരെ ഇഷ്ടമില്ലാത്ത അഞ്ചുപത്തു പേരുണ്ടാകും. അതു പ്രശ്‌നമല്ല. മുൻപ് സുജൂദ്(സാഷ്ടാംഗപ്രണാമം) വിവാദത്തിൽ സംഭവിച്ചതു പോലെ. ഒരു ക്ഷേത്രം നിർമിച്ചാൽ ജയ് ശ്രീറാം വിളിക്കുന്നതിൽ എന്താണു ബുദ്ധിമുട്ടുള്ളത്? ആയിരം തവണ വിളിച്ചോളൂ.. വേണമെങ്കിൽ ആയിരം തവണ അല്ലാഹു അക്ബർ എന്ന് ഞാനും വിളിക്കും. അതിൽ എന്താണു പ്രശ്‌നം? ഇത് ആരെയും ബാധിക്കില്ല.''

ലോകകപ്പിലെ സുജൂദ് വിവാദത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ: ''ട്രോളുകൾക്കെല്ലാം ഞാൻ മറുപടി നൽകിയതാണ്. എനിക്ക് സുജൂദ് ചെയ്യണമെങ്കിൽ ഒരാൾക്കും എന്നെ തടയാനാകില്ല. ഇഷ്ടമുള്ളയിടത്ത് ഞാൻ സുജൂദ് ചെയ്യും. ഞാനൊരിക്കലും ഗ്രൗണ്ടിൽ സുജൂദ് ചെയ്തിട്ടില്ല. അങ്ങനെ ഒരിക്കലും ആലോചിച്ചിട്ടുമില്ല. അഭിമാനിയായ ഇന്ത്യക്കാരനും മുസ്‌ലിമും ആണ് ഞാൻ. സുജൂദ് ചെയ്യണമെന്നുണ്ടെങ്കിൽ ഒരു മതത്തിനും വ്യക്തിക്കും എന്നെ തടയാനാകില്ല.

ആളുകൾ ഇപ്പോൾ എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുകയാണ്. ഒരു മത്സരം തോറ്റാൽ, എന്തിനാണ് വൈഡ് എറിഞ്ഞത്, നോബൗൾ എറിഞ്ഞതെന്നെല്ലാം അവർ ചോദിക്കും. അതിനെല്ലാം മറുപടി കൊടുക്കാനാകില്ല. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവർക്ക് അത്രയും തരംതാഴാനാകില്ല. അതുകൊണ്ട് അത്തരം കാര്യങ്ങളൊന്നും ഞാൻ കാര്യമാക്കാറില്ല.''

ഇന്ത്യൻ ടീമിൽ പടലപ്പിണക്കങ്ങളുണ്ടെന്ന വാർത്തകളെക്കുറിച്ചുള്ള ചോദ്യത്തോടും ഷമി പ്രതികരിച്ചു. അതെല്ലാം മസാലകളാണെന്നായിരുന്നു താരം പ്രതികരിച്ചത്. സത്യം പറഞ്ഞാൽ, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ എത്രകാലം മറച്ചുവയ്ക്കാനാകും? എന്തെങ്കിലുമുണ്ടെങ്കിൽ അത് ഒരു ദിവസം പുറത്തുവരുമായിരുന്നുവെന്ന് താരം സൂചിപ്പിച്ചു.

മകൾ ഐറയെ ഏറെ മിസ് ചെയ്യുന്നുവെന്നും ഷമി വെളിപ്പെടുത്തി. വലിയ പ്രയാസം തന്നെയാണ്. അവൾ(അകന്നുകഴിയുന്ന ഭാര്യ ഹസീൻ ജഹാൻ) സമ്മതിക്കുമ്പോഴെല്ലാം ഞാൻ മകളോട് സംസാരിക്കും. അവളെ കാണാൻ എന്നെ സമ്മതിക്കാറില്ല. അവൾ നന്നായി ജീവിക്കണമെന്നു മാത്രമാണ് ആഗ്രഹം. എപ്പോഴും ആരോഗ്യത്തോടെ കഴിയട്ടെ. നന്നായി പഠിക്കട്ടെ. തനിക്കും അവളുടെ അമ്മയ്ക്കും ഇടയിൽ നടക്കുന്നതൊന്നും മകളെ ബാധിക്കരുതെന്നും മുഹമ്മദ് ഷമി കൂട്ടിച്ചേർത്തു.

Summary: 'Say Jai Shri Ram 1,000 times. I will say Allahu Akbar 1,000 times': Says Indian cricketer Mohammed Shami

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News