സഞ്ജു പൂജ്യത്തിന് പുറത്ത്; തമിഴ്‌നാടിന് ജയിക്കാൻ 182 റൺസ്

26 പന്തിൽ നിന്ന് 65 റൺസ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍

Update: 2021-11-18 05:11 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്വാർട്ടറിൽ രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും നേടിയ അർധ സെഞ്ച്വറിയുടെ ബലത്തിൽ തമിഴ്‌നാടിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണെടുത്തത്. കഴിഞ്ഞ മത്സരങ്ങളിൽ തുടർച്ചയായ രണ്ട് അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായി. 

26 പന്തിൽ നിന്ന് 65 റൺസ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. രണ്ട് ഫോറും ഏഴു സിക്‌സും ഉൾപ്പെടുന്നതാണ് വിഷ്ണുവിന്റെ തട്ടുതകർപ്പൻ ഇന്നിങ്‌സ്. 22 പന്തിൽ നിന്നാണ് താരം അർധസെഞ്ച്വറി നേടിയത്. ഓപണർ രോഹൻ കുന്നുമ്മൽ 43 പന്തിൽനിന്ന് അഞ്ചു ഫോറുകൾ സഹിതം 51 റൺസെടുത്ത് പുറത്തായി. 32 പന്തിൽ നിന്ന് 33 റൺസെടുത്ത സച്ചിൻ ബേബിയുടെ ഇന്നിങ്‌സും കേരളത്തിന് കരുത്തായി.

Advertising
Advertising

രണ്ടു പന്തുകൾ മാത്രം നേരിട്ട സഞ്ജുവിനെ സഞ്ജയ് യാദവാണ് മടക്കിയയച്ചത്. ഓപണര്‍ മുഹമ്മദ് അസ്ഹറുദ്ദീൻ 15 റൺസെടുത്തു. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന വിഷ്ണു വിനോദ്-സച്ചിൻ ബേബി കൂട്ടുകെട്ടാണ് കളിയിൽ വഴിത്തിരിവായത്. 34 പന്തുകളിൽനിന്ന് 58 റൺസാണ് ഇവർ അടിച്ചെടുത്തത്. അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന വിഷണുവും എസ് അഖിലും എട്ടു പന്തിൽ നിന്ന് 32 റൺസ് നേടി. നാലു പന്തിൽ നിന്ന് ഒമ്പതു റൺസുമായി അഖിൽ പുറത്താകാതെ നിന്നു.

തമിഴ്‌നാടിനായി നാല് ഓവറിൽ 23 റൺസ് വഴങ്ങി സഞ്ജയ് യാദവ് രണ്ടു വിക്കറ്റ് നേടി. നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങിയ മുരുകൻ അശ്വിൻ ഒരു വിക്കറ്റും സ്വന്തമാക്കി.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News