ഇനി ടാറ്റ ഐപിഎൽ; വിവോക്ക് പകരം പുതിയ ടൈറ്റില്‍ സ്‌പോൺസർ

ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേല്‍ സ്പോണ്‍സര്‍ മാറ്റം സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2022-01-11 11:01 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യൻ പ്രീമിയർ ലീഗ്(ഐപിഎൽ) ടൈറ്റിൽ സ്‌പോൺസറാകാൻ ടാറ്റ ഗ്രൂപ്പ്. ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയ്ക്കു പകരക്കാരായാണ് ടാറ്റ എത്തുന്നത്. ഇന്ന് നടന്ന ഐപിഎൽ ഭരണസമിതി യോഗത്തിലാണ് പുതിയ സ്‌പോൺസറെ തിരഞ്ഞെടുത്തത്. ഈ വർഷത്തേക്ക് മാത്രമാണ് കരാറെന്നാണ് വിവരം.

ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചത്. ഐപിഎൽ ടൈറ്റിൽ സ്‌പോൺസറായി ടാറ്റ എത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റ വക്താവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, സ്‌പോൺസർഷിപ്പ് തുകയെക്കുറിച്ച് ആരും വെളിപ്പെടുത്തിയിട്ടില്ല.

2018ൽ 2022 വരെയുള്ള ഐപിഎൽ ടൈറ്റിൽ അവകാശമാണ് വിവോ സ്വന്തമാക്കിയിരുന്നത്. 2,200 കോടി രൂപയായിരുന്നു സ്‌പോൺസർഷിപ്പ് തുക. എന്നാൽ, 2020ലെ ഗാൽവാനിലെ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ തുടർന്ന് ഒരു വർഷത്തേക്ക് ഇടവേളയെടുത്തിരുന്നു. തുടർന്ന് ഡ്രീം11 ആയിരുന്നു കഴിഞ്ഞ സീസണിലെ ടൈറ്റിൽ സ്‌പോൺസർ.

ഇത് ഉടൻ തന്നെ സംഭവിക്കാനിരുന്നതാണെന്ന് ഒരു ബിസിസിഐ വൃത്തം പ്രതികരിച്ചു. വിവോയുടെ സാന്നിധ്യം ഐപിഎല്ലിനും കമ്പനിക്കും ഒരുപോലെ മോശം പബ്ലിസിറ്റിയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ചൈനീസ് ഉൽപന്നങ്ങളെക്കുറിച്ച് രാജ്യത്ത് മോശം അഭിപ്രായം നിലനിൽക്കുന്നതിനാൽ കരാർ കാലാവധി തീരുംമുൻപ് തന്നെ സ്‌പോൺസർഷിപ്പിൽനിന്ന് പിന്മാറുകയായിരുന്നു വിവോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവോ പിന്മാറിയെങ്കിലും ബിസിസിഐക്ക് സാമ്പത്തിക നഷ്ടമൊന്നുമുണ്ടാകില്ല. 440 കോടിയുടെ വാർഷിക സ്‌പോൺസർഷിപ്പ് തുക ടാറ്റ നൽകുമെന്നാണ് അറിയുന്നത്. സ്‌പോൺസർഷിപ്പ് തുകയുടെ 50 ശതമാനം ബിസിസിഐ സ്വന്തമായെടുത്ത് ബാക്കിതുക ഐപിഎൽ ഫ്രാഞ്ചൈസികൾക്കിടയിൽ വിതരണം ചെയ്യുകയാണ് ചെയ്യുക.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News