സഞ്ജുവിനുമുന്നിൽ വാതിൽ അടഞ്ഞുതന്നെ; ഓസീസ് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

പ്രമുഖ താരങ്ങൾക്കു വിശ്രമം നൽകിയപ്പോൾ ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ആർ. അശ്വിൻ ടീമിൽ തിരിച്ചെത്തി

Update: 2023-09-18 16:48 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ആസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നായകൻ രോഹിത് ശർമ, സൂപ്പർ താരം വിരാട് കോഹ്ലി, ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ, സ്പിന്നർ കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഏറെനാളത്തെ ഇടവേളയ്ക്കുശേഷം രവിചന്ദ്രൻ അശ്വിന് ടീമിലേക്കു വിളിയെത്തിയപ്പോൾ സഞ്ജു സാംസണിനു വീണ്ടും പുറത്തുതന്നെയാണു സ്ഥാനം.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ട് വ്യത്യസ്ത ടീമുകളെയാണ് ബി.സി.സി.ഐയുടെ ചീഫ് സെലക്ടർ അജിത് അഗർക്കർ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലാണു സൂപ്പർതാരങ്ങൾക്കു വിശ്രമം അനുവദിച്ചത്. മൂന്നാം മത്സരത്തിൽ എല്ലാവരും തിരിച്ചെത്തും. ആദ്യ രണ്ട് മത്സരങ്ങളിൽ കെ.എൽ രാഹുൽ ആണ് ടീമിനെ നയിക്കുക.

അവസാനമായി 18 മാസംമുൻപാണ് അശ്വിൻ ഒരു അന്താരാഷ്ട്ര ഏകദിന മത്സരം കളിക്കുന്നത്. ഇതോടൊപ്പം പരിക്കേറ്റ അക്‌സർ പട്ടേലിനു പകരം വാഷിങ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂര്യകുമാർ യാദവും തിലക് വർമയും സ്‌ക്വാഡിൽ ഉൾപ്പെട്ടപ്പോൾ സഞ്ജുവിനു പുറമെ യുസ്‌വേന്ദ്ര ചഹലിനും ഇടം കണ്ടെത്താനായിട്ടില്ല.

ഏകദിന ലോകകപ്പിനുമുൻപുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. ഇന്ത്യയാണ് ആതിഥേയർ. സെപ്റ്റംബർ 22ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം. 24ന് ഇൻഡോറിലെ ഹോൽകാർ സ്‌റ്റേഡിയത്തിൽ രണ്ടാം മത്സരവും 27ന് ഗുജറാത്തിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ മൂന്നാം മത്സരവും നടക്കും.

ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള സ്‌ക്വാഡ്: കെ.എൽ രാഹുൽ(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്ക്‌വാദ്, ശ്രേയസ് അയ്യർ, ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, തിലക് വർമ, രവീന്ദ്ര ജഡേജ(വൈസ് ക്യാപ്റ്റൻ), ഷർദുൽ താക്കൂർ, ആർ. അശ്വിൻ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ് കൃഷ്ണ.

മൂന്നാം ഏകദിനത്തിനുള്ള സ്‌ക്വാഡ്: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഷർദുൽ താക്കൂർ, അക്‌സർ പട്ടേൽ, ആർ. അശ്വിൻ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

Summary: Ravichandran Ashwin makes a return and KL Rahul to lead as the Team India Squad for the ODI series against Australia 2023 announced

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News