അഹമ്മദാബാദ്: കടയില്‍ നിന്ന് വാങ്ങിയ മാവ് കൊണ്ട് വീട്ടിലുണ്ടാക്കിയ ദോശ കഴിച്ചതിനെത്തുടർന്ന് രണ്ട് പെൺകുട്ടികൾ മരിക്കുകയും ദമ്പതികൾ അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. അഹമ്മദാബാദ് ചന്ദ്ഖേഡയിലാണ് മൂന്ന് മാസം പ്രായമുള്ള റാഹ , നാല് വയസ്സുള്ള മിശ്രി എന്നീ കുട്ടികള്‍ മകിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മരണത്തിന് പിന്നിലെ ഉത്തരങ്ങൾ കണ്ടെത്താൻ നുണപരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. പെൺകുട്ടികളുടെ മാതാപിതാക്കളും മുത്തശ്ശിമാരും നൽകുന്ന ഉത്തരങ്ങൾ സംശയം ജനിപ്പിക്കുന്നതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞദിവസം പെൺകുട്ടികളുടെ പിതാവിനെ പൊലീസ് ഒന്‍പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനിടെ, ദോശമാവ് കേടായതാണെന്ന വാദമാണ് പിതാവ് ആവർത്തിക്കുന്നത്. അതേസമയം, ഫോറന്‍സിക് റിപ്പോർട്ട് കിട്ടിയ ശേഷം കോടതിയുടെ അനുമതിയോടെ നുണപരിശോധന നടത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
മാതാപിതാക്കളുടെ രക്തസാമ്പിളുകളില്‍ കണ്ടത്...
മാതാപിതാക്കളുടെ രക്തസാമ്പിളുകളിൽ അലുമിനിയം ഫോസ്ഫേറ്റിന്റെയും സിങ്കിന്റെയും അളവ് അമിതമായി കണ്ടെത്തിയിരുന്നതായും പൊലീസ് പറഞ്ഞു ഈ പദാർത്ഥങ്ങൾ എങ്ങനെയാണ് അവരുടെ ശരീരത്തിൽ പ്രവേശിച്ചതെന്നും പെൺമക്കളുടെ മരണത്തിന് ഇവ കാരണമായിട്ടുണ്ടോ പൊലീസ് പരിശോധിച്ചുവരികയാണ്. വീട്ടിൽ നിന്ന് അലുമിനിയം ഫോസ്ഫൈഡ് അടങ്ങിയ സെൽഫോസ് എന്ന കീടനാശിനിയുടെ പാക്കറ്റുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.ഇതും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കുട്ടികളുടെ അമ്മ ഭാവനയെയും പൊലീസ് ചോദ്യം ചെയ്യും. നിലവില്‍ സംഭവം അപകടമാണോ കൊലപാതകമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ പെൺകുട്ടിയുടെ അമ്മ ഭാവന ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം മാത്രമേ ഈ മുഴുവൻ കാര്യത്തെയും കുറിച്ചുള്ള സത്യം പുറത്തുവരൂ, തുടർന്ന് അവരുടെ ചോദ്യം ചെയ്യലിന്റെയും എഫ്എസ്എൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ മരണത്തില്‍ വ്യക്തത വരുത്താനാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
കുട്ടികളുടെ പിതാവായ വിമൽ പ്രജാപതി തൊട്ടടുത്ത കടയില്‍ നിന്നാണ് നിന്നാണ് ദോശമാവ് കൊണ്ടുവന്നത്. അതിൽ നിന്ന് ദോശ ഉണ്ടാക്കി കഴിച്ചതോടെ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഛര്‍ദിയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് കുട്ടികള്‍ മരിക്കുന്നത്. ഗുരുതരാവസ്ഥയിലായ മാതാപിതാക്കള്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
അമ്മയുടെ ഡയറിയും നിര്‍ണായകം...
മരിച്ച കുട്ടികളുടെ അമ്മ ഭാവനയുടെ വീട് പരിശോധിച്ചപ്പോൾ ഡയറി കണ്ടെത്തിയിട്ടുണ്ട്, അതിൽ ഒരു ആൺകുട്ടി ജനിക്കാനുള്ള പ്രാർത്ഥനകളെക്കുറിച്ച് പരാമർശിച്ചിരുന്നു. അവർ ശിവക്ഷേത്രത്തിൽ ഒരു നേർച്ചയും നടത്തിയിരുന്നു. എന്നാല്‍ രണ്ടാമത്തെ മകളുടെ ജനനത്തിന് മുന്‍പുള്ളതാണ് ഈ ഡയറിയെന്നാണ് കരുതുന്നത്. കൂടാതെ കുടുംബ തർക്കങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.