മീഡിയവണിനും മാനേജിങ് എഡിറ്റർക്കുമെതിരെ വ്യാജപ്രചരണം; ഡി.ജി.പിക്ക് പരാതി നൽകി

വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാനും കലാപം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ള വ്യാജപ്രചരണമാണ് പി.ഒ.വി മലയാളം പേജ് നടത്തിയിരിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി

Update: 2025-05-03 12:22 GMT
Editor : André | By : Web Desk

കോഴിക്കോട്: മീഡിയവൺ ചാനലിനും മാനേജിങ് എഡിറ്റർ സി. ദാവൂദിനുമെതിരെ വിദ്വേഷകരമായ വ്യാജപ്രചരണം നടത്തിയ 'പിഒവി മലയാളം' ഫേസ്ബുക്ക് പേജിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ചാനലിന്റെ സൽപ്പേര് കളങ്കപ്പെടുത്തുന്ന വിധത്തിൽ വർഗീയ പരാമർശങ്ങളടങ്ങിയ പോസ്റ്റർ ഫേസ്ബുക്ക് പേജ് വഴി പ്രചരിപ്പിച്ച പേജിനെതിരെ നടപടിയെടുക്കണമെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ അഭ്യർത്ഥിച്ചു.

മീഡിയവൺ ലോഗോയ്ക്കും മാനേജിങ് എഡിറ്ററുടെ ഫോട്ടോയ്ക്കുമൊപ്പം 'ജാതിമതഭേദം നോക്കാതെ നമ്മുടെ കുട്ടികളെ കൽമ ചൊല്ലാൻ പഠിപ്പിക്കണം. അത് നമ്മളെ രക്ഷിക്കുമെങ്കിൽ അത് ചൊല്ലുന്നതിൽ എന്താണ് തെറ്റ്. തീർത്തും സെക്കുലർ ആയ വാക്യങ്ങളാണ് കൽമയിൽ ഉള്ളത്. നന്മയുള്ള ലോകം നന്മമലയാളി' എന്ന വാചകങ്ങളാണ് പിഒവി മലയാളം പേജ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Advertising
Advertising

വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാനും കലാപം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ള വ്യാജപ്രചരണമാണ് പി.ഒ.വി മലയാളം പേജ് നടത്തിയിരിക്കുന്നതെന്നും മീഡിയവൺ ചാനലിനും മാനേജിങ് എഡിറ്റർക്കും എതിരായ ഈ വ്യാജപ്രചരണം ക്രിമിനൽ കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടിയ പരാതിയിൽ, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

എ19 എന്റർടെയ്ൻമെന്റ് വെഞ്ചേഴ്‌സ്, ഇൻഫോപാർക്ക് റോഡ്, കാക്കനാട്, എറണാകുളം എന്ന വിലാസത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് പി.ഒ.വി മലയാള ഫേസ്ബുക്ക് പേജിൽ പറയുന്നത്. 99475 14888 എന്ന മൊബൈൽ / വാട്ട്‌സാപ്പ് നമ്പറും നൽകിയിട്ടുണ്ട്. വർഗീയ വിദ്വേഷം സൃഷ്ടിക്കാനും വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താനും ഉദ്ദേശിച്ചുള്ള ഉള്ളടക്കങ്ങളാണ് നിരന്തരം ഈ പേജിൽ പ്രത്യക്ഷപ്പെടുന്നത്.

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News