ചെന്നൈ: മധുരയിലെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫീസിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ വനിതാ മാനേജര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഒരുമാസത്തിന് ശേഷം കേസില്‍ സഹപ്രവര്‍ത്തകന്‍ പിടിയിലായി. ഡിസംബർ 17 ന് രാത്രി നഗരത്തിലെ തിരക്കേറിയ വാണിജ്യ മേഖലയായ വെസ്റ്റ് വേലി സ്ട്രീറ്റിലെ എൽഐസി കെട്ടിടത്തിലാണ് സീനിയർ ബ്രാഞ്ച് മാനേജർ എ കല്യാണി നമ്പി (54) ഓഫീസ് ക്യാബിനിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.സഹപ്രവർത്തകനായ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡി റാമിനെ (46) അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. തീപിടിത്തത്തില്‍ റാമിനും പൊള്ളലേറ്റിരുന്നു.
മുഖംമൂടി ധരിച്ച അജ്ഞാതൻ കല്യാണിയുടെ ആഭരണങ്ങൾ കവർന്നെടുക്കാൻ ഓഫീസിൽ കയറി പിന്നീട് തീയിട്ടു എന്നാണ് റാം ആദ്യം പൊലീസിനോട് പറഞ്ഞത്. ചോദ്യം ചെയ്യലിൽ റാമിന്റെ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അദ്ദേഹത്തിന്റെ ക്യാബിനിൽ നിന്ന് പെട്രോൾ നിറച്ച പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളും ബൈക്കില്‍ നിന്ന് പെട്രോള്‍ വലിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന ട്യൂബും ഉദ്യോഗസ്ഥർ കണ്ടെടുത്തതാണ് വഴിത്തിരിവായത്. മരണത്തിന് മുന്‍പ് അമ്മ വിളിച്ചിരുന്നുവെന്നും താന്‍ അപകടത്തിലാണെന്നും പൊലീസിനെ അറിയിക്കാന്‍ പറഞ്ഞെന്നുമുള്ള മകന്‍റെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായി.
കൊലപാതകത്തിന് കാരണം പക
40-ലധികം മരണ ക്ലെയിം ഫയലുകള്‍ റാം തീര്‍പ്പാക്കിയില്ലെന്ന് നിരവധി ഇൻഷുറൻസ് ഏജന്റുമാർ കല്യാണിയോട് പരാതിപ്പെട്ടിരുന്നു. ഇതില്‍ റാമിനെ കല്യാണി ശാസിക്കുകയും മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റാം കല്യാണിയെ കൊല്ലാനും രേഖകൾ നശിപ്പിക്കാനും തീരുമാനിച്ചത്.
കൊലപാതകം വളരെ ആസൂത്രിതമായാണ് ചെയ്തത്. രാത്രി 8.30 ഓടെ, കെട്ടിടത്തിലേക്കുള്ള പ്രധാന വൈദ്യുതി വിതരണം വിച്ഛേദിച്ച റാം, തകരാർ റിപ്പോർട്ട് ചെയ്തുകൊണ്ട് തമിഴ്‌നാട് വൈദ്യുതി ബോർഡിന് ഇമെയിൽ അയച്ചു. തുടർന്ന് പ്രധാന ഗ്ലാസ് പ്രവേശന കവാടം ചങ്ങലയിട്ട് ലോബിയിലേക്കുള്ള പ്രവേശനം തടഞ്ഞു. ലൈറ്റ് അണഞ്ഞപ്പോൾ, ആരോ വാതിൽ പൂട്ടാൻ ശ്രമിക്കുന്നത് കല്യാണി ശ്രദ്ധിച്ചു.സഹായത്തിനായി അവര്‍ നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല.
നിമിഷങ്ങൾക്കുള്ളിൽ, റാം ക്യാബിനിൽ കയറി മാനേജരുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. തീ മുറിയാകെ ആളിക്കത്തി. തുടർന്ന് സംഭവം യാദൃശ്ചികമാണെന്ന് വരുത്തിത്തീർക്കാൻ റാം സ്വന്തം ക്യാബിന് തീയിടുകയായിരുന്നുവെന്നും അതിനിടയിൽ അദ്ദേഹത്തിന് പൊള്ളലേറ്റുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
തുടർച്ചയായ ചോദ്യം ചെയ്യലിനുശേഷം, കൊലപാതകം താൻ ചെയ്തതായി റാം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി വൈകിയാണ് അദ്ദേഹത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.